ആന്തരിക വൈരുധ്യങ്ങള്‍ക്ക് മുന്നില്‍ മാണിയും സിപിഎമ്മും നിസ്സഹായര്‍; ഇടത്തോട്ടുള്ള മാണിയുടെ നീക്കം നിലയ്ക്കുന്നു

0
1259

എം.മനോജ്‌ കുമാര്‍ 

തിരുവനന്തപുരം: പാര്‍ട്ടിയിലെ ആന്തരിക വൈരുധ്യങ്ങള്‍ക്ക് മുന്നില്‍ മാണിയും സിപിഎമ്മും നിസ്സഹായരായിരിക്കെ കേരളാ കോണ്‍ഗ്രസിന്റെ ഇടത് പ്രവേശനം അനിശ്ചിതത്വത്തിലേയ്ക്ക്‌ നീങ്ങുന്നു. ഇടതുമുന്നണി പ്രവേശനം എന്ന പ്രഹേളികയ്ക്ക് മുന്നില്‍ മാണി ഗ്രൂപ്പ് മുട്ടുകുത്തുന്നു എന്ന സൂചനകള്‍ ശക്തമാകുകയാണ്.

എല്ലാവരും കരുതുന്നതുപോലെ സിപിഐ ഉയര്‍ത്തുന്ന എതിര്‍പ്പല്ല മാണി ഗ്രൂപ്പിന് ഇടതുമുന്നണി പ്രവേശന കാര്യത്തില്‍ വിലങ്ങു തടിയാകുന്നത്. പകരം പാര്‍ട്ടിയ്ക്കുള്ളില്‍ നിലനില്‍ക്കുന്ന ആന്തരിക വൈരുധ്യങ്ങളാണ്.

മാണി പ്രശ്നത്തില്‍ സിപിഐ ഉയര്‍ത്തുന്ന എതിര്‍പ്പ് സിപിഎം കാര്യമാക്കുന്നില്ല. പക്ഷെ മാണിയുടെ പാര്‍ട്ടിയ്ക്കുള്ളില്‍ നിലനില്‍ക്കുന്ന ആന്തരിക വൈരുധ്യങ്ങള്‍ പരിഹരിക്കാന്‍ സിപിഎമ്മിന് കഴിയുന്നില്ല. ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കെ.എം.മാണിക്കും കഴിയുന്നില്ല.

മന്ത്രി സ്ഥാനം നല്‍കാം എന്ന് പറഞ്ഞിട്ട് പോലും ഇടതുമുന്നണിയിലേയ്ക്ക്‌ ഇല്ല എന്ന നിലപാടിലാണ് ജോസഫ് ഗ്രൂപ്പ്. ഈ കാര്യം ജോസഫ് ഗ്രൂപ്പ് തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ മാണിയുടെ മകനും കോട്ടയം എംപിയുമായ ജോസ് കെ മാണി ഒരു കാരണവശാലും യുഡിഎഫിലേലേയ്ക്ക്‌ ഇല്ല എന്ന നിലപാടിലാണ്.

യുഡിഎഫിലേയ്ക്ക്‌ പോയാല്‍ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയം സീറ്റില്‍ താന്‍ പരാജയമടയുമെന്നു ജോസ് കെ മാണി കരുതുന്നു. മാണിയും ഇതേ നിലപാടിലാണ്. പക്ഷെ മാണിയുടെ അണികള്‍ യുഡിഎഫ് അണികളാണ്. അവര്‍ക്ക് ഒരൊറ്റ ദിവസം കൊണ്ട് ചുറ്റിക അരിവാള്‍ ചിഹ്നത്തില്‍ വോട്ട് കുത്താനും പ്രയാസമാണ്. അതുകൊണ്ട് തന്നെ മാണി ഇടതുമുന്നണിയിലേയ്ക്ക്‌ പോയാല്‍ യുഡിഎഫില്‍ തുടരാന്‍ തീരുമാനിക്കുന്ന ജോസഫ് ഗ്രൂപ്പിനൊപ്പം വലിയ പങ്ക് കേരളാ കോണ്‍ഗ്രസ് അണികള്‍ നിലകൊള്ളും.

ഇത് മാണിക്കും അറിയാം. സിപിഎമ്മിനും അറിയാം. ഇടതുമുന്നണിയിലേയ്ക്ക്‌ മാണി നീങ്ങിയാല്‍ വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്ന കേരളാ കോണ്‍ഗ്രസ് ഒന്നുകൂടി പിളരും. യോജിച്ച മാണി, ജോസഫ് ഗ്രൂപ്പുകള്‍ രണ്ടായി നിലകൊള്ളും. ഇങ്ങിനെ രണ്ടായി നിലകൊള്ളുമ്പോള്‍ വലിയ വിഭാഗം അണികളും നേതാക്കളും ജോസഫ് ഗ്രൂപ്പിനൊപ്പം യുഡിഎഫിന്‍റെ ഭാഗമാകും. ഇത് മാണിക്ക് ശക്തമായ രാഷ്ട്രീയ തിരിച്ചടി തീര്‍ക്കും.

ജോസഫ് ഇല്ലാത്ത മാണിയെ, അണികള്‍ ഇല്ലാത്ത ഒരു മാണിയെ സിപിഎമ്മിന് സ്വീകാര്യമല്ല. സിപിഎമ്മിന്റെ ഇംഗിതം മനസിലാക്കി പാര്‍ട്ടിയെ ഒരൊറ്റ വഴിയ്ക്ക് സിപിഎമ്മിലേയ്ക്ക്‌ നയിക്കാന്‍ ജോസഫ് ഗ്രൂപ്പിന്റെയും ഒരു വിഭാഗം നേതാക്കളുടെയും നിലപാട് മൂലം മാണിക്ക് കഴിയുന്നുമില്ല. ഈ പ്രശ്നങ്ങള്‍ സിപിഎമ്മിനും പരിഹരിക്കാന്‍ കഴിയാത്തതുകൊണ്ടാണ് മാണി ഗ്രൂപ്പിന്റെ ഇടതുമുന്നണി പ്രവേശനം അനിശ്ചിതത്വത്തിലായത്.

