ഭൂമിയിലേക്ക് പതിക്കാനൊരുങ്ങി ചൈനീസ് ബഹിരാകാശ നിലയം; അപകട ഭീഷണിയില്‍ കേരളവും

0
72

ബെയ്ജിങ്: ചൈനയുടെ ആദ്യ ബഹിരാകാശ നിലയം ആഴ്ചകള്‍ക്കുള്ളില്‍ ഭൂമിയില്‍ പതിക്കുമെന്ന മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍. എന്നാല്‍, ‘ടിയാന്‍ഗോങ്-1’ നിലയം എവിടെയാകും പതിക്കുകയെന്ന കാര്യത്തില്‍ ഇതുവരെയും ധാരണയായിട്ടില്ല. നിലയം ഭൗമാന്തരീക്ഷത്തില്‍ പ്രവേശിച്ചാല്‍ മാത്രമേ ഇത്‌ വ്യക്തമാകുകയുള്ളുവെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. എന്നാല്‍, നിലയം പതിക്കാന്‍ ഏറ്റവും സാധ്യതയുള്ള സ്ഥലങ്ങളുടെ പട്ടികയില്‍ കേരളവും ഉള്‍പെട്ടിട്ടുള്ളതായി യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയായ ഇഎസ്എ നേരത്തെ വ്യക്തമാക്കിയിരുന്നു.

യുഎസിന്റെ എയ്‌റോ സ്‌പേസ് കോര്‍പ്പറേഷന്റെ നിഗമനമനുസരിച്ച് ‘ടിയാന്‍ഗോങ്-1’ ഏപ്രില്‍ ആദ്യം ഭൗമാന്തരീക്ഷത്തിലേക്ക് തിരികെ പ്രവേശിക്കും. എന്നാല്‍, യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ പ്രവചനപ്രകാരം മാര്‍ച്ച് 24നും ഏപ്രില്‍ 19നും ഇടയ്ക്ക് നിലയം താഴേക്ക് പതിക്കും.

നിലയത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായി 2016ല്‍ ചൈന
സമ്മതിച്ചിരുന്നു. നിലയത്തിന്റെ ഒരു ഭാഗം ഭൂമിയില്‍ പതിക്കാനുള്ള സാധ്യതയുണ്ടെന്ന് എയ്‌റോ സ്‌പേസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നു. വിഷലിപ്തവും ദ്രവീകരണശേഷിയുള്ളതുമായ അപകടകരമായ ഇന്ധനം ബഹിരാകാശ നിലയം വഹിക്കുന്നുണ്ടെന്നും അവര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. അന്തരീക്ഷത്തില്‍ത്തന്നെ ഭാരത്തിന്റെ ഭൂരിഭാഗവും കത്തിനശിക്കുമെങ്കിലും 100 കിലോയോളം ഭൂമിയില്‍ പതിക്കുമെന്ന് ശാസ്ത്രജ്ഞര്‍ കണക്കുകൂട്ടുന്നു.

2011ലാണ് 8500 ടണ്‍ ഭാരമുള്ള ‘ടിയാന്‍ഗോങ്-1’ ബഹിരാകാശ നിലയം ചൈന വിക്ഷേപിച്ചത്. രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ മാതൃകയില്‍(ഐഎസ്എസ്) ചൈന വികസിപ്പിച്ചതാണ് ടിയാന്‍ഗോങ്. ചൈനീസ് ശാസ്ത്രജ്ഞര്‍ക്ക് മാസങ്ങളോളം ബഹിരാകാശത്ത് തങ്ങി പരീക്ഷണങ്ങള്‍ നടത്താനുള്ള അവസരമൊരുക്കുകയായിരുന്നു പ്രധാന ലക്ഷ്യം. നിലവില്‍ ആളുകളില്ലാതെയാണ് ടിയാന്‍ഗോങ് വിക്ഷേപിച്ചിരിക്കുന്നത്.