പ്രവാസി ആത്മഹത്യ; എഐവൈഎഫി നെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ രംഗത്ത്

0
87

പുനലൂര്‍: ഇളമ്പലില്‍  ഐക്കരക്കോണം സ്വദേശി സുഗതന്‍ ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ രംഗത്ത്.
20 വര്‍ഷമായി നികന്നു കിടന്ന പ്രദേശത്താണ് സുഗതന്‍ താത്കാലിക ഷെഡ് നിര്‍മിച്ച് ഒരു വര്‍ക്ക്‌ഷോപ്പ് ആരംഭിക്കാന്‍ ശ്രമിച്ചത്. ഷെഡ് നിര്‍മാണം പൂര്‍ത്തിയാക്കിയപ്പോഴാണ് കൊടി കുത്താനായി എഐവൈഎഫ് എത്തിയത്. എഐവൈഎഫിന്റെ പ്രാദേശിക നേതൃത്വവുമായി ബന്ധമുള്ള ഒരാളുടെ ഉടമസ്ഥതയിലുള്ള പുനലൂരിലെ ഒരു വര്‍ക്‌ഷോപ്പിനെ സഹായിക്കാനായിരുന്നു എഐവൈഎഫി ന്റെ ഈ നടപടി. നിക്ഷേപസൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റുമെന്ന എല്‍ഡിഎഫിന്റെ പൊതുനയത്തിന് തുരങ്കം വയ്ക്കുന്ന പ്രവൃത്തി ഭൂഷണമാണോയെന്ന് എഐവൈഎഫ് നേതാക്കള്‍ പുനരാലോചിക്കണമെന്ന് ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു. സുഗതന്റെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ കുടുംബത്തെ വിഷമിപ്പിക്കുന്ന തരത്തിലാണ് എഐവൈഎഫിന്റെ പ്രസ്താവനകള്‍.

നെല്‍വയലുകള്‍ സംരക്ഷിക്കപ്പെടണമെന്ന കൃത്യമായ നിലപാടാണ് ഡിവൈഎഫ്‌ഐ യ്ക്കുള്ളത്. ഈ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ച നിലപാട് പ്രശംസനീയമാണ്. സംഭവത്തിന് കാരണക്കാരായ മുഴുവന്‍ പ്രതികളെയും മാതൃകാപരമായി നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ഇനി ഇത്തരത്തില്‍ ഒരു ദാരുണ സംഭവം നമ്മുടെ നാട്ടില്‍ ഉണ്ടാവാതിരിക്കാന്‍ അത് അനിവാര്യമാണെന്നും ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സന്തോഷ് കുമാര്‍, സെക്രട്ടറി പ്രേം സിംഗ്, ട്രഷറര്‍ എസ് എന്‍ രാജേഷ് എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.