എയര്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് സൗദി അറേബ്യ വ്യോമപാത തുറന്നുനല്‍കും: ബെഞ്ചമിന്‍ നെതന്യാഹു

0
59

ന്യൂഡല്‍ഹി: ഇസ്രായേലിലേക്കു പറക്കുന്ന എയര്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്കു വ്യോമപാത തുറന്നുകൊടുക്കാന്‍ സൗദി അറേബ്യ തയാറാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ടെല്‍ അവീവിലേക്കും തിരിച്ചും പറക്കുന്നതിനുള്ള അനുവാദമാണു സൗദി അറേബ്യ നല്‍കിയിരിക്കുന്നതെന്നും നെതന്യാഹു പറഞ്ഞു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം ഇസ്രയേലി റിപ്പോര്‍ട്ടര്‍മാരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്നാല്‍ ഈ വാര്‍ത്ത സൗദി അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല. ഇസ്രായേലിനെ സൗദി അറേബ്യ അംഗീകരിക്കുന്നില്ലെങ്കിലും എഴുപതുവര്‍ഷം പഴക്കമുള്ള വ്യോമപാത തുറന്നുകൊടുക്കാന്‍ തീരുമാനിച്ചിരുന്നു. മേഖലയില്‍ ഇറാന്റെ സാന്നിധ്യം വര്‍ധിക്കുന്നതും ഇരുരാജ്യങ്ങളെയും പരിഭ്രാന്തിയിലാഴ്ത്തിയിരുന്നു. മൂന്നാഴ്ചയില്‍ ഒരിക്കല്‍ ടെല്‍ അവീവിലേക്ക് സൗദിക്കു മുകളിലൂടെ വിമാന സര്‍വീസ് നടത്താന്‍ എയര്‍ ഇന്ത്യ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ റിയാദിലെ വ്യോമയാന മന്ത്രാലയം അനുമതി നല്‍കാത്തതിനാല്‍ ഇതു നടപ്പായിരുന്നില്ല.

നിലവില്‍ ഇസ്രായേലില്‍ നിന്നും വിമാനങ്ങള്‍ ഏഴു മണിക്കൂറെടുത്താണ് ഇന്ത്യയിലെത്തുന്നത്. ചെങ്കടല്‍, ഗള്‍ഫ് ഓഫ് ഏദന്‍ എന്നിവ കടന്നുവേണം വിമാനങ്ങള്‍ക്ക് ഇന്ത്യയിലെത്താന്‍. ടെല്‍ അവീവില്‍ നിന്നു നേരെ പറന്നാല്‍ സൗദി അറേബ്യ, യുഎഇ, ഇറാന്‍, അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ക്കു മുകളിലൂടെ വിമാനങ്ങള്‍ക്ക് ഇന്ത്യയിലെത്താനാകും.