വീടുകളിലെ കറുത്ത സ്റ്റിക്കര്‍: ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി

0
66

തിരുവനന്തപുരം: വീടുകളില്‍ മോഷ്ടാക്കള്‍ കറുത്ത സ്റ്റിക്കര്‍ പതിച്ച് അടയാളമിടുന്നതായുള്ള പ്രചാരണങ്ങളില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലാ പൊലീസ് മേധാവികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും റേഞ്ച് ഐ.ജിമാരെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണു വിഷയം ഉന്നയിച്ചത്.

ഭീതിയുളവാക്കുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രത്യേക തരത്തിലുള്ള ചില സ്റ്റിക്കറുകള്‍ വീടുകളില്‍ പതിക്കുന്നതായും കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘത്തില്‍പ്പെട്ടവരാണ് ഇതിന് പിന്നിലെന്നും തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ നിരവധി പ്രചാരണങ്ങള്‍ വരുന്നുണ്ട്. ഇത്തരമൊരു സാഹചര്യം കഴിഞ്ഞ വര്‍ഷം വടക്കന്‍ കേരളത്തില്‍, വിശേഷിച്ചും മലപ്പുറത്ത് ഒരു വര്‍ഷം മുമ്പ് ഉണ്ടായിരുന്നു. അതേത്തുടര്‍ന്ന് ജില്ലകളിലെ എല്ലാ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിരുന്നു. പ്രാഥമികാന്വേഷണത്തില്‍ അത്തരമൊരു സംഭവം നടന്നിട്ടില്ലായെന്നും അതുസംബന്ധിച്ച് ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും വ്യക്തമായിരുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമീപ ദിവസങ്ങളിലായി ചില വീടുകളില്‍ കറുത്ത സ്റ്റിക്കറുകള്‍ പതിച്ചതായി ശ്രദ്ധയില്‍പ്പെട്ട ഉടന്‍ സംസ്ഥാന പൊലീസ് മേധാവി സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകള്‍ക്കും കണ്‍ട്രോള്‍ റൂമുകള്‍ക്കും സൈബര്‍ സെല്ലുകള്‍ക്കും ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതോടൊപ്പം ഭീതിയുളവാക്കുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാനാവശ്യമായ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഇത്തരം ആശങ്കകള്‍ ഏതെങ്കിലും വ്യക്തികള്‍ അറിയിച്ചാല്‍ എത്രയുംവേഗം അതു സംബന്ധിച്ച അന്വേഷണവും തുടര്‍നടപടികളുമുണ്ടാകണമെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. പ്രധാനമായും തിരുവനന്തപുരം, എറണാകുളം, ഇടുക്കി, ആലപ്പുഴ എന്നീ ജില്ലകളിലെ ഏതാനും ചില വീടുകളിലാണ് ഇത്തരം കറുത്ത സ്റ്റിക്കറുകള്‍ പതിച്ചിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടത്. ഇത് സംബന്ധിച്ച് അന്വേഷിക്കാന്‍ അതാത് റെയ്ഞ്ച് ഐ.ജിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് പല പ്രദേശങ്ങളിലും വീടുകളില്‍ കറുത്ത സ്റ്റിക്കര്‍ പതിക്കുന്നതായുള്ള പ്രചാരണം സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. കേരള പൊലീസിന്റെ പേരിലാണ് ഇത്തരം സന്ദേശങ്ങള്‍ പ്രചരിക്കുന്നത്. എന്നാല്‍ ഈ സന്ദേശവുമായി ബന്ധമില്ലെന്ന് പൊലീസ് അറിയിച്ചു. സമൂഹ മാധ്യമങ്ങളില്‍ വരുന്ന പ്രചാരണങ്ങളില്‍ ഭീതിയിലാകേണ്ടതില്ലെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ആലുവ റൂറല്‍ എസ്.പി. എ.വി.ജോര്‍ജ് വ്യക്തമാക്കിയിരുന്നു. ഇതില്‍ എന്തെങ്കിലും ഗൗരവമുള്ളതായി തോന്നുന്നില്ലെന്നും സംഭവത്തെക്കുറിച്ച് പൊലീസ് പരിശോധിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രദേശങ്ങളില്‍ പൊലീസ് പെട്രോളിങ് ശക്തിപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.