സീറോ മലബാര്‍ സഭയിലെ ഭൂമി വിവാദം; കേസെടുക്കാത്തതില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി

0
58

കൊച്ചി: സീറോ മലബാര്‍ സഭ അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി ഇടപാട് വിഷയത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഭൂമി ഇടപാടില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന പരാതി ലഭിച്ചിട്ടും കേസ് എടുക്കാത്ത നടപടിയെയാണ് കോടതി ചോദ്യം ചെയ്തത്. ഭൂമി ഇടപാടില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന പരാതി ലഭിച്ചിട്ടും എന്തുകൊണ്ട് കേസ് എടുക്കുകയോ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയോ ചെയ്തില്ലെന്ന് കോടതി ചോദിച്ചു.

സഭയുടെ ഭൂമി ഇടപാട് സിവില്‍ കേസാണെന്നും അതില്‍ ഇടപെടേണ്ട കാര്യമില്ലെന്നുമുള്ള സര്‍ക്കാരിന്റെ നിലപാടിനെതിരെയാണ് കോടതി വിമര്‍ശനം ഉന്നയിച്ചത്. സാധാരണയായി ഇത്തരം പരാതി ലഭിച്ചാല്‍ കേസെടുത്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതാണ് കീഴ്‌വഴക്കം. എന്നാല്‍, സഭയുടെ ഇടപാടില്‍ എന്തുകൊണ്ട് കേസ് എടുക്കുന്നില്ലെന്ന് ജസ്റ്റിസ് കമാല്‍ പാഷ ചോദിച്ചു.

ക്രിമിനല്‍ സ്വഭാവമുള്ള സാമ്പത്തിക തട്ടിപ്പാണ് നടന്നിരിക്കുന്നതെന്നും ഇത് സിവില്‍ കേസായി കാണാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്ത അന്വേഷണ ഉദ്യോഗസ്ഥനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടു.

അതേസമയം, ഭൂമി ഇടപാടിലെ ഇടനിലക്കാരന്റെ മൊഴി സഭയെയും കര്‍ദിനാളിനെയും കൂടുതല്‍ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഇടപാടിന്റെ ഭാഗമായി താന്‍ 3.90 കോടി രൂപ സഭയ്ക്ക് കൈമാറിയെന്നാണ് ഇടനിലക്കാരന്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. ഭൂമി വില്‍പനയിലെ പണം ബാങ്ക് വഴി പൂര്‍ണമായും കൈമാറ്റം ചെയ്തിട്ടുണ്ടെന്ന് ഇടനിലക്കാരന്‍ കോടതിയില്‍ നിലപാടെടുത്തപ്പോള്‍ പണം തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നാണ് സഭ അറിയിച്ചിരിക്കുന്നത്.