സുന്‍ജ്വാന്‍ ഭീകരാക്രമണത്തിന്റെ സൂത്രധാരനെ സൈന്യം വധിച്ചു

0
61

ശ്രീനഗര്‍: സുന്‍ജ്വാന്‍ കരസേനാ ക്യാംപിന് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ മുഫ്തി വഖാസിനെ സൈന്യം വധിച്ചു. ദക്ഷിണ കശ്മീരിലെ ലേത്‌പോറ ജില്ലയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിനിടെയാണ് വഖാസിനെ സൈന്യം വധിച്ചത്. കരസേന, സിആര്‍പിഎഫ്, ജമ്മു കശ്മീര്‍ പൊലീസ് എന്നിവര്‍ ചേര്‍ന്ന് സംയുക്തമായാണ് ആക്രമണം നടത്തിയത്.

ജയ്‌ഷെ മുഹമ്മദിന്റെ ഓപറേഷനല്‍ കമാന്‍ഡറാണ് മുഫ്തി വഖാസ്. മിന്നാലാക്രമണത്തിലൂടെ ഇയാളെ വധിച്ചതായി സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഭീകരരെ തുരത്തിയശേഷം സൈന്യം നടത്തിയ തിരച്ചിലില്‍ വന്‍ സ്‌ഫോടകശേഷിയുള്ള ആയുധങ്ങള്‍ നിര്‍മിക്കുന്നതിനുള്ള സാമഗ്രികള്‍ പിടിച്ചെടുത്തു.

ഇക്കഴിഞ്ഞ ഫെബ്രുവരി ആറിനാണ് ആറു ജവാന്‍മാര്‍ ഉള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെട്ട ആക്രമണം ഉണ്ടായത്. ഒരു നാട്ടുകാരനും മൂന്നു ഭീകരരുമാണ് കൊല്ലപ്പെട്ട മറ്റുള്ളവര്‍. 10-ാം തീയതി പുലര്‍ച്ചെ 4.55ന് ജമ്മുവിലെ സുന്‍ജ്വാന്‍ ക്യാംപിന് പിന്നിലൂടെയാണ് ഭീകരര്‍ ക്യാംപിനുള്ളില്‍ പ്രവേശിച്ചത്. എകെ 56 തോക്കുകളും ഗ്രനേഡുകളും ഉള്‍പ്പെടെ വന്‍ ആയുധശേഖരം ഇവരുടെ പക്കലുണ്ടായിരുന്നു. സൈന്യം ഉടന്‍ തിരിച്ചടിച്ചതോടെ ഭീകരര്‍ ക്യാംപിനുള്ളിലെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ ഒളിച്ചു. രണ്ടു പേരെ ശനിയാഴ്ച തന്നെ വധിച്ച സൈന്യം ക്വാര്‍ട്ടേഴ്‌സ് വളഞ്ഞു കൂടുതല്‍ പേര്‍ക്കായി തിരച്ചില്‍ നടത്തുകയായിരുന്നു.