ദേശീയ എക്സിക്യുട്ടീവില്‍ പോലും ഇടമില്ല; ചെങ്ങന്നൂരിന്നോടുള്ള ശ്രീധരന്‍ പിള്ളയുടെ ഗുഡ് ബൈ പറയലിന് പിന്നില്‍ നിരന്തര അവഗണനകള്‍

0
285

എം.മനോജ്‌ കുമാര്‍ 

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലായെന്ന പി.എസ്.ശ്രീധരന്‍ പിള്ളയുടെ തീരുമാനം ബിജെപിക്ക് ഓര്‍ക്കാപ്പുറത്തുള്ള തിരിച്ചടിയായി മാറുന്നു. ബിജെപിയില്‍ നിന്ന് നേരിടുന്ന കടുത്ത അവഗണനയാണ് ചെങ്ങന്നൂരില്‍ നിന്നുമുള്ള പി.എസ്.ശ്രീധരന്‍ പിള്ളയുടെ പിന്‍വലിയലിനു പിന്നില്‍ എന്നാണ് സൂചനകള്‍.

ചെങ്ങന്നൂരില്‍ സ്ഥാനാര്‍ഥിയാകില്ലാ എന്ന കാര്യം പിള്ള വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.  കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരില്‍ ശ്രദ്ധേയമായ മത്സരം കാഴ്ചവെച്ചത് ശ്രീധരന്‍പിള്ളയായിരുന്നു. പരാജയമടഞ്ഞ യുഡിഎഫ് സ്ഥാനാര്‍ഥി പി.സി.വിഷ്ണുനാഥ് 44897 വോട്ടുകള്‍ ചെങ്ങന്നൂരില്‍ നേടിയപ്പോള്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ശ്രീധരന്‍പിള്ള നേടിയത് 42682 വോട്ടുകളാണ്.

വന്‍ മുന്നേറ്റമാണ് ശ്രീധരന്‍ പിള്ള ചെങ്ങന്നൂരില്‍ ബിജെപിക്ക് വേണ്ടി കാഴ്ചവെച്ചത് . മുന്‍ സംസ്ഥാന പ്രസിഡന്റ് ആണെങ്കിലും ബിജെപിയില്‍ നിന്ന് കടുത്ത അവഗണനയാണ് ശ്രീധരന്‍ പിള്ള നേരിടുന്നത്. ഇതില്‍ പിള്ളയ്ക്ക് കടുത്ത നീരസവുമുണ്ട്. പ്രതികരിച്ചാല്‍ അച്ചടക്കലംഘനമാകുമെന്നതിനാലാണ് നിശബ്ദത പാലിക്കുന്നത്.

ബിജെപിയുടെ അഭിമാനം നിലനിര്‍ത്താനുള്ള പോരാട്ടം വരുമ്പോള്‍ ബിജെപി നേതൃത്വം ശ്രീധരന്‍ പിള്ളയെ സ്ഥാനാര്‍ഥിയാക്കും. അത് കഴിഞ്ഞാല്‍ അവഗണിക്കുകയും ചെയ്യും. പാര്‍ട്ടിയുടെ നയപരമായ കാര്യങ്ങളിലും കോര്‍ കമ്മിറ്റിയില്‍ ഒന്നും ശ്രീധരന്‍ പിള്ളയ്ക്ക് സ്ഥാനമില്ല. ദേശീയ എക്സിക്യൂട്ടീവില്‍ പോലും പിള്ളയെ പരിഗണിച്ചില്ല.

