അനര്‍ട്ട് ഡയറക്ടര്‍ നിയമന കേസില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് ക്ലീന്‍ ചീറ്റ്

0
64

തിരുവനന്തപുരം: അനര്‍ട്ട് ഡയറക്ടര്‍ നിയമനക്കേസില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരായ അന്വേഷണം അവസാനിപ്പിച്ച് വിജിലന്‍സ്. കേസില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. അനര്‍ട്ടിലെ നിയമനങ്ങള്‍ക്കു മാനദദണ്ഡം കൊണ്ടുവരണമെന്നും വിജിലന്‍സ് ശുപാര്‍ശ. ചട്ടങ്ങള്‍ മറികടന്ന് അനര്‍ട്ട് ഡയറക്ടറായി ആര്‍. ഹരികുമാറിനെ നിയമിച്ചുവെന്നായിരുന്നു കേസ്.

ചീഫ് സെക്രട്ടറി, ഊര്‍ജ സെക്രട്ടറി, കെഎസ്ഇബി ചെയര്‍മാന്‍ എന്നിവര്‍ നടത്തേണ്ട അനര്‍ട്ട് ഡയറക്ടര്‍ നിയമനം മന്ത്രി നേരിട്ട് നടത്തിയെന്നായിരുന്നു പരാതി. നിയമനത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ക്രമക്കേട് നടത്തിയതിന് തെളിവില്ലെന്നു കണ്ടെത്തിയ വിജിലന്‍സ്, അനര്‍ട്ടിലെ നിയമനങ്ങള്‍ക്ക് കൃത്യമായ മാനദണ്ഡം നിശ്ചയിക്കണമെന്നും നിര്‍ദേശിച്ചു. അല്ലെങ്കില്‍, നിയമനം പൂര്‍ണമായും പിഎസ്സിക്കു വിടണമെന്നും കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

2007ലെ ടെസം പ്രോജക്ടില്‍ അംഗമായിരുന്ന ഹരികുമാര്‍ കോടികളുടെ തിരിമറി നടത്തിയെന്ന ആരോപണം വിജിലന്‍സ് അന്വേഷിക്കുന്നതിനിടെയാണ് അനര്‍ട്ട് ഡയറക്ടറായി നിയമനം നല്‍കിയതെന്നാണു പരാതി. കൂടാതെ ഹരികുമാറിന് അനധികൃത നിയമനം നല്‍കി നാലു ദിവസം കഴിഞ്ഞാണ് അപേക്ഷ ക്ഷണിച്ചതെന്നും ഡയറക്ടര്‍ക്കു വേണ്ട നിശ്ചിത പ്രായപരിധി പോലും പാലിച്ചില്ലെന്നും പരാതിയില്‍ ചൂണ്ടികാട്ടിയിരുന്നു. ഇതുസംബന്ധിച്ച് ആദ്യം വിജിലന്‍സില്‍ പരാതി നല്‍കിയിരുന്നെങ്കിലും അന്വേഷിക്കാന്‍ കൂട്ടാക്കിയില്ലെന്നു ചൂണ്ടികാണിച്ചു പരാതിക്കാരന്‍ കോടതിയെ സമീപിക്കുകയായിരുന്നു.

45 ദിവസം കൊണ്ട് പൂര്‍ത്തിയാക്കേണ്ട അന്വേഷണം ഒന്‍പതുമാസം കൊണ്ടാണു വിജിലന്‍സ് പൂര്‍ത്തിയാക്കിയത്. വിജിലന്‍സ പ്രത്യക യൂണിറ്റ് എസ്പി കെ. ജയകുമാറിന്റെ മേല്‍നോട്ടത്തിലുള്ള അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ പിന്നീടു സ്ഥലംമാറ്റി. ഏറ്റവുമൊടുവില്‍ സിഐ അരുണാണ് കേസ് അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കിയത്.