വെള്ളമില്ലാതാകുന്ന ലോകത്തിലെ ആദ്യ നഗരമാകുമോ കേപ് ടൗണ്‍?

0
127

ചരിത്രത്തിലെ ഏറ്റവും കൊടിയ വരള്‍ച്ച കേപ് ടൗണിനെ ബാധിച്ചിരിക്കുന്നു. വെള്ളമില്ലാതാകുന്ന ലോകത്തിലെ ആദ്യ നഗരമാകും കേപ് ടൗണ്‍. ‘ഡേ സീറോ’ എന്ന സ്ഥിതിവിശേഷത്തിലേയ്ക്ക് നടന്നടുക്കുകയാണ് ഈ ദക്ഷിണാഫ്രിക്കന്‍ നഗരം. ഇനി 93 ദിവസങ്ങളാണ് ഡേ സീറോയിലെത്താനുള്ളത്. നിലവില്‍ ജൂലായ് ഏഴിന്‌ കേപ്ടൗണിലെ ജലലഭ്യത പരിപൂര്‍ണമായി നിലയ്ക്കുമെന്നാണ് നിഗമനം. തുടര്‍ച്ചയായി മൂന്ന് വര്‍ഷങ്ങളില്‍ മഴയുടെ ലഭ്യത വളരെ കുറഞ്ഞതാണ് ഇത്തരമൊരു അവസ്ഥയ്ക്ക് കാരണമായത്. ഇത്തരം പ്രതിഭാസങ്ങള്‍ പ്രവചിക്കുക എന്നത് ശാസ്ത്രജ്ഞര്‍ക്ക് പോലും അസാധ്യമാണ്.

കാലാവസ്ഥ വ്യതിയാനമാണ് കേപ്ടൗണിന്റെ ദുരവസ്ഥയുടെ പ്രധാന കാരണം. വരും വര്‍ഷങ്ങളില്‍ ഇത്തരത്തിലുള്ള പ്രകൃതി ദുരന്തങ്ങള്‍ ലോകമൊട്ടാകെ സംഭവിക്കാനിടയുണ്ടെന്നാണ് കരുതപ്പെടുന്നത്. വെള്ളപ്പൊക്കം, ചുഴലിക്കാറ്റ്, വരള്‍ച്ച തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ സംഭവിക്കുന്നതില്‍ കാലാവസ്ഥാ വ്യതിയാനത്തിന് വലിയ പങ്കാണുള്ളത്. വര്‍ഷകാലവും വേനല്‍ക്കാലവും സ്വാഭാവികമായി ഉണ്ടാകുന്ന കേപ്ടൗണില്‍ ആഗോളതാപനം വേനലിനെ രൂക്ഷമാക്കിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിലൂടെ മഴയുടെ അളവ് കുറയുകയും താപനില കൂടുകയും ചെയ്യും.

കാലാവസ്ഥാ വ്യതിയാനം കൊണ്ട് വെള്ളമില്ലാതെയാകുന്ന ആദ്യ നഗരം കേപ്ടൗണ്‍ ആണെങ്കിലും അവസാന നഗരം കേപ് ടൗണ്‍ ആകില്ല. മെക്‌സിക്കോ സിറ്റി, സാവോ പൗളോ, ലണ്ടന്‍ തുടങ്ങിയ പ്രധാന സ്ഥലങ്ങളിലും മഴയുടെ ലഭ്യത തുലോം കുറഞ്ഞാല്‍ വേണ്ടത്ര തയ്യാറെടുപ്പുകള്‍ നടത്തിയില്ലെങ്കില്‍ ഡേ സീറോ സംഭവിക്കാം.

ഐക്യരാഷ്ട്രസഭയുടെ അഭിപ്രായത്തില്‍, 2025ഓടു കൂടി കാലാവസ്ഥാ വ്യതിയാനം, ജനസംഖ്യാ വര്‍ദ്ധനവ്, ഉപഭോഗം എന്നിവയുടെ ഫലമായി മൂന്നില്‍ രണ്ട് ആഗോള ജനസംഖ്യക്കും ജലവിഭവങ്ങളുടെ അഭാവം ഉണ്ടാകും.

ജലപ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേപ്ടൗണിലെ ജനങ്ങളുടെ ജലവിനിയോഗത്തിന് കൂടുതല്‍ നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 2015ല്‍ 1200 മില്യണ്‍ ലിറ്റര്‍ ജലം വിനിയോഗിക്കാമായിരുന്നെങ്കില്‍ ഇപ്പോഴത്‌ 600 മില്യണ്‍ ലിറ്റര്‍ ആയാണ് കുറച്ചിരിക്കുന്നത്. വരള്‍ച്ചയെ ലഘൂകരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുമ്പോഴും ഹരിതഗൃഹ വാതകങ്ങള്‍ പോലുള്ള കാരണങ്ങളെ തടയാനാകുന്നില്ല എന്നതാണ് വാസ്തവം.