ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി-20: ഇന്ത്യയ്ക്ക് ബാറ്റിംഗ്; വിജയ് ശങ്കര്‍ അരങ്ങേറും

0
85

കൊളംബോ: ത്രിരാഷ്ട്ര പരമ്പരയില്‍ ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ട്വന്റി-20 മത്സരത്തില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ്. ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. വിരാട് കോഹ്‌ലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മയാണ് ഇന്ത്യയെ നയിക്കുന്നത്. ഇന്ത്യന്‍ നിരയില്‍ തമിഴ്‌നാട് താരം വിജയ് ശങ്കര്‍ രാജ്യാന്തര ട്വന്റി20യില്‍ അരങ്ങേറ്റം കുറിക്കും.

രോഹിത് ശര്‍മ, വിജയ് ശങ്കര്‍ എന്നിവര്‍ക്കു പുറമെ ശിഖര്‍ ധവാന്‍, സുരേഷ് റെയ്‌ന, മനീഷ് പാണ്ഡെ, ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), റിഷഭ് പന്ത്, വാഷിങ്ടന്‍ സുന്ദര്‍, ശാര്‍ദുല്‍ താക്കൂര്‍, ജയ്‌ദേവ് ഉനദ്ഘട്, യുസ്വേന്ദ്ര ചാഹല്‍ എന്നിവരാണ് ഇന്ത്യന്‍ നിരയിലുള്ളത്. അതേസമയം, ഏഴു ബാറ്റ്‌സ്മാന്‍മാരും നാലു ബോളര്‍മാരുമായാണ് ശ്രീലങ്ക ഇറങ്ങുന്നത്.

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുശേഷം ഇന്ത്യയുടെ പ്രമുഖ താരങ്ങളെല്ലാം വിശ്രമത്തിലാണ്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ മങ്ങിപ്പോയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മനീഷ് പാണ്ഡെ, സുരേഷ് റെയ്‌ന, ദിനേശ് കാര്‍ത്തിക്ക്, കെ.എല്‍. രാഹുല്‍, ഷാര്‍ദുല്‍ താക്കൂര്‍, ജയദേവ് ഉനദ്കട്, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ക്ക് 19 മാസം അകലെയുള്ള ലോകകപ്പ് ടീമില്‍ സ്ഥാനം തേടാനും ഇവിടെ മികച്ച പ്രകടനം പുറത്തെടുത്തെ മതിയാവൂ. ബംഗ്ലദേശില്‍ നടന്ന ത്രിരാഷ്ട്ര ഏകദിന ടൂര്‍ണമെന്റ് ജയിച്ച ആത്മവിശ്വാസത്തിലാണ് ശ്രീലങ്ക.