വിവാദ ഭൂമി ഇടപാട്: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

0
47

കൊച്ചി: സീറോ മലബാര്‍ സഭയുടെ വിവാദ ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ അന്വേഷണം നടത്താന്‍ ഹൈക്കോടതിയുടെ ഉത്തരവ്. ആലഞ്ചേരി ഉള്‍പ്പെടെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട നാല് പേര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താനാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.

കോടതി പരാമര്‍ശങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിക്കരുതെന്നും നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കണമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
രാവിലെ മുതല്‍ നടന്ന കോടതി നടപടികളില്‍ കര്‍ദിനാളിനെതിരെ രൂക്ഷമായ പരാമര്‍ശങ്ങളാണ് കോടതി നടത്തിയത്. കര്‍ദിനാള്‍ രാജാവല്ലെന്നും ആരും നിയമത്തിന് അതീതരല്ലെന്നും കോടതി വിമര്‍ശിച്ചിരുന്നു.

വിവാദ ഭൂമി ഇടപാടില്‍ മജിസ്ട്രേറ്റ് തല അന്വേഷണം നടക്കുന്നുണ്ടെന്നും അതിനാല്‍ തന്നെ പൊലീസ് അന്വേഷണം ആവശ്യമില്ലെന്നും കര്‍ദിനാളിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ നിലപാടെടുത്തിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ പൊലീസ് അന്വേഷണം നടത്തുന്നത് മജിസ്ട്രേറ്റ് തല അന്വേഷണത്തിന് തടസമല്ലെന്ന് കോടതി അറിയിച്ചു.