കേന്ദ്രം ഇടപെട്ടു: അറ്റ്‌ലസ് രാമചന്ദ്രനെ ഉടന്‍ മോചിപ്പിക്കും

0
92

കോഴിക്കോട്: ബിസിനസ് ഇടപാടുകളുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രമുഖ ബിസിനസുകാരനും ജ്വല്ലറി ഉടമയുമായ അറ്റ്‌ലസ്‌ രാമചന്ദ്രന്റെ മോചനത്തിന് വഴിതെളിയുന്നു. യുഎഇയിലെ 22 ബാങ്കുകള്‍ നല്‍കിയ കേസുകള്‍ പിന്‍വലിക്കാന്‍ തീരുമാനമായി. ബാക്കിയുള്ള ഒരു കേസ് കൂടി ഉടന്‍ പരിഹരിക്കും. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വിഷയത്തില്‍ നേരിട്ട് ഇടപെട്ടതാണ് അദ്ദേഹത്തിന്റെ മോചനത്തിന് വഴിതെളിച്ചത്. യുഎഇ വിട്ടുപോകാന്‍ രാമചന്ദ്രന് അനുമതിയില്ല. അവിടെത്തന്നെ താമസിച്ച് കടംവീട്ടാമെന്നാണ് ഉറപ്പ്.

രാമചന്ദ്രന്റെ ഭാര്യ ഇന്ദിര ബിജെപി സംസ്ഥാന നേതൃത്വത്തിന് നേരിട്ട് പരാതി നല്‍കിയിരുന്നു. രാമചന്ദ്രന്റെ പ്രായവും മറ്റ് കേസുകളില്‍ പ്രതിയാകാത്തതും മോചനത്തിന് അനുകൂലമായി. ഒരു ബാങ്ക് കൂടി പരാതി പിന്‍വലിച്ചാല്‍ രണ്ട് ദിവസത്തിനകം ജയില്‍ മോചിതനാകുമെന്നാണ് റിപ്പോര്‍ട്ട്. ബാധ്യത തീര്‍ക്കാനുള്ള സ്വത്തുക്കള്‍ രാമചന്ദ്രനുണ്ടെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. പ്രശ്‌നപരിഹാരത്തിനായി യുഎഇയിലെ ബാങ്ക് അധികൃതര്‍ ഇന്ത്യയിലെത്തും. മൂന്നുവര്‍ഷത്തേക്കാണ് ദുബായ് കോടതി അദ്ദേഹത്തെ ശിക്ഷിച്ചത്. 2015 ഓഗസ്റ്റ് മുതല്‍ അദ്ദേഹം തടവിലാണ്. 3.40 കോടി ദിര്‍ഹത്തിന്റെ രണ്ടു ചെക്കുകള്‍ മടങ്ങിയതാണ് ശിക്ഷയ്ക്കു കാരണമായത്. ആയിരം കോടി രൂപയുടെ വായ്പാ തിരിച്ചടവും മുടങ്ങിയിരുന്നു.

രാമചന്ദ്രന്റെ കുടുംബാംഗങ്ങള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനുമായി ചര്‍ച്ച നടത്തി. ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാംമാധവിനും അദ്ദേഹം വിവരങ്ങള്‍ കൈമാറി. തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടു. സ്വത്തുവിവരം അറിഞ്ഞതോടെ, രാമചന്ദ്രന്‍ സത്യവാങ്മൂലം സമര്‍പ്പിച്ചാല്‍ കേസില്‍നിന്നു പിന്മാറും എന്നാണു ബാങ്കുകള്‍ അറിയിച്ചത്. പിന്നാലെ എംബസിവഴി ഇതിനുള്ള രേഖകള്‍ കൈമാറുകയായിരുന്നു.