ലൈറ്റ് മെട്രോ പദ്ധതിക്ക് ഇ. ശ്രീധരന്‍ ഇല്ലെങ്കിലും പ്രശ്‌നമില്ല: ജി. സുധാകരന്‍

0
70

തിരുവനന്തപുരം: ലൈറ്റ് മെട്രോ പദ്ധതികള്‍ നടപ്പാക്കാന്‍ ഡിഎംആര്‍സി ഇല്ലെങ്കിലും യാതൊരു പ്രശ്‌നവുമില്ലെന്നു മന്ത്രി ജി.സുധാകരന്‍. നയപരമായ കാര്യങ്ങളില്‍ ഇ. ശ്രീധരന്‍ ഇടപെടേണ്ടെന്ന് സുധാകരന്‍ പറഞ്ഞു. സല്‍പ്പേരുണ്ടെന്നുവച്ചു സര്‍ക്കാരിനെതിരെ യുദ്ധം ചെയ്യാന്‍ വരേണ്ട. കൊടുക്കാത്ത കരാര്‍ ചോദിച്ചു വാങ്ങാന്‍ ശ്രീധരന് എന്തധികാരമെന്നും സുധാകരന്‍ ചോദിച്ചു.

അതേസമയം, മെട്രോമാന്‍ ഇ. ശ്രീധരനെ ഒഴിവാക്കിയ സംസ്ഥാന സര്‍ക്കാര്‍ തങ്ങളുടെ താല്‍പര്യത്തിനനുസരിച്ചുള്ള കമ്പനിയെ പദ്ധതിയിലേക്ക് കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം വി. മുരളീധരന്‍ ആരോപിച്ചു. ഇഷ്ടക്കാരായ കമ്പനിക്ക് ലൈറ്റ് മെട്രോയുടെ നിര്‍മാണം നല്‍കാനും അതുവഴി അഴിമതിക്ക് കളമൊരുക്കാനുമുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും, കേരളത്തിനുശേഷം ലൈറ്റ് മെട്രോയ്ക്ക് അപേക്ഷ നല്‍കിയ ലക്നൗവില്‍ ട്രെയിന്‍ ഓടിത്തുടങ്ങിയെന്നും മുരളീധരന്‍ പറഞ്ഞു.

ലൈറ്റ് മെട്രോ പദ്ധതിയില്‍ നിന്ന് ഡിഎംആര്‍സി പിന്മാറിയത് സര്‍ക്കാരിന്റെ അനാസ്ഥ മൂലമാണെന്ന് ഇ. ശ്രീധരന്‍ വ്യക്തമാക്കി. പലതവണ കത്തയച്ചിട്ടും പദ്ധതിക്കായി സര്‍ക്കാര്‍ ഒരു നടപടിയുമെടുത്തിട്ടില്ല. കരാര്‍ ഒപ്പിടുകയോ പുതുക്കിയ ഡിപിആര്‍ അംഗീകരിക്കുകയോ ചെയ്തിട്ടില്ല. പിന്മാറുന്നത് നടുക്കത്തോടെയും നിരാശയോടെയുമാണെന്നും ശ്രീധരന്‍ പറഞ്ഞു. കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതികളില്‍ നിന്നാണ് കണ്‍സള്‍ട്ടന്റുമാരായ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ (ഡിഎംആര്‍സി) പിന്മാറിയത്.