ത്രിപുര സിപിഎമ്മിന് നല്‍കുന്നത് ആപത് സൂചന, കേരളത്തിലും ബിജെപി അധികാരത്തിലെത്തും: ശോഭാ സുരേന്ദ്രന്‍

0
1222


എം.മനോജ്‌ കുമാര്‍ 

തിരുവനന്തപുരം: ത്രിപുര നല്‍കുന്ന ആപത് സൂചന കേരളത്തിലെ സിപിഎമ്മിന് മുന്നിലുമുണ്ടെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ 24 കേരളയോടു പറഞ്ഞു. ത്രിപുരയിലേത് പോലെ വരുന്ന തിരഞ്ഞെടുപ്പില്‍ കേരളത്തിലും ബിജെപി ഭരണത്തിലേറുമെന്നും ശോഭാ സുരേന്ദ്രന്‍ പ്രത്യാശിച്ചു.

കേരളത്തിലെ ജനങ്ങളുടെ ധാരണകള്‍ മാറുകയാണ്. കാരണം മുന്‍പ് സിപിഎമ്മിന് വോട്ട് ചെയ്‌താല്‍ അവര്‍ കോണ്‍ഗ്രസിനെതിരായി പ്രവര്‍ത്തിക്കും എന്ന് ജനങ്ങള്‍ ധരിച്ചിരുന്നു. അതുകൊണ്ട് കേരളത്തിലെ സിപിഎമ്മിന് ജനങ്ങള്‍ വിജയം സമ്മാനിച്ചിരുന്നു. അതുപോലെ കോണ്‍ഗ്രസിന് വോട്ടു ചെയ്യുന്നവര്‍ക്ക് ഒരു ധാരണയുണ്ടായിരുന്നു. അത് സിപിഎമ്മിന് എതിരായിരിക്കുമെന്ന്. കോണ്‍ഗ്രസും സിപിഎമ്മും രണ്ടു വ്യത്യസ്ത ധ്രുവങ്ങളിലാണ് എന്ന്.

ഇന്ന് പക്ഷേ ആ ധാരണകള്‍ മാറുകയാണ്. ഇപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ് അനുഭാവികള്‍ക്കും സിപിഎം അനുഭാവികള്‍ക്കും ഒരു കാര്യം അറിയാം. ഈ രണ്ടു കൂട്ടരും രണ്ടല്ല ഒന്നാണ് എന്ന യാഥാര്‍ത്ഥ്യം.
ഇപ്പോള്‍ ഈ അണികള്‍ക്ക് ഒരു കാര്യം അറിയാം. ഏതെങ്കിലും ഒരു പാര്‍ട്ടിക്ക് വോട്ടു ചെയ്‌താല്‍ മതിയാകും. ഒരു ഭാഗത്ത് ബിജെപിയുണ്ട്. മറുവശത്ത് ഒരുപോലെ നില്‍ക്കുകയാണ് കോണ്‍ഗ്രസും സിപിഎമ്മും.

അപ്പോള്‍ ഏതെങ്കിലും ഒരു പാര്‍ട്ടിക്ക് ജനങ്ങള്‍ വോട്ടു ചെയ്യും. മറ്റുള്ളവര്‍ ബിജെപിയ്ക്ക് വോട്ടു ചെയ്യും. അങ്ങിനെ വോട്ട് ചെയ്യാന്‍ കേരള ജനത തീരുമാനിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് വരുന്ന തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി അധികാരത്തില്‍ വരുമെന്ന് പറയുന്നത്. കേരളത്തിലെ ജനങ്ങളുടെ ബിജെപിയോടുള്ള ആഭിമുഖ്യം ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും – ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
ത്രിപുര തിരഞ്ഞെടുപ്പ് ഫലത്തോടെ സിപിഎമ്മും കോണ്‍ഗ്രസും ബിജെപിയെ എതിര്‍ക്കാന്‍ ഒറ്റക്കെട്ടായി ശ്രമം നടത്തുകയാണ്. ഇത് കേരളം കാണുന്നുണ്ട്. ടിവി ചര്‍ച്ചകളില്‍ പോലും ഇതാണ് അവസ്ഥ. മണിക്ക് സര്‍ക്കാര്‍ നല്ല മുഖ്യമന്ത്രിയായിരുന്നു എന്നാണ് കോണ്‍ഗ്രസ് പറയുന്നത്. കോണ്‍ഗ്രസിന് ഞങ്ങള്‍ എതിരാണ് എന്ന് ത്രിപുര തിരഞ്ഞെടുപ്പിന് ശേഷം സിപിഎം പറയുന്നില്ല.

