സര്‍വകലാശാലകളിലെ വിദ്യാര്‍ഥികള്‍ക്കായി അടിസ്ഥാന സൈനിക പരിശീലന പരിപാടി സംഘടിപ്പിച്ചു

0
61

ദോഹ: സര്‍വകലാശാലകളിലെ ബിരുദ വിദ്യാര്‍ഥികള്‍ക്കായി പൊലീസ് കോളേജ് സിക്രീത് സൈനിക ക്യാംപില്‍ സംഘടിപ്പിച്ച അടിസ്ഥാന പരിശീലന കോഴ്‌സ് സമാപിച്ചു. ലെഖ്വിയ ഫോഴ്‌സുമായി സഹകരിച്ച് രണ്ടാഴ്ച നീണ്ടു നിന്ന പരിശീലന പരിപാടിയായിരുന്നു പൊലീസ് കോളേജ് സംഘടിപ്പിച്ചത്. സര്‍വകലാശാലകളിലെ 63 വിദ്യാര്‍ഥികള്‍ നിര്‍ബന്ധിത പരിശീലന പരിപാടിയില്‍ പങ്കെടുത്തു. ജനവാസ മേഖലയിലെ പോരാട്ടവുമായി ബന്ധപ്പെട്ട അടിസ്ഥാന പരിശീലനങ്ങളാണ് കോഴ്‌സില്‍ നല്‍കിയതെന്ന് ക്യാപ്റ്റന്‍ അലി മുബാറക് അല്‍ സോബഈ പറഞ്ഞു.

ഷൂട്ടിങ്, നുഴഞ്ഞുകയറ്റം, ഹെലികോപ്റ്റര്‍ ഇറങ്ങുന്നത്, ചെറിയ- ഇടത്തരം ആയുധങ്ങളുടെ ഉപയോഗം, ആധുനിക ആയുധങ്ങളുടെയും സംവിധാനങ്ങളുടെയും ഉപയോഗം തുടങ്ങിയവയിലാണ് പരിശീലനം നല്‍കിയത്. ബിരുദദാന സമ്മേളനത്തില്‍ ആഭ്യന്തര മന്ത്രാലയം ഉപദേഷ്ടാവും പൊലീസ് കോളജ് സുപ്രീം കൗണ്‍സില്‍ വൈസ് പ്രസിഡന്റുമായ മേജര്‍ ജനറല്‍ ഡോ. അബ്ദുല്ല യൂസഫ് അല്‍ മാല്‍, പൊലീസ് കോളജ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ഡോ. മുഹമ്മദ് അബ്ദുല്