അപൂര്‍വ്വ ചാന്ദ്രസംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം

0
115

തിരുവനന്തപുരം: 152 വര്‍ഷത്തിനുശേഷം ഉണ്ടാകുന്ന അദ്ഭുത പ്രതിഭാസം ഇന്നു വൈകിട്ട് അരങ്ങേറുന്നു. ബ്ലൂമൂണ്‍, സൂപ്പര്‍മൂണ്‍, ബ്ലഡ് മൂണ്‍ എന്നീ മൂന്നു ചാന്ദ്രപ്രതിഭാസങ്ങള്‍ ഒരുമിച്ച് ഇന്നത്തെ സന്ധ്യാമാനത്തു കാണാം. ഇവ മൂന്നും അപൂര്‍വ പ്രതിഭാസങ്ങളല്ല. പക്ഷേ, ഒരുമിച്ചു സംഭവിക്കുന്നത് അത്യപൂര്‍വമായിട്ടാണ്.

ചന്ദ്രന്റെ നിറം കടും ഓറഞ്ചാകുന്ന പ്രതിഭാസമാണിത്. വലുപ്പം ഏഴു ശതമാനവും പ്രഭ 30 ശതമാനത്തിലേറെയും വര്‍ധിക്കും. ഇന്ന് വൈകിട്ട് 5.18 മുതല്‍ രാത്രി 8.43 വരെ ചന്ദ്രനെ ഇങ്ങനെ കാണാമെങ്കിലും കേരളത്തില്‍ അതിനിടയിലുള്ള 71 മിനിറ്റ് മാത്രമാണ് സാധ്യത. ആകാശം മേഘാവൃതമാണെങ്കില്‍ ഈ അത്ഭുത പ്രതിഭാസം കാണാന്‍ കഴിയില്ല.

ഒരുമാസം തന്നെ രണ്ടു പൂര്‍ണചന്ദ്രന്‍ വന്നാല്‍ അതിനുപറയുന്ന പേരാണ് ‘ബ്ലൂമൂണ്‍’. പേരിലുള്ള നീലനിറവുമായി അതിനൊരു ബന്ധവുമില്ല. ചന്ദ്രഗ്രഹണമായതിനാല്‍ ചുവപ്പുനിറത്തില്‍ കാണപ്പെടുന്നതുകൊണ്ടാണ് ‘ബ്ലഡ് മൂണ്‍’ എന്നു വിശേഷിപ്പിക്കുന്നത്. ഗ്രഹണം കഴിഞ്ഞയുടനെ ഓറഞ്ചുകലര്‍ന്ന ചുവപ്പിലായിരിക്കും ചന്ദ്രന്‍ ദൃശ്യമാകുക.

ഇന്നു വൈകിട്ട് ആകാശത്ത് അരങ്ങേറുന്ന ചാന്ദ്രവിസ്മയം കണ്ടില്ലെങ്കില്‍ ഈ ജന്മത്തില്‍ പിന്നെ കാണാന്‍ കഴിയില്ല. ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ആരും ഇത്തരമൊരു പ്രതിഭാസം കണ്ടിട്ടുമില്ല. ഇതിനു മുന്‍പ് 1866 മാര്‍ച്ച് 31 നാണ് ഈ പ്രതിഭാസം ഉണ്ടായത്. ഇനി ഒരു നൂറ്റാണ്ടു കഴിയാതെ ഇവ ഒരുമിച്ചു വരികയുമില്ല.

ഇന്നത്തെ ചന്ദ്രഗ്രഹണം നഗ്‌നനേത്രങ്ങള്‍ കൊണ്ടു കാണാം. അപകടമില്ല. എന്നാല്‍, സാധാരണ പൗര്‍ണമിയെ അപേക്ഷിച്ച് സൂര്യന്‍, ഭൂമി, ചന്ദ്രന്‍ എന്നിവ നേര്‍രേഖയില്‍ വരുന്നതിനാലും ചന്ദ്രന്‍ ഭൂമിയോട് വളരെ അടുത്തായതിനാലും കടലില്‍ വേലിയേറ്റത്തിന് ശക്തി കൂടുതലായിരിക്കും.