‘വീണ്ടും കാണുക എന്നൊന്നുണ്ടാകില്ല… നീ മരിച്ചതായി ഞാനും ഞാന്‍ മരിച്ചതായി നീയും കണക്കാക്കുക… ചുംബിച്ച ചുണ്ടുകള്‍ക്ക് വിട തരിക…’

0
318

മനു വര്‍ഗീസ്

പറയാതെ പറയുന്ന, അറിയാതെ അറിയുന്ന പ്രണയമെന്ന വികാരത്തെ മനോഹരമായി അഭ്രപാളികളില്‍ പടര്‍ത്തിയ പത്മരാജന്‍ എന്ന ഗന്ധര്‍വന്‍ ഓര്‍മയായിട്ട് 27വര്‍ഷങ്ങള്‍. കാമ്പുളള കഥകള്‍ കൊണ്ട് അഭ്രപാളിയില്‍ കാവ്യം തീര്‍ത്ത കലാകാരന്‍. കഥയിലെ കയ്യൊതുക്കവും, കഥാപാത്രങ്ങളുടെ സൂക്ഷ്മഭാവങ്ങളിലെ പ്രായോഗികതയും, ആവിഷ്‌ക്കാരത്തിന്റെ നാനാതലത്തിലൂടെയുള്ള സഞ്ചാരവും ചേര്‍ന്നതാണ് പത്മരാജന്‍ ചിത്രങ്ങള്‍.

ഐന്ദ്രജാലികത വശമുളള സംവിധായക പ്രതിഭ. പ്രണയവും വിരഹവും രതിയും ഇത്രമാത്രം തീവ്രതയോടെ സിനിമയില്‍ അവതരിപ്പിക്കാന്‍ പത്മരാജനോളം കൈയ്യടക്കമുണ്ടായിരുന്ന മറ്റ് സംവിധായകരില്ല. ഒരു പക്ഷേ സന്തത സഹചാരിയായിരുന്ന ഭരതനുപോലും പത്മരാജനോളം പ്രണയ, രതി ത്രീവ്രതതയുടെ മാനുഷികനിലങ്ങളെ അഭ്രപാളിയില്‍ എത്തിക്കാനായിട്ടുണ്ടാവില്ല.

പ്രയാണം എന്ന ചിത്രത്തിലൂടെ ഇവര്‍ തുടങ്ങിയ മധ്യവര്‍ത്തി സിനിമകള്‍ മലയാള സിനിമാ ശ്രേണിയ്ക്ക് തീര്‍ത്തത് കാലത്തിന് മായ്ച്ചുകളയാന്‍ കഴിയാത്ത ക്ലാസിക്കുകളായിരുന്നു. കലാമൂല്യ, വാണിജ്യ സിനിമകള്‍ എന്ന അതിര്‍വരമ്പുകള്‍ ഒരിക്കല്‍ പോലും പത്മരാജന്‍ സിനിമകളെ സ്വാധീനിച്ചില്ല. അഭിനയത്തിന്റെ പൂര്‍ണതയ്ക്ക് എന്നും മുന്‍തൂക്കം നല്‍കിയ പത്മരാജന്‍, കഥാപാത്രങ്ങളായി ജീവിക്കാന്‍ താരങ്ങളെ പഠിപ്പിച്ചു അതിനാല്‍ തന്നെയാണ് സിനിമക്കാരുടെ പ്രിയപ്പെട്ട പപ്പേട്ടനാകാനും അദ്ദേഹത്തിനായത്.

36 ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയും 18 ചിത്രങ്ങള്‍ സംവിധാനം ചെയ്തും സിനിമാസ്വാദകരില്‍ ആസ്വാദനത്തിന്റെ പത്മരാജന്‍ ക്രാഫ്റ്റ് തീര്‍ക്കാന്‍ അദ്ദേഹത്തിനായി. അതുകൊണ്ടതന്നെയാവണം പ്രണയവും മഴയും ഇഴ പിരിയാതെ ദൃശ്യവല്‍ക്കരിച്ച തൂവാനത്തുമ്പികള്‍ മലയാളിയുടെ മനസ്സില്‍ നിന്ന് മായാതെ നില്‍ക്കുന്നതും മുന്തിരി തോട്ടങ്ങളിലെ ശൈത്യവും ഹരിതാഭയും പശ്ചാത്തലമാക്കി രചിച്ച നമ്മുക്കുപാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളിലെ ക്ലാരയും സോളമന്റെയും പ്രണയഗീതങ്ങള്‍ നമ്മള്‍ ഇപ്പോഴും പാടുന്നതും. എഴുതിയതിനും ഇനി എഴുതാനിരിക്കുന്നതുമായ എല്ലാ നിര്‍വചനങ്ങള്‍ക്കും അപ്പുറമായിരുന്നു പത്മരാജന്‍ വരച്ചുതീര്‍ത്ത ക്ലാര-ജയക്യഷ്ണന്‍ പ്രണയം.

