ചര്‍ച്ച പരാജയം; നഴ്‌സുമാരുടെ സമരം തുടരും

0
53

ആലപ്പുഴ: ചേര്‍ത്തല കെവിഎം ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാനുള്ള ചര്‍ച്ച പരാജയപ്പെട്ടു. ഇതോടെ കെവിഎം ആശുപത്രിയിലെ സമരം തുടരും. നഴ്‌സുമാര്‍ക്കെതിരായ അച്ചടക്കനടപടി പിന്‍വലിക്കാനാകില്ലെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കിയതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്. ഈ മാസം പതിനാലിന് ലേബര്‍ കമ്മീഷണറുമായി വീണ്ടും ചര്‍ച്ച നടത്തും.

2013-ലെ മിനിമം വേതനം നടപ്പാക്കുക, പിരിച്ചുവിട്ട നഴ്‌സുമാരെ തിരിച്ചെടുക്കുക, ഷിഫ്റ്റ് സമ്പ്രദായം അനുവദിക്കുക തുടങ്ങിയവയാണ് നഴ്‌സുമാരുടെ പ്രധാന ആവശ്യങ്ങള്‍. എന്നാല്‍ പിരിച്ചുവിട്ട നഴ്‌സുമാരെ തിരിച്ചെടുക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് സാധ്യത കുറവാണ്. മാനേജ്‌മെന്റ് കടുംപിടിത്തം തുടര്‍ന്നാല്‍ മുഖ്യമന്ത്രി ഇടപെട്ടേക്കുമെന്നാണ് സൂചന. കെവിഎമ്മിലെ നഴ്‌സുമാരുടെ സമരം ഇന്ന് 197-ാം ദിവസമാണ്.