തനിക്ക് അപൂര്‍വ രോഗമുണ്ടെന്ന് ഇര്‍ഫാന്‍ ഖാന്‍റെ ട്വീറ്റ്

0
72

ആരാധകരെ വേദനിപ്പിക്കുന്ന ട്വീറ്റുമായി ബോളിവുഡ് താരം നടന്‍ ഇര്‍ഫാന്‍ ഖാന്‍. തനിക്ക് അപൂര്‍വ രോഗമുണ്ടെന്നും എന്നാല്‍ ഊഹം പ്രചരിപ്പിക്കരുതെന്നും ഇക്കാര്യത്തില്‍ വിശദ വിവരങ്ങള്‍ 10 ദിവസത്തിനകം അറിയിക്കാമെന്നും ഇര്‍ഫാന്‍ ഖാന്‍ ട്വീറ്റ് ചെയ്തു.

” തനിക്ക് അപൂർവ്വ രോഗമുണ്ടെന്നും എന്നാൽ ഇക്കാര്യത്തെ കുറിച്ച് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും താരം ട്വീറ്ററിലൂടെ അഭ്യർത്ഥിച്ചു. ‘രോഗത്തെ കുറിച്ച് കേട്ട് താനും കുടുംബവും വല്ലാത്ത ഞെട്ടലിലാണ്. ജീവിതം ചിലപ്പോൾ അങ്ങനെയാണ്. ഉറങ്ങിയെഴുന്നേൽക്കുന്നത് ഞെട്ടലോടെയാവും. കഴിഞ്ഞ പതിനഞ്ചു ദിവസം എന്റെ ജീവിതം സന്ദിഗ്ധാവസ്ഥയിലായിരുന്നു. വേറിട്ട കഥകൾ തേടി നടക്കുമ്പോൾ ഞാനൊരിക്കലും വിചാരിച്ചിരുന്നില്ല. അതൊരു വേറിട്ട രോഗത്തിലേയ്ക്ക് എന്നെ എത്തിക്കുമെന്ന്. പ്രത്യാശ കൈവിട്ടിട്ടില്ല.

ദയവായി ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്. രോഗനിര്‍ണയത്തിന് ശേഷം പത്തുദിവസത്തിനകം കുടുതൽ കാര്യങ്ങൾ നിങ്ങളെ ഞാൻ തന്നെ അറിയിക്കുന്നതാണ്” ഇർഫാൻ ഖാൻ ട്വീറ്റ് ചെയ്തു.

നേരത്തെ വിശാല്‍ ഭരദ്വാജ് തന്റെ പുതിയ ചിത്രത്തില്‍ നിന്ന് ഇര്‍ഫാന്‍ ഖാനെ മാറ്റിയെന്ന് അറിയിച്ചിരുന്നു. മഞ്ഞപ്പിത്തമായതിനാല്‍ മാറ്റുന്നുവെന്നായിരുന്നു അദ്ദേഹം കാരണമായി പറഞ്ഞത്. എന്നാല്‍ ഇര്‍ഫാന്‍ ഖാന്റെ ട്വീറ്റ് കൂടി വന്നതോടെ താരത്തിന് വേണ്ടി പ്രാര്‍ഥനയിലാണ് ആരാധകര്‍.