ബിനോയ് കേസ്: ഒത്തുതീര്‍പ്പിന് നീക്കം, പരാതിക്കാരന്‍ മുഖ്യമന്ത്രിയെ കാണും

0
45

തിരുവനന്തപുരം: ബിനോയ് കോടിയേരിക്കെതിരായ സാമ്പത്തിക ഇടപാട് പ്രശ്‌നത്തിന് പരിഹാരം തേടി മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ പരാതിക്കാരനായ ദുബായ് ജാസ് ടൂറിസം മാനേജിങ് ഡയറക്ടര്‍ ഹസന്‍ ഇസ്മാഈല്‍ അബ്ദുല്ല അല്‍ മര്‍സൂഖി. പ്രശ്‌നം രമ്യമായി ഒത്തുതീര്‍ക്കാനുള്ള ശ്രമങ്ങള്‍ സജീവമാണ്. ഒത്തുതീരുമെന്നു പ്രതീക്ഷിക്കുന്നതായും മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി മര്‍സൂഖി കഴിഞ്ഞ ബുധനാഴ്ച കേരളത്തിലെത്തിയിരുന്നതായും അദ്ദേഹത്തിന്റെ ഇന്ത്യയിലെ അഭിഭാഷകന്‍ റാം കിഷോര്‍സിങ് യാദവ് പറഞ്ഞു.

മുഖ്യമന്ത്രിയെ കാണാന്‍ സമയം ആവശ്യപ്പെട്ട് നല്‍കിയ കത്തിനു മറുപടി ലഭിച്ചിട്ടില്ലെന്നും രാഷ്ട്രീയ വിവാദങ്ങള്‍ക്കോ നിയമപോരാട്ടങ്ങള്‍ക്കോ മര്‍സൂഖിക്കു താല്‍പര്യമില്ലെന്നും യാദവ് പറഞ്ഞു. മധ്യസ്ഥ ചര്‍ച്ചകളിലൂടെ പണം തിരികെ ലഭിക്കുമെന്നാണ് പ്രതീക്ഷ. അടുത്ത തിങ്കളാഴ്ച തിരുവനന്തപുരത്ത് പത്രസമ്മേളനം വിളിച്ചിട്ടുണ്ടെന്നും അതിനു മുന്‍പ് പ്രശ്‌നം പരിഹരിക്കുമെന്നാണ് കരുതുന്നതെന്നും യാദവ് പറഞ്ഞു.

നിയമ വഴിയിലൂടെ മുന്നോട്ട് പോകാതെ പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ രാഹുല്‍കൃഷ്ണ നിര്‍ബന്ധിക്കുന്നുവെന്നാണു വിദേശ വ്യവസായിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. വ്യവസായ, രാഷ്ട്രീയ രംഗത്തെ ചില പ്രമുഖര്‍ മധ്യസ്ഥ ചര്‍ച്ചയ്ക്കു രംഗത്തു വന്നിരുന്നു. എന്നാല്‍ പണം തിരികെ നല്‍കുന്നതു സംബന്ധിച്ച് ധാരണയിലെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.