ഭൗമകാന്തിക മണ്ഡലവും വാന്‍ അല്ലന്‍ ബെല്‍റ്റുകളും

0
94

ഋഷിദാസ്

സ്ഥിരമായ ഒരു കാന്തിക മണ്ഡലം നിലനില്‍ക്കുന്ന ഗോളമാണ് ഭൂമി. ഭൂമിയുടെ ആദ്യ കാലത്ത് സാന്ദ്രത ഏറിയ ഇരുമ്പും നിക്കലും ഭൗമാന്തര്‍ ഭാഗത്തേക്ക് അടിയുകയും അവിടെത്തന്നെ ദ്രവരൂപത്തില്‍ നിലനില്‍ക്കാനും തുടങ്ങിയതോടെയാണ് ഭൂമിക്ക് ഒരു കാന്തിക മണ്ഡലം രൂപപ്പെടാന്‍ തുടങ്ങിയത്. ദ്രവരൂപത്തിലുള്ള അകക്കാമ്പ് ഭൂമിയുടെ ഭ്രമണത്തിനനുരൂപമായി ചലിക്കാന്‍ തുടങ്ങിയപ്പോഴാണ് ഒരു ഭൗമ ഡൈനാമോ രൂപപ്പെടുകയും കാന്തിക വലയങ്ങള്‍ ഭൂമിയെ ആവരണം ചെയ്യാന്‍ തുടങ്ങുകയും ചെയ്തത്. ഇത്തരത്തില്‍ ദ്രവരൂപത്തിലുള്ള ദ്രവ ലോഹകാമ്പ് ഉള്ള ഗ്രഹങ്ങള്‍ക്കോ ഉപഗ്രഹങ്ങള്‍ക്കോ മാത്രമേ ശക്തമായ കാന്തിക വലയം നിലനിര്‍ത്താനാകൂ.

ഭൂമിയുടെ ”ബുള്ളറ്റ് പ്രൂഫ് ” രക്ഷാകവചമാണ് ഈ കാന്തിക മണ്ഡലം. അതിവേഗതയാര്‍ന്ന പ്രോട്ടോണുകളെയും ,മറ്റു കണങ്ങ ളെയും എല്ലാ ദിശയിലും പുറന്തള്ളുന്ന ഒരു നക്ഷത്രമാണ് സൂര്യന്‍. കാന്തിക വലയം ഭൂമിക്കുചുറ്റും ഇല്ലായിരുന്നുവെങ്കില്‍ ഈ കണങ്ങള്‍ നിര്‍ബാധം ഭൗമോപരിതലത്തില്‍ എത്തുമായിരുന്നു. അങ്ങിനെ എത്തിയിരുന്നെങ്കില്‍ ജീവന് ജന്മം നല്‍കിയ സങ്കീര്‍ണമായ തന്മാത്രകള്‍ ആദ്യ ദശകളില്‍ തന്നെ നശിപ്പിക്കപ്പെട്ടിരിക്കാനാണ് സാധ്യത. ചുരുക്കത്തില്‍ ഭൂമിയെ ചുറ്റുന്ന കാന്തികമണ്ഡലം ഭൂമിയില്‍ ജീവന്‍ ഉരുത്തിരിയുന്നതിന് സുപ്രധാനമായ പങ്കു വഹിച്ച ഒന്നാണ്. ഒരു പക്ഷെ ജലത്തിന്റെ സാന്നിധ്യത്തിന് തുല്യമായ പ്രാധാന്യം ജീവന്റെ ഉരുത്തിരിയലില്‍ ഭൗമകാന്തിക മണ്ഡലത്തിനുണ്ട്.

