മനോദൗര്‍ബല്യമുള്ള വീട്ടമ്മയ്ക്ക് മര്‍ദ്ദനം; മനുഷ്യാവകാശ കമ്മിഷനും വനിതാ കമ്മിഷനും സ്വമേധയാ കേസെടുത്തു

0
42

കൊച്ചി: വൈപ്പിനില്‍ മനോദൗര്‍ബല്യമുള്ള വീട്ടമ്മയെ അയല്‍വാസികള്‍ ചേര്‍ന്നു തല്ലിച്ചതച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷനും വനിതാ കമ്മിഷനും സ്വമേധയാ കേസെടുത്തു. വീട്ടമ്മയുടെ പരാതിയില്‍ മുനമ്പം പൊലീസും കെസെടുത്തിട്ടുണ്ട്. വീട്ടമ്മ ഇപ്പോള്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. സിടി സ്‌കാന്‍ ഉള്‍പ്പടെയുള്ള പരിശോധനകള്‍ക്കുശേഷം വീട്ടമ്മയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ജനറല്‍ ആശുപത്രിയില്‍നിന്നു വൈകിട്ടോടെ വീട്ടമ്മയെ തൃശൂരിലെ മാനസികാരോഗ്യകേന്ദ്രത്തിലേക്കു മാറ്റിയേക്കും.

വീട്ടമ്മയ്‌ക്കെതിരെ ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച രാവിലെയുമായി നടന്ന ആക്രമണവുമായി ബന്ധപ്പെട്ടു പള്ളിപ്പുറം കൈപ്പാശേരി ലിജി അഗസ്റ്റിന്‍ (47), അച്ചാരുപറമ്പില്‍ മോളി സെബാസ്റ്റ്യന്‍ (44), പാറേക്കാട്ടില്‍ ഡീന ബിജു (37) എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. പള്ളിപ്പുറം കോണ്‍വെന്റിനു കിഴക്കുള്ള കോളനിയില്‍ താമസിക്കുന്ന നാല്‍പത്തിയെട്ടുകാരിക്കാണ് അയല്‍വാസികളുടെ ക്രൂരമായ ആക്രമണം നേരിടേണ്ടി വന്നത്. മര്‍ദനത്തെ തുടര്‍ന്നു ബോധരഹിതയായി വീണ വീട്ടമ്മയുടെ കാല്‍വെള്ളയില്‍ ചൂടാക്കിയ ചട്ടുകം വച്ചു പൊള്ളിക്കുന്നത് അടക്കമുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.