ത്രിപുരയിലെ പരാജയം പാര്‍ട്ടിയുടെ സ്വാധീനം ചോര്‍ന്നതുകൊണ്ട്, നേതാക്കളുടെ ശൈലിയും സമീപനവും മാറണം: എം.എ ബേബി

0
72

ത്രിപുരയില്‍ സിപിഎം പരാജയപ്പെട്ടത് പാര്‍ട്ടിയുടെ സ്വാധീനം ചോര്‍ന്നതുകൊണ്ടാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. സംസ്ഥാനത്തെ സിപിഎമ്മിന്റെ സ്വാധീനത്തില്‍ വലിയ ഇടിവുണ്ടായെന്നും ഏഴ് ശതമാനം വോട്ട് നഷ്ടമായത് ഇതാണ് വ്യക്തമാക്കുന്നതെന്ന് എംഎ ബേബി മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. നേതാക്കളുടെ ശൈലിയും സമീപനവും മാറണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കോണ്‍ഗ്രസ് സഖ്യമല്ല ഇതിന് പരിഹാരമെന്നും ബിജെപിക്കെതിരെ യാതൊരു ചെറുത്തുനില്‍പ്പും ഉയര്‍ത്താന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ലെന്നും ബേബി ചൂണ്ടിക്കാട്ടി.

ത്രിപുരയില്‍ ജനവികാരം മനസിലാക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടു. കോണ്‍ഗ്രസിന്റെ 36.5 ശതമാനം വോട്ട് ബിജെപിക്ക് ചോര്‍ന്നു എന്ന് പറയുമ്പോളും അതില്‍ ഒരു ശതമാനം വോട്ട് പോലും നേടാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്ന് എംഎ ബേബി ചൂണ്ടിക്കാട്ടി. പാര്‍ട്ടി വോട്ടുകളില്‍ കാര്യമായ ചോര്‍ച്ചയുണ്ടായി. മണിക് സര്‍ക്കാരിനും മറ്റ് നേതാക്കള്‍ക്കും എതിരെ പ്രചാരണ ഘട്ടത്തില്‍ ബിജെപി ഉയര്‍ത്തിയ ആരോപണങ്ങളെ ചെറുക്കാന്‍ സിപിഎമ്മിന് കഴിഞ്ഞില്ലെന്നും എംഎ ബേബി പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ സൗകര്യങ്ങളോ ആധുനിക വ്യവസായ സംരംഭങ്ങളോ ത്രിപുരയിൽ ഉണ്ടായില്ലെന്നു കുറ്റപ്പെടുത്തിയ ബേബി തൊഴില്‍ മേഖലകളിലും ത്രിപുര പിന്നിലാണെന്നും പറഞ്ഞു. യുവാക്കളെ വിശ്വാസത്തിലെടുക്കാന്‍ സിപിഎമ്മിനും ഇടതുമുന്നണിക്കും കഴിഞ്ഞോ ഇല്ലയോ എന്നത് പരിശോധിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.