വര്‍ത്തുള ആകാരമാണ് ഭൗമ കാന്തിക മണ്ഡലത്തിനുള്ളത്. സൗരവാതവുമായുള്ള പ്രതിപ്രവര്‍ത്തനത്തിലൂടെ ഒരു വാല്‍നക്ഷത്രത്തിന്റെ ബാഹ്യരൂപം ഭൗമ കാന്തിക വലയം നേടിയിട്ടുണ്ട്. ഭൗമകാന്തിക വലയത്തിന്റെ പ്രവര്‍ത്തന ഫലമായാണ് ഭൂമിക്കുചുറ്റും ഒരു കാന്തിക മേഖല രൂപപ്പെടുന്നത്. സൂര്യനില്‍ നിന്നും മറ്റു പ്രപഞ്ചവസ്തുക്കളില്‍ നിന്നും വരുന്നതുമായ ഊര്‍ജം വഹിക്കുന്ന കണങ്ങള്‍ കാന്തിക മണ്ഡലത്തില്‍ കുടുങ്ങി രൂപപ്പെടുന്നതാണ് ഭൗമ കാന്തിക മണ്ഡലം. ഈ കണങ്ങള്‍ കാന്തികമണ്ഡലത്തില്‍ സാധാരണയായി രണ്ടു വ്യത്യസ്ത മേഖലകളായി കേന്ദ്രീകരിച്ചിരിക്കുന്നു. ഇവയാണ് വാന്‍ അല്ലന്‍ റേഡിയേഷന്‍ മേഖലകള്‍. യുഎസ് ശാസ്ത്രജ്ഞനായ ജെയിംസ് വാന്‍ അല്ലെന്റെ ബഹുമാനാര്‍ത്ഥമാണ് ഈ പേര് നല്‍കപ്പെട്ടിരിക്കുന്നത്. അദ്ദേഹമാണ് അമ്പതുകളുടെ അവസാനം ഈ മേഖലകളെ കണ്ടെത്തിയത്.

ഭൗമകാന്തിക മണ്ഡലത്തിന്റെ അകത്തെ മേഖലകളിലാണ് വാന്‍ അല്ലന്‍ ബെല്‍റ്റുകള്‍ നിലനില്‍ക്കുന്നത്. രണ്ടു മേഖലകളാണ് സാധാരണ കാണപ്പെടുന്നതെങ്കിലും സൗര വാതങ്ങളുടെ തീഷ്ണതക്കനുസരിച്ച് കൂടുതല്‍ മേഖലകള്‍ രൂപപ്പെടാറുണ്ട്. സാധാരണയായി പ്രോട്ടോണുകള്‍, ഇലക്ട്രോണുകള്‍, ഹീലിയം ന്യൂക്ലിയസുകള്‍ (ആല്‍ഫാ കണങ്ങള്‍) എന്നിവയാണ് വാന്‍ അല്ലെന്‍ ബെല്‍റ്റുകളില്‍ കുടുങ്ങുന്ന കണങ്ങള്‍. ഭൗമോപരിതലത്തില്‍ നിന്നും 1000 കിലോമീറ്റര്‍ മുതല്‍ 50000 കിലോമീറ്റര്‍ ഉയരത്തില്‍ വരെയാണ് സാധാരണ ഇവ നിലനില്‍ക്കുന്നത്. അകം വാന്‍ അല്ലന്‍ മേഖല(Inner Belt ) 1000 മുതല്‍ 6000 കിലോമീറ്റര്‍ മുകളിലാണ് വ്യാപിച്ചിരിക്കുന്നത്. പുറം വാന്‍ അല്ലന്‍ മേഖല(Outer belt ) 15000 മുതല്‍ 50000 കിലോമീറ്റര്‍ ഉയരത്തിലാണ് വ്യാപിച്ചിരിക്കുന്നത്. കടുത്ത റേഡിയേഷന്‍ നിലനില്‍ക്കുന്നതിനാല്‍ ഈ മേഖലകളില്‍ മനുഷ്യനെ വഹിക്കുന്ന ബഹിരാകാശനിലയങ്ങള്‍ക്ക് നിലനില്‍ക്കാനാവില്ല. മറ്റുപഗ്രഹങ്ങളുടെ തന്നെ ഇക്ട്രോണിക് ഉപകരണങ്ങള്‍ വാന്‍ അല്ലെന്‍ ബെല്‍റ്റിലെ റേഡിയേഷന്‍ മൂലം തകരാറിലാവാറുണ്ട്. കൃത്രിമ ഉപഗ്രഹങ്ങളുടെ ഭ്രമണപഥങ്ങള്‍ കടുത്ത റേഡിയേഷന്‍ മേഖലകളെ ഒഴിവാക്കിയാണ് സാധാരണ സജ്ജീകരിക്കുന്നത്. അകം വാന്‍ അല്ലന്‍ മേഖലയില്‍ കൂടുതലും പ്രോട്ടോണുകളും പുറം വാന്‍ അല്ലന്‍ മേഖലയില്‍ കൂടുതലും ഇലക്ട്രോണുകളുമാണ് കാണപ്പെടുന്നത്.