റണ്‍വേയില്‍ നിന്നും തെന്നിമാറിയ വിമാനം ഇനി പുസ്തകശാല

0
49

ലോകത്തിന് മുന്നില്‍ വ്യത്യസ്തമായ വായനശാലയൊരുക്കാന്‍ തുര്‍ക്കി തയാറാകുന്നു. തുര്‍ക്കിയിലെ ത്രാബ്സണ്‍ വിമാനത്താവളത്തിലെ റണ്‍വേയില്‍ നിന്നും തെന്നിമാറി വന്‍ അപകടത്തില്‍പ്പെട്ട വിമാനമാണ് പുസ്തകശാലയാകാന്‍ ഒരുങ്ങുന്നത്. ഈ മാസം 13നാണ് പെഗാസസ് എയര്‍വേസിന്റെ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി ബ്ലാക് സീയില്‍ മുങ്ങുന്നതിന് സമീപമെത്തിയത്. വിമാനത്തിലുണ്ടായിരുന്ന 162 യാത്രക്കാരും ആറ് ജീവനക്കാരും പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടു. വിമാനം തെന്നിമാറിയത് സംബന്ധിച്ച് പ്രാദേശിക തലത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വിമാനത്തിന്റെ വലത്തെ എഞ്ചിന് പെട്ടെന്ന് വേഗത വര്‍ധിച്ചതിനാല്‍ വിമാനം കടലിന് അഭിമുഖമായി ഇടത്തോട്ട് ചെരിയുകയായിരുന്നുവെന്നാണ് പൈലറ്റുമാര്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്. സമുദ്രത്തില്‍ നിന്നും വീണ്ടെടുത്ത ഭാഗത്താണ് വിമാനത്താവളം പടുത്തുയര്‍ത്തിയിട്ടുള്ളത്. പതിനെട്ടാം തീയതിയാണ് കടലിന് അഭിമുഖമായി നിന്ന വിമാനം ഉയര്‍ത്തി മറ്റൊരു സ്ഥാനത്തേക്ക് മാറ്റിയത്.

വിമാനം ഒരു പുസ്തകശാലയാക്കി മാറ്റാന്‍ നഗരസഭക്ക് കൈമാറണമെന്ന് മേയര്‍ പെഗാസസ് കമ്പനിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. പ്രതികരണം അനുകൂലമാണെന്നും വിമാനം വാടകയ്ക്ക് എടുത്തതായതിനാലും ഇന്‍ഷുറന്‍സ് കമ്പനിയുമായി കൂടിയാലോചിച്ച ശേഷം അന്തിമ തീരുമാനം അറിയിക്കാമെന്നാണ് അറിയിച്ചിട്ടുള്ളതെന്നും മേയര്‍ പറഞ്ഞു.