ഞാന്‍ എപ്പോളും ഓര്‍ക്കും.. ഓരോ മുഖം കാണുമ്പോളും ഓര്‍ക്കും …മുഖങ്ങളുടെയെണ്ണം അങ്ങനെ കൂടിക്കോണ്ടിരിക്കുകയല്ലേ… അങ്ങനെ കൂടിക്കുടി ഒരു ദിവസം ഇതങ്ങുമറക്കും…. മറക്കുമായിരിക്കും അല്ലെ….പിന്നെ മറക്കാതെ… പക്ഷേ എനിക്കുമറക്കണ്ടാ…… കാലം എത്ര കടന്നാലും മായാതെ കിടക്കുന്ന പ്രണയരംഗം ഒരു ബന്ധത്തിന്റെയും ചട്ടക്കൂടുകള്‍ ഇല്ലാതെ തികച്ചും പരസ്പരം ഭൗതികമായി ഉപാധികളില്ലാതെ പ്രണയിക്കപെടുക എന്നത് എത്രമാത്രം പ്രണയത്തിന്റെ സ്വതന്ത്രമായ ഭംഗിയിലേയ്ക്ക് എത്തിക്കും എന്നത് പത്മരാജന്‍ കാണിച്ചുതന്നു.

അത്രമേല്‍ ആഴമുണ്ടായിരുന്നു ഓരോ ചിത്രങ്ങള്‍ക്കും… ജയപരാജയങ്ങള്‍ക്കുമപ്പുറം കലാസ്യഷ്ടിയുടെ അനന്തതലങ്ങളിലൂടെ സദാചാരത്തിന്റെ കപടതയെ തുറന്നുകാട്ടിയും കാഴ്ച്ചയില്‍ മായാത്ത ഫ്രെയിമുകളെ വരച്ചുകാട്ടിയും പ്രേക്ഷകരുടെ പ്രിയ സംവിധായകനാവാനും അദ്ദേഹത്തിനായി. ഒടുവില്‍ 1991 ജനുവരി 24ന് ഞാന്‍ ഗന്ധര്‍വന്റെ പ്രിവ്യൂ കാണാനായി കോഴിക്കോട്ടെത്തിയ അദ്ദേഹം തന്റെ നാല്‍പ്പത്തിയാറാമത്തെ വയസില്‍ അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങുകയായിരുന്നു.

”കരിയിലക്കാറ്റുപോലെ”, പറന്ന് ഗന്ധര്‍വ ലോകത്തേയ്ക്ക് പോയപ്പോഴും മലയാളിയുടെ മനസില്‍ ഇന്നും പപ്പേട്ടന്‍ പ്രണയാര്‍ദ്രമായി ജീവിക്കുന്നു. തന്റെ ഗാംഭീര്യമാര്‍ന്ന ശബ്ദത്തില്‍ ”ഞാന്‍ ഗന്ധര്‍വന്‍” എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ അശരീരി വചനങ്ങള്‍ എവിടെക്കെയോ നൊമ്പരം സമ്മാനിച്ച് നമ്മളെ തഴുകുന്നു.

‘സൂര്യസ്പര്‍ശമുള്ള പകലുകളില്‍ ഇനി നീ ഇല്ല.

പകലുകള്‍ നിന്നില്‍ നിന്നും ചോര്‍ത്തി കളഞ്ഞിരിക്കുന്നു.

ചന്ദ്രസ്പര്‍ശമുള്ള രാത്രികളിലും….

നിനക്കുള്ളത് ഇന്നത്തെ രാത്രി മാത്രം

ഈ രാത്രിയുടെ പതിനേഴാമത്തെ കാറ്റുവീശുമ്പോള്‍

നീ ഈ ഭൂമിയില്‍ നിന്നു യാത്രയാകും

ഒന്നിനും നിന്നെ തിരിച്ചുവിളിക്കാനാവില്ല’…