പാറ്റൂര്‍ കേസില്‍ തന്റെ പരാതി നിലനില്‍ക്കുമെന്ന് വി.എസ്.അച്യുതാനന്ദന്‍

0
67

തിരുവനന്തപുരം: പാറ്റൂര്‍ കേസില്‍ താന്‍ നല്‍കിയ പരാതിയിന്മേല്‍ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസ് നിലനില്‍ക്കുമെന്ന് വി.എസ്.അച്യുതാനന്ദന്‍. വിജിലന്‍സ് ഡയറക്ടര്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ മാത്രമാണ് ഹൈക്കോടതി റദ്ദാക്കിയതെന്നും തന്റെ ഹര്‍ജിയില്‍ തുടര്‍ നടപടികള്‍ വേണമെന്നും വി.എസ് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയില്‍ ആവശ്യപ്പെട്ടു.

ഹൈക്കോടതി ഉത്തരവില്‍ തന്റെ ഹര്‍ജിയെക്കുറിച്ച് യാതൊരു പരാമര്‍ശവുമില്ല. അതിനാല്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷണും എതിരായ ആരോപണങ്ങളില്‍ തുടര്‍ നടപടി വേണമെന്ന് വി.എസ് ആവശ്യപ്പെട്ടു. സമാന സ്വഭാവമുള്ള കേസായതിനാല്‍ പുതിയ ഹര്‍ജിയുടെ ആവശ്യമില്ലെന്ന് വിജിലന്‍സും കോടതിയില്‍ ചൂണ്ടിക്കാട്ടി. കേസ് ഈ മാസം 13-ലേക്ക് മാറ്റി.