ഡോക്‌ലാമില്‍ ചൈന ഹെലിപാഡുകള്‍ നിര്‍മിക്കുന്നതായി പ്രതിരോധമന്ത്രി

0
60

ന്യൂഡല്‍ഹി: ഡോക്‌ലാമില്‍ ചൈന ഹെലിപ്പാഡുകളും ട്രഞ്ചുകളും നിര്‍മ്മിക്കുന്നതായി പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍. എന്നാല്‍, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയ്ക്ക് ഭീഷണിയല്ലെന്നും അവര്‍ പാര്‍ലമെന്റിനെ അറിയിച്ചു. ശൈത്യകാലത്ത് സൈന്യത്തെ ഡോക്‌ലാമില്‍ നിലനിര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

2017 ഓഗസ്റ്റില്‍ രണ്ടര മാസം നീണ്ട സംഘര്‍ഷാവസ്ഥ അവസാനിച്ചതിന് പിന്നാലെ സൈനികരുടെ എണ്ണം ഇരു രാജ്യങ്ങളും കുറച്ചിരുന്നു. മുഖാമുഖം വന്ന സൈനികര്‍ പിന്മാറ്റം നടത്തുകയും ചെയ്തിരുന്നു. അതിനുശേഷം, ഡോക്‌ലാമിലെ സ്ഥിതിഗതികള്‍ ഇന്ത്യ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്ന് പ്രതിരോധമന്ത്രി പറഞ്ഞു.

ഫ്‌ളാഗ് മീറ്റിങ്ങുകളും, ബോര്‍ഡര്‍ പേഴ്‌സണല്‍ മീറ്റിങ്ങുകളും, നയതന്ത്ര ഇടപെടലുകളും നടത്തുന്നുണ്ട്. ശൈത്യകാലത്ത് സൈന്യത്തെ നിലനിര്‍ത്താന്‍ മാത്രമാണ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളെന്നും പ്രതിരോധമന്ത്രി അറിയിച്ചു.