സിപിഎം പിന്തുടര്‍ന്ന് പോരുന്ന നയങ്ങളില്‍ നിന്നുള്ള പ്രകടമായ മാറ്റമാണ് ഇത്. അതുകൊണ്ടുതന്നെ
ജനങ്ങള്‍ മാറി ചിന്തിക്കുന്നു. നരേന്ദ്ര മോദിയോട് കേരളവും അടുപ്പം കാണിച്ചു തുടങ്ങുകയാണ്. തങ്ങളെ പറ്റിച്ചു കൊണ്ടിരിക്കുന്ന ഇരുമുന്നണികള്‍ക്കും എതിരായ ചേതോവികാരം ജനങ്ങള്‍ വരുന്ന തിരഞ്ഞെടുപ്പില്‍ പ്രകടിപ്പിക്കും. അത് ബിജെപിയ്ക്ക് അനുകൂലമാകും. ഈ അനുകൂല മനോഭാവം ചെങ്ങന്നൂരില്‍ ബിജെപിയുടെ എംഎല്‍എയെ സൃഷ്ടിക്കുന്ന നിലയിലേക്കാണ് നീങ്ങുന്നത്.

ചെങ്ങന്നൂരില്‍ ഇക്കുറി ബിജെപി ജയിക്കും. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ ബിജെപി തൂത്തുവാരും. നിലവില്‍ ബിജെപിയ്ക്ക് എംപിയില്ല എന്നൊന്നും ഈ കാര്യത്തില്‍ ബാധകമല്ല. കാരണം ജനങ്ങള്‍ അടിയുറച്ച് ബിജെപിയ്ക്ക് പിന്നില്‍ നിലകൊള്ളുകയാണ്. അത് വടക്കേ ഇന്ത്യന്‍ അവസ്ഥയല്ല. നമ്മുടെ കൊച്ചു കേരളത്തിലെ അവസ്ഥയാണ്. ഈ ഗ്രാഫ് ഞങ്ങള്‍ക്ക് തൊട്ടറിയാന്‍ സാധിക്കുന്നുണ്ട്. ഞങ്ങള്‍ ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്നവരാണ് – ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

പ്രമുഖ ബിജെപി നേതാക്കള്‍ക്ക് എല്ലാം ഓരോ പാര്‍ലമെന്റ് മണ്ഡലത്തിന്റെ ചുമതല നല്‍കി കഴിഞ്ഞു. ഇതിനു ബിജെപി അധ്യക്ഷന്‍ അമിത് ഷാ തന്നെ ചുക്കാന്‍ പിടിക്കുകയും ചെയ്യുന്നു. എനിക്ക് പത്തനംതിട്ട മണ്ഡലത്തിന്റെ ചാര്‍ജ് ഉണ്ട്. കെ.സുരേന്ദ്രന് തൃശൂര്‍ മണ്ഡലത്തിന്റെ ചാര്‍ജ് നല്‍കിയിട്ടുണ്ട്.

എ.എന്‍.രാധാകൃഷ്ണന്‍ പാലക്കാട്, എം.ടി.രമേശ്‌ തിരുവനന്തപുരം എന്നിങ്ങനെ ചാര്‍ജ് ഏറ്റെടുത്ത് നേതാക്കള്‍ സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. മുന്‍പ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ
ജയിപ്പിക്കുമ്പോള്‍ അവര്‍ കേന്ദ്ര മന്ത്രിമാര്‍ ആകും എന്ന ധാരണ ജനങ്ങള്‍ക്ക് ഉണ്ടാകുമായിരുന്നു. അതുകൊണ്ട് അവര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക്‌ വോട്ട് ചെയ്തു. ഇപ്പോള്‍ പ്രതിപക്ഷ നേതൃപദവി വഹിക്കാനുള്ള എംപിമാര്‍ പോലും കോണ്‍ഗ്രസിനില്ല. ഇത് ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്.