എന്ത് വന്നാലും ഇടത് മുന്നണിയിലേയ്ക്ക്‌ ഇല്ല എന്ന തീരുമാനത്തിലാണ് ജോസഫ് ഗ്രൂപ്പ്. തന്നെ മന്ത്രിയാക്കാം എന്ന ഫോര്‍മുല പോലും തള്ളിയാണ് ഇടതുമുന്നണിയിലേയ്ക്ക്‌ പോകേണ്ടതില്ല എന്ന തീരുമാനം പി.ജെ.ജോസഫ് കൈക്കൊണ്ടത്. ഇടതുമുന്നണി മന്ത്രിസഭയുടെ മോശം പ്രകടനം വിലയിരുത്തിയാണ് ജോസഫ് ഗ്രൂപ്പ് ഈ തീരുമാനത്തിലേയ്ക്ക്‌ വന്നത്.

ജോസഫ് ഇല്ലാത്ത ഒരു മാണി ഗ്രൂപ്പിനോട് സിപിഎമ്മിന് വലിയ താത്പര്യമില്ല. ജോസഫ് വരും എന്ന് ഒരുറപ്പും നല്‍കാന്‍ കെ.എം.മാണിക്ക് കഴിയുന്നുമില്ല. ഇതോടെയാണ് മാണി ഗ്രൂപ്പിനെ എല്‍ഡിഎഫിലേക്ക് കൊണ്ട് വരിക എളുപ്പമല്ല എന്ന തിരിച്ചറിവിലേക്ക് സിപിഎം നീങ്ങുന്നത്. ജോസഫ് ഗ്രൂപ്പിനെ സഹകരിപ്പിക്കാന്‍ ഉള്ള അവസാന വഴിയായിരുന്നു ജോസഫിന് നല്‍കാം എന്നേറ്റ മന്ത്രി പദവി. ഇതുകൂടി തള്ളിക്കൊണ്ടാണ് ജോസഫ് ഗ്രൂപ്പ് ഉറച്ച് നില്‍ക്കുന്നത്. ഇതോടെയാണ് മാണി ഗ്രൂപ്പിനെ ഇടതുമുന്നണിയില്‍
സഹകരിപ്പിക്കാന്‍ പ്രയാസമാണ് എന്ന നിലപാടിലേയ്ക്ക്‌ സിപിഎം നീങ്ങിത്തുടങ്ങുന്നത്.

സിപിഎം മാണിയുടെ കാര്യത്തില്‍ പതിയെ നിലപാട് മാറ്റിത്തുടങ്ങിയിട്ടുണ്ട്. ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ പറഞ്ഞത് മാണിയുടെ മുന്നണി പ്രവേശനം മറ്റു കക്ഷികളുമായി ആലോചിച്ച് മാത്രം എന്നാണ്. സിപിഐയുടേയും നിലപാട് മാറി. ഇതുവരെ കര്‍ശന നിലപാട് കൈക്കൊണ്ടിരുന്ന സിപിഐ ദേശീയ നിര്‍വാഹക സമിതി അംഗം പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞത് മാണിയുടെ മുന്നണി പ്രവേശനം സിപിഐയുമായി ആലോചിക്കട്ടെ എന്നാണ്.

മാണിയുടെ കാര്യത്തില്‍ സിപിഎമ്മും സിപിഐയും സ്വന്തം നിലപാടില്‍ നിന്നും പിന്നോട്ട് പോവുകയാണ് എന്ന് ഈ പരാമര്‍ശങ്ങള്‍ സൂചിപ്പിക്കുന്നു.
ഇടതുമുന്നണിയില്‍ പ്രവേശിക്കാന്‍ ശ്രമിക്കുമ്പോഴുള്ളത്ര പ്രയാസം മാണിയ്ക്ക് യുഡിഎഫിലേയ്ക്ക് പ്രവേശിക്കാനില്ല എന്നതും വസ്തുതയാണ്.

മാണിയുടെ ന്യായമായ എല്ലാ ആവശ്യങ്ങളും യുഡിഎഫ് അംഗീകരിക്കും. ജോസഫ് ഗ്രൂപ്പ് നിലവിലെ നിലപാടുകളില്‍ നിന്നും കടുംപിടുത്തങ്ങളില്‍ നിന്നും അയവുള്ള സമീപനം സ്വീകരിക്കും. മാണിക്കും ഒരു മുന്നണിയിലും ഇല്ലാത്ത അവസ്ഥ ഒഴിവാക്കി പഴയതുപോലെ യുഡിഎഫിന്റെ ഭാഗമായി തുടരാം. നിലവിലെ സാഹചര്യത്തില്‍ ഈ തീരുമാനം തന്നെയാണ് കേരള കോണ്‍ഗ്രസ് എമ്മിന് യോജിക്കുന്നത് എന്ന് മാണിക്കും തോന്നിത്തുടങ്ങിയിട്ടുണ്ട്. കാരണം കേരള കോണ്‍ഗ്രസ് വീണ്ടും പിളരണമെന്ന് മാണി ആഗ്രഹിക്കുന്നില്ല.