കോണ്‍ഗ്രസിന് കര്‍ഷക വിരുദ്ധ നിലപാടില്ലെന്ന് പി.ജെ.ജോസഫ്

0
48

തിരുവനന്തപുരം: കോണ്‍ഗ്രസിന് കര്‍ഷക വിരുദ്ധ നിലപാടില്ലെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ.ജോസഫ്. കഴിഞ്ഞ ദിവസം കേരള കോണ്‍ഗ്രസ് മുഖപത്രമായ പ്രതിച്ഛായയില്‍ എഴുതിയ ലേഖനത്തില്‍ കോണ്‍ഗ്രസ് കര്‍ഷക വിരുദ്ധരാണെന്ന് കെ.എം.മാണി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് കോണ്‍ഗ്രസ് കര്‍ഷക വിരുദ്ധരല്ലെന്ന് ജോസഫ് പറഞ്ഞത്.

കോണ്‍ഗ്രസ് ഇപ്പോള്‍ കര്‍ഷകവിരുദ്ധ നിലപാടെടുക്കുന്ന ഒരു പാര്‍ട്ടിയല്ല. മുന്‍പ് അങ്ങനെയുണ്ടായിരുന്നു. അത് പറഞ്ഞു തിരുത്തിയിട്ടുമുണ്ട്. പട്ടയ പ്രശ്നവുമായി ബന്ധപ്പെട്ടും കോണ്‍ഗ്രസ് ഇപ്പോള്‍ കര്‍ഷവിരുദ്ധ നിലപാട് സ്വീകരിക്കുന്നില്ലെന്നാണ് പി.ജെ.ജോസഫ് വ്യക്തമാക്കിയത്.

കഴിഞ്ഞദിവസം കേരള കോണ്‍ഗ്രസിന്റെ മുഖപത്രമായ പ്രതിച്ഛായയില്‍ കെ.എം.മാണി എഴുതിയ ലേഖനത്തില്‍ കേരളത്തിലും കേന്ദ്രത്തിലും കോണ്‍ഗ്രസ് കര്‍ഷകവിരുദ്ധ നിലപാടുകളാണ് എടുത്തിട്ടുള്ളതെന്ന് പറഞ്ഞിരുന്നു. ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍, പട്ടയം തുടങ്ങിയ കാര്യങ്ങളിലെല്ലാം കര്‍ഷകര്‍ക്കെതിരായ നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. കര്‍ഷകര്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യ ചെയ്തത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേന്ദ്രം ഭരിച്ചപ്പോഴാണെന്നും ലേഖനത്തില്‍ ആരോപിച്ചിരുന്നു.