കേരളത്തിലെ മറ്റുള്ള നേതാക്കളെ പോലെ പിള്ളയ്ക്കും ബിജെപി ദേശീയ സമിതി അംഗത്വം മാത്രമേ ബിജെപി നല്‍കിയിട്ടുള്ളൂ. സി.കെ.പത്മനാഭന്‍, കെ.ആര്‍.ഉമാകാന്തന്‍, പി.കെ.കൃഷ്ണദാസ്, വി.മുരളിധരന്‍ തുടങ്ങിയ നേതാക്കള്‍ മാത്രമാണ് ദേശീയ എക്സിക്യൂട്ടീവില്‍ ഇടംപിടിച്ചത്. മുന്‍ സംസ്ഥാന പ്രസിഡന്റ് ആയിട്ടുപോലും ദേശീയ എക്സിക്യൂട്ടിവില്‍ ഇടംപിടിക്കാത്തതിലും പിള്ളയ്ക്ക് അതൃപ്തിയുണ്ട്.

ആവശ്യം വേണ്ട ഘട്ടത്തില്‍ പിള്ളയെ പാര്‍ട്ടി ഉപയോഗിക്കുകയും ചെയ്യും. അത് കഴിഞ്ഞാല്‍ അവഗണിക്കുകയും ചെയ്യും. ചെങ്ങന്നൂര്‍ നിയമസഭാ തിരഞ്ഞെടുപ്പ് അഭിമാനപോരാട്ടമായി ബിജെപി കരുതിയതിനാല്‍ കഴിഞ്ഞ തവണ ശ്രീധരന്‍പിള്ളയെ നിയോഗിക്കുകയായിരുന്നു.

വ്യക്തിപരമായ വോട്ടുകള്‍ പിള്ള സമാഹരിച്ചതിനാലാണ് കടുത്ത മത്സരം ചെങ്ങന്നൂരില്‍ ബിജെപിയ്ക്ക് കാഴ്ച വെയ്ക്കാന്‍ സാധിച്ചത്. എന്‍എസ്എസ്-എസ്എന്‍ഡിപി വോട്ടുകള്‍ ചെങ്ങന്നൂരില്‍ ബിജെപി സമാഹരിച്ചിരുന്നു. അതില്‍ പിള്ളയുടെ വ്യക്തിപരമായ ഇടപെടല്‍ പ്രധാനമായിരുന്നു.

എന്നാല്‍ ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ്  കഴിഞ്ഞും പിള്ളയ്ക്ക് നേരെയുള്ള അവഗണന തുടരുകയായിരുന്നു. ഇത് തിരിച്ചറിഞ്ഞാണ് ചെങ്ങന്നൂരില്‍ നിന്നുള്ള പിന്‍വലിയല്‍. പാര്‍ട്ടിയില്‍ കഴിവുള്ള നേതാക്കള്‍ ഉണ്ട്. താന്‍ തന്നെ സ്ഥാനാര്‍ഥിയാകണം എന്നൊന്നുമില്ല. അവര്‍ക്കും ബിജെപി നേടിയ വോട്ടുകള്‍ നേടാന്‍ കഴിയും. എന്നാല്‍ ഇത്തവണ ചെങ്ങന്നൂരിലേയ്ക്കില്ല. പിള്ള പ്രതികരിച്ചിരുന്നു. ശ്രീധരന്‍പിള്ളയില്ലെങ്കില്‍ കടുത്ത തിരിച്ചടി തന്നെ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേരിട്ടേക്കും.

ശ്രീധരന്‍പിള്ളയില്ലെങ്കില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ സ്ഥാനാര്‍ഥിയാക്കാനാണ് ബിജെപിയില്‍ നീക്കം നടക്കുന്നത്. പിള്ളയെപോലെ വോട്ടു സമാഹരണം നടത്താന്‍ കുമ്മനത്തിനുമുള്ള കഴിവ് ചെങ്ങന്നൂരില്‍ ഉപയോഗപ്പെടുത്താനാണ് തീരുമാനം. അതോടൊപ്പം കേന്ദ്ര നേതൃത്വത്തെ ഇടപെടുവിച്ച് പിള്ളയെ തന്നെ സ്ഥാനാര്‍ഥിയാക്കാനും ബദല്‍ നീക്കങ്ങള്‍ ബിജെപി ആരംഭിച്ചിട്ടുമുണ്ട്.