തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ അഹിന്ദുക്കളായ ജീവനക്കാരെ പിരിച്ചുവിടുന്നു

0
112

ഹൈദരാബാദ്: തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തിലെ അഹിന്ദുക്കളായ ജീവനക്കാരെ പിരിച്ചുവിടുന്നു. 44 ജീവനക്കാരെയാണ് പിരിച്ചുവിടാനൊരുങ്ങുന്നത്. ഇതേത്തുടര്‍ന്ന് ഇവര്‍ക്ക് തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. അഹിന്ദുക്കളായ ജീവനക്കാര്‍ ക്ഷേത്രത്തില്‍ ജോലി ചെയ്യുന്നതിനെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി.

നിയമപ്രകാരം ക്ഷേത്ര ജീവനക്കാരാകാന്‍ ഹിന്ദുക്കള്‍ക്ക് മാത്രമാണ് കഴിയുക. നിയമം ഇതായിരിക്കെ തങ്ങളെ എന്തുകൊണ്ട് ജോലിയില്‍നിന്ന് പിരിച്ചുവിടാതിരിക്കണം എന്ന് മൂന്നാഴ്ചയ്ക്കുള്ളില്‍ വ്യക്തമാക്കണമെന്നാണ് കാരണം കാണിക്കല്‍ നോട്ടീസിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചത് ജീവനക്കാരില്‍ ഞെട്ടലുണ്ടാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. പിരിച്ചുവിടുന്ന തൊഴിലാളികള്‍ക്ക് സര്‍ക്കാരിന്റെ മറ്റ് വകുപ്പുകളില്‍ നിയമനം നല്‍കാമെന്നും വാഗ്ദാനമുണ്ട്.

ടിടിഡി (തിരുമല തിരുപ്പതി ദേവസ്ഥാനം) യിലെ ഒരു ജീവനക്കാരി ഔദ്യോഗിക വാഹനത്തില്‍ പള്ളിയില്‍ പോകുന്നതിന്റെയും പ്രാര്‍ഥിക്കുന്നതിന്റെയും വീഡിയോ കഴിഞ്ഞ ദിവസം പുറത്താവുകയും വൈറലാവുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ടിടിഡിയില്‍ അഹിന്ദുക്കള്‍ ജോലി ചെയ്യുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നത്.