റാംപില്‍ ലൈംഗിക പീഡനങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് മോഡലുകള്‍

0
188

ലോകമൊട്ടാകെ പങ്കെടുത്ത സമൂഹമാധ്യമ ക്യാംപെയ്‌നായിരുന്നു ‘മീ ടൂ ക്യാംപെയ്ന്‍’. സമൂഹത്തിന്റെ നാനാതുറകളിലുള്ള സ്ത്രീകള്‍ അവര്‍ക്കുണ്ടായ ദുരനുഭവങ്ങളെക്കുറിച്ചും പീഡനങ്ങളെക്കുറിച്ചും തുറന്നെഴുതി. പീഡനം അല്ലെങ്കില്‍ അതിക്രമങ്ങള്‍ ഒറ്റപ്പെട്ട സംഗതി അല്ല എന്ന് ക്യാംപെയിന്‍ തെളിയിച്ചു. അതിക്രമങ്ങള്‍ അതിജീവിച്ചവരെ സമൂഹം അംഗീകരിക്കാനും മാനസിക പിന്തുണ നല്‍കാനും തയാറായി. ഒരു പുതിയ വിപ്ലവം തന്നെയായിരുന്നു മീ ടൂ ക്യാംപെയിന്‍.

മീ ടൂ ക്യാംപെയിനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടായിരുന്നു ഫെബ്രുവരി 10ന് ന്യൂയോര്‍ക്ക് ഫാഷന്‍ വീക്ക് നടന്നത്. ആദ്യം മാലാഖകളുടെ ചിറകുകള്‍ ഘടിപ്പിച്ച് റാംപില്‍ നടന്ന അവര്‍, രണ്ടാം വരവില്‍ പന്നിയുടെ രൂപത്തിലുള്ള തല അണിഞ്ഞ ആണ്‍ മോഡലുകളെ വിലങ്ങുകളണിയിച്ച്‌
രംഗത്തെത്തി. ജീവിതത്തില്‍ അനുഭവിച്ച ലൈംഗിക പീഡനങ്ങളെപ്പറ്റിയും റാംപില്‍ മോഡലുകള്‍ തുറന്ന് പറഞ്ഞു. ഒരു പക്ഷേ മോഡലിങ് മേഖലയില്‍ ആദ്യമായിട്ടാകും റാംപ് വാക്കിനിടയില്‍ മോഡലുകള്‍ സംസാരിക്കുന്നത്.

 

അമേരിക്കന്‍ വാര്‍ഡ്‌റോബ് എന്ന ഫാഷന്‍ വെബ്‌സൈറ്റ് ഡയറക്ടര്‍ മിരിയാം ചലെക്ക് ആണ് ഇങ്ങനൊരു ആശയം ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കില്‍ കൊണ്ടുവന്നത്.

‘ഈ ഫാഷന്‍ ഷോ കൊണ്ട് ഒരു രാത്രിയില്‍ കാര്യങ്ങള്‍ മാറിമറിയുമെന്നൊന്നും ഞാന്‍ കരുതുന്നില്ല. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥയില്‍ നിന്നും ഉറപ്പായും ഒരുപടി മുന്നോട്ട് സഞ്ചരിക്കാനാകും’ മിരിയാം ചലെക്ക് അഭിപ്രായപ്പെട്ടു.

ഒരു സ്ത്രീക്ക് എന്തെങ്കിലും തരത്തിലുള്ള ലൈംഗിക അതിക്രമങ്ങള്‍ നേരിടേണ്ടി വന്നാല്‍, അത് പരാതിപ്പെട്ടാല്‍ അവര്‍ ധരിച്ചിരുന്ന വസ്ത്രങ്ങളെയാണ് സമൂഹം ആദ്യം പ്രതി സ്ഥാനത്ത് കൊണ്ടുവരിക. അത്തരമൊരു ശൈലിയും ചോദ്യം ചെയ്യപ്പെടുകയാണ് ഈ ഫാഷന്‍ ഷോയിലൂടെ.