പ്രതിപക്ഷം പോലും ആയി മാറാന്‍ കഴിയാത്ത ചെറിയ പാര്‍ട്ടിയാണ് ഇപ്പോള്‍ ഇന്ത്യയില്‍ കോണ്‍ഗ്രസ്. ഈ കോണ്‍ഗ്രസിന് ആര് വോട്ടു ചെയ്യും. ഇവരെ ജയിപ്പിച്ചാല്‍ എന്താണ് ഫലം? ജനങ്ങള്‍ ചിന്തിക്കുകയില്ലേ. ജനങ്ങള്‍ക്ക് വികസനം വേണം. വികസനം കേരളത്തില്‍ വരണമെങ്കില്‍ കേരളത്തില്‍ നിന്ന് ബിജെപി എംപിമാര്‍ വേണം.

കേന്ദ്ര ഭരണത്തില്‍ അടുത്ത തവണയും ബിജെപി തന്നെ വരും. അപ്പോള്‍ സിപിഎമ്മിനേയോ കോണ്‍ഗ്രസിനെയോ വിജയിപ്പിച്ച് വിട്ടാല്‍ കേരളത്തിനു എന്ത് നേട്ടം? ഇങ്ങിനെ ജനങ്ങള്‍ ചിന്തിച്ചാല്‍ ഈ പാര്‍ട്ടികള്‍ എന്ത് ചെയ്യും. ജനങ്ങള്‍ ഇങ്ങിനെ ചിന്തിച്ച് തുടങ്ങിയിട്ടുണ്ട് – ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

സിപിഎമ്മില്‍ ജനഹൃദയങ്ങളില്‍ കുടികൊള്ളുന്ന എത്ര എംപിമാരെ എടുത്ത് കാണിക്കാന്‍ കഴിയും? കോണ്‍ഗ്രസില്‍ ജനഹൃദയങ്ങളില്‍ കുടികൊള്ളുന്ന എത്ര എംപിമാരെ എടുത്ത് കാണിക്കാന്‍ കഴിയും? ഇവരെ വിജയിപ്പിച്ച് വിടുന്നതിനെക്കാള്‍ നല്ലത് ബിജെപി എംപിമാരാണ് എന്ന് കേരളത്തിലെ ജനങ്ങള്‍ ശക്തമായി ചിന്തിക്കുന്നു.

ദേശീയ രാഷ്ട്രീയത്തില്‍ ഇപ്പോള്‍ സിപിഎമ്മിന് സ്വന്തമായി ഒരു അസ്ഥിത്വവും ഇല്ല. ത്രിപുര തോല്‍വിയോടെ ആ അസ്ഥിത്വം പൂര്‍ണമായി ഇല്ലാതാകുകയാണ്. സിപിഎം കേരളാ പാര്‍ട്ടിയായി ചുരുങ്ങിയിരിക്കുകയാണ്. കേരളവും താമസം വിനാ അവര്‍ക്ക് നഷ്ടമാകും. അതിനുള്ള അരങ്ങു കേരളത്തില്‍ ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു. സിപിഎമ്മിന് ഇനി ജീവന്‍ വേണമെങ്കില്‍ കോണ്‍ഗ്രസ് സഹായിക്കണം. ഈ സിപിഎമ്മിനെ എന്തിനു ഞങ്ങള്‍ പിന്തുണയ്ക്കണം എന്ന് ജനങ്ങള്‍ ചിന്തിച്ചാല്‍ അവരെ കുറ്റം പറയാന്‍ കഴിയുമോ? – ശോഭ ചോദിച്ചു.

ഇപ്പോള്‍ പിണറായി വിജയന്‍ പറയുന്നു. ഞങ്ങള്‍ എല്ലാവര്ക്കും വീട് നല്‍കും. പിണറായി വിജയന്‍ അത് പറയുമ്പോള്‍ മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് അത് എന്തുകൊണ്ട് പറയാന്‍ സാധിക്കുന്നില്ല. ഇത് ജനങ്ങളോട് വിഎസ് തന്നെ വിശദീകരിക്കണം.

വിഎസ് ഭരിക്കുമ്പോള്‍ കേന്ദ്രത്തില്‍ യുപിഎ സര്‍ക്കാരാണ് ഭരിച്ചിരുന്നത്.
അന്ന് ഈ കാര്യത്തിന് കേന്ദ്രം പണം നല്‍കില്ല. പിന്നെങ്ങിനെ പറയാന്‍ കഴിയും? ഇന്ന് അതല്ല അവസ്ഥ. ഇപ്പോള്‍ നരേന്ദ്ര മോദി സര്‍ക്കാരാണ് കേന്ദ്രത്തില്‍ ഭരിക്കുന്നത്. മോദി പാവപ്പെട്ടവര്‍ക്ക് വീട് നല്‍കാന്‍ കേന്ദ്ര ധനം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നുണ്ട്. പക്ഷെ പ്രധാനമന്ത്രി മോദിയുടെ ഈ പദ്ധതി
യുടെ പേര് കേരളാ സര്‍ക്കാര്‍ മാറ്റി. പ്രധാനമന്ത്രി ആവാസ് യോജനാ പദ്ധതി ലൈഫ് എന്ന പേരില്‍ ആളുകളെ കബളിപ്പിച്ച് പദ്ധതി കേരളത്തില്‍ നടപ്പിലാക്കുകയാണ്. ഇത് ഞങ്ങള്‍ക്കറിയാം.

ഈ കാര്യം വിളിച്ച് പറയാന്‍ ഞങ്ങള്‍ ജനങ്ങളിലേക്ക് ഇറങ്ങുകയാണ്. 300 പദ്ധതികള്‍ മോദി സര്‍ക്കാര്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്. സൗജന്യ ഗ്യാസ് കണക്ഷന്‍, വീടിനുള്ള പദ്ധതി, അഞ്ച് ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ്, പെന്‍ഷന്‍ പദ്ധതിയുണ്ട്. അങ്ങിനെ ഒട്ടനവധി പദ്ധതികള്‍. പാലക്കാട്‌ ഐഐടിയ്ക്ക് സഹായം നല്‍കിയത് ഞങ്ങള്‍ പറയും.

വിഴിഞ്ഞം പദ്ധതി നല്‍കിയ കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് ഞങ്ങള്‍ ജനങ്ങളോടു പറയും. കാറ്റില്‍ ഉലയാത്ത സുരക്ഷിതമായ ബോട്ട് കേന്ദ്രം തമിഴ്നാടിനു നല്‍കിയിട്ടുണ്ട്. ഓഖി ദുരന്തത്തിനു ശേഷം. ഇത് കേരളത്തില്‍ ലഭ്യമാക്കാതെയിരിക്കുന്ന ഫിഷറീസ് മന്ത്രിയെ ഞങ്ങള്‍ കേരളത്തിനു മുന്നില്‍ തുറന്നു കാട്ടും. കഴിഞ്ഞ യുപിഎ ഭരണകാലത്ത് സമ്പന്നരെ കേന്ദ്രം വഴിവിട്ട് സഹായിക്കുകയായിരുന്നുവെന്ന് ഇപ്പോള്‍ മോദി സര്‍ക്കാര്‍ എടുത്ത നടപടികള്‍ വഴി തെളിയുന്നു.

ബാങ്കുകളെ കബളിപ്പിച്ച് സുഖിച്ച് ജീവിച്ച കോര്‍പ്പറേറ്റുകള്‍ക്ക് നേരെ മോദി സര്‍ക്കാര്‍ ആണ് നടപടികള്‍ എടുത്തത്. നീരവ് മോദി അകത്ത് പോകുന്നത് യുപിഎ സര്‍ക്കാരിന്റെ കാലത്തല്ല. മോദി സര്‍ക്കാരിന്റെ കാലത്താണ്. പി.ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം പോലും ഇപ്പോള്‍ അഴികള്‍ക്കകത്താണ് എന്ന് ഓര്‍ക്കണം. ഇതെല്ലാം ജനങ്ങള്‍ക്ക് മുന്നില്‍ ഞങ്ങള്‍ തുറന്നു കാട്ടും – ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.