മന്‍മോഹന്‍ സിങ് സര്‍ക്കാരിന്റെ കാലത്തെ ‘അനാവശ്യ ഇടപെടലു’കളാണ് ബാങ്കിങ് രംഗം തകര്‍ത്തത്; രവിശങ്കര്‍ പ്രസാദ്‌

0
66

ന്യൂഡല്‍ഹി: മന്‍മോഹന്‍ സിങിന്റെ കാലത്തെ യുപിഎ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബിജെപി രംഗത്ത്. മന്‍മോഹന്‍ സിങ് സര്‍ക്കാരിന്റെ കാലത്തെ ‘അനാവശ്യ ഇടപെടലു’കളാണ് ബാങ്കിങ് രംഗം തകര്‍ത്തതെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ആരോപിച്ചു. മോദി സര്‍ക്കാരിന്റെ കാലത്ത് നല്‍കിയ ഒരു വായ്പ പോലും നിഷ്‌ക്രിയ ആസ്തിയായി മാറിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ബാങ്കിങ് മേഖലയുമായി ബന്ധപ്പെട്ട ചട്ടങ്ങളൊന്നും കൃത്യമായി പാലിക്കപ്പെട്ടിരുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വജ്ര വ്യാപാരി നീരവ് മോദി ഉള്‍പ്പെട്ട പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് ഉള്‍പ്പെടെയുള്ളവ കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണ് പുതിയ ആരോപണങ്ങളുമായി ബിജെപി രംഗത്തെത്തിയിരിക്കുന്നത്. പിഎന്‍ബി ബാങ്ക് തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷം ഇന്ന് വലിയ ബഹളം ഉണ്ടാക്കിയിരുന്നു. ഇതോടെ, ഇടവേളയ്ക്ക് ശേഷം പുനരാരംഭിച്ച ബജറ്റ് സമ്മേളനം ഇരു സഭകളിലും മുടങ്ങുകയും ചെയ്തു.

കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരുന്ന 2008ല്‍ വിവിധ ബാങ്കുകള്‍ മുന്‍കൂറായി നല്‍കിയത് 18.06 ലക്ഷം കോടി രൂപയാണെന്ന് ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രവിശങ്കര്‍ പ്രസാദ് ആരോപിച്ചു. 2014 മാര്‍ച്ച് ആയപ്പോഴേക്കും ഈ തുക 52.15 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. ഇതില്‍ സ്‌ട്രെസ്ഡ് അസറ്റായി കണ്ടെത്തിയത് 36 ശതമാനം തുക മാത്രമായിരുന്നു. എന്നാല്‍, ഇന്ന് ആ തുകയിലെ 82 ശതമാനവും സ്ട്രസ്ഡ് അസറ്റായി മാറിക്കഴിഞ്ഞതായി രവിശങ്കര്‍ പ്രസാദ് ചൂണ്ടിക്കാട്ടി.

സ്വര്‍ണ ഇറക്കുമതി കുറയ്ക്കാന്‍ ലക്ഷ്യമിട്ട് യുപിഎ സര്‍ക്കാര്‍ 2013ല ഓഗസ്റ്റില്‍ നടപ്പാക്കിയ 80:20 സ്വര്‍ണ ഇറക്കുമതി പദ്ധതിയും വിവിധ കമ്പനികള്‍ മുതലെടുത്തതായി അദ്ദേഹം ആരോപിച്ചു. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ ഈ പദ്ധതി നിര്‍ത്തലാക്കിയിരുന്നു.

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പു ഫലം പുറത്തുവന്ന ദിവസം ഈ പദ്ധതിയുടെ മറവില്‍ എഴു കമ്പനികള്‍ക്ക് അന്നത്തെ ധനകാര്യമന്ത്രി ക്ലിയറന്‍സ് നല്‍കി. മെഹുല്‍ ചോക്‌സിയുടെ ഗീതാഞ്ജലി കമ്പനിയും ഇക്കൂട്ടത്തിലുണ്ട്. ഈ ഏഴു സ്വകാര്യ കമ്പനികള്‍ക്ക് തിരഞ്ഞെടുപ്പു ഫലം വന്ന അന്നുതന്നെ ക്ലിയറന്‍സ് നല്‍കിയതിന്റെ കാരണം ചിദംബരവും രാഹുല്‍ ഗാന്ധിയും വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.