സുരക്ഷ കാറ്റില്‍പ്പറത്തി ആലപ്പുഴ സ്കൂള്‍ ബസുകളുടെ സഞ്ചാരം; കര്‍ശന നടപടികളുമായി മോട്ടോര്‍ വാഹന വകുപ്പ്

0
114

എം.മനോജ്‌ കുമാര്‍

ആലപ്പുഴ: സുരക്ഷാ മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് ആലപ്പുഴയില്‍ സ്കൂള്‍ ബസുകളുടെ സഞ്ചാരമെന്നു മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ വ്യക്തമായി. സുരക്ഷാ ചട്ടങ്ങള്‍ പാലിക്കാത്ത 11 ബസുകളുടെ നേര്‍ക്ക് കര്‍ശന നടപടികള്‍ക്ക് മോട്ടോര്‍ വാഹനവകുപ്പ് ഒരുക്കം  തുടങ്ങി.

സ്കൂള്‍ ബസുകളില്‍ സുരക്ഷാ ചട്ടങ്ങള്‍ പാലിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മോട്ടോര്‍ വാഹനവകുപ്പ് പരിശോധന കര്‍ശനമാക്കിയത്. സ്കൂള്‍ ബസുകളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ടെങ്കിലും അതില്‍ പലതും പാലിക്കാതെയാണ് ആലപ്പുഴ സ്കൂള്‍ ബസുകള്‍ സര്‍വീസ് നടത്തുന്നത്. ഇത് പരിശോധനയില്‍ തെളിയുകയും ചെയ്തു.

ആലപ്പുഴ ആര്‍ടിഒ ഷിബു.കെ.ഇട്ടിയുടെ നിര്‍ദ്ദേശ പ്രകാരം 20 ഓളം സ്കൂള്‍ ബസുകള്‍ ഇന്നു മോട്ടോര്‍ വാഹന വകുപ്പ് പരിശോധിച്ചപ്പോള്‍ 11 ബസുകള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതായി കണ്ടെത്തി. കായംകുളം, ഹരിപ്പാട്, മാവേലിക്കര, ചുനക്കര എന്നിവിടങ്ങളിലാണ് ഇന്നു പരിശോധന നടത്തിയത്.ആലപ്പുഴയിലെ മൊബൈല്‍ എന്ഫോഴ്സ്മെന്റ് സ്ക്വാഡ് 2 ആണ് പരിശോധന നടത്തിയത്.

സുരക്ഷാ ചട്ടലംഘനം നടത്തിയ ബസുകള്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. വേണ്ടത്ര സുരക്ഷ ഒരുക്കാതെയാണ് സ്കൂള്‍ ബസുകള്‍ സര്‍വീസ് നടത്തുന്നതെന്നു പരിശോധനയില്‍ വ്യക്തമായ സാഹചര്യത്തില്‍ വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്നു ആലപ്പുഴ മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ 24 കേരളയോടു പ്രതികരിച്ചു.

സുരക്ഷയില്‍ വീഴ്ച വരുത്തിയ സ്കൂളുകള്‍ ഫൈന്‍ അടയ്ക്കുകയും നിയമനടപടിക്ക് വിധേയമാകേണ്ടിയും വരും. മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട്‌ കമ്മിഷണറുടെ നിര്‍ദ്ദേശപ്രകാരമാണ് ആലപ്പുഴയിലെ സ്കൂള്‍ ബസുകളിലെ സുരക്ഷാ പരിശോധന കര്‍ശനമാക്കിയത്.

കുട്ടികളെ കൊണ്ടുവരുന്ന സ്കൂള്‍ ബസുകളില്‍ ആയമാര്‍ നിര്‍ബന്ധമാണ്‌. എന്നാല്‍ പല സ്കൂള്‍ ബസുകളിലും കുട്ടികള്‍ക്ക് ഒപ്പം ആയമാര്‍ സഞ്ചരിക്കുന്നില്ലെന്നു വ്യക്തമായി. കുട്ടികളെ സീറ്റുകളില്‍ ഇരുത്തി വേണം ബസ് യാത്ര. എന്നാല്‍ പല ബസുകളിലും കുട്ടികളെ കുത്തിനിറച്ച് കൊണ്ട് പോകുന്നതായും കണ്ടെത്തി.

എമര്‍ജന്‍സി ഡോര്‍ സംവിധാനം പ്രവര്‍ത്തിക്കാത്തതും ബസുകളിലെ അകത്തെ ലോക്കുകള്‍ സുരക്ഷാ മാനദണ്ഡപ്രകാരമുള്ളതല്ലെന്നും പരിശോധനയില്‍ വ്യക്തമായി. ഡ്രൈവിംഗ് ലൈസന്‍സ് എടുത്ത് പത്ത് വര്‍ഷം കഴിഞ്ഞ, പരിചയ സമ്പന്നരായ ഡ്രൈവര്‍മാര്‍ മാത്രമേ സ്കൂള്‍ ബസുകള്‍ ഒടിക്കാവൂ എന്ന നിര്‍ദ്ദേശവും ലംഘിക്കപ്പെട്ടതായി കണ്ടെത്തി.

നിരന്തരം അറിയിപ്പ് നല്‍കിയിട്ടും . സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്കൂള്‍ അധികൃതര്‍ക്കെതിരെ ശക്തമായ നടപടികള്‍ക്കാണ് ആലപ്പുഴയില്‍ മോട്ടോര്‍ വാഹന വകുപ്പ് ഒരുങ്ങുന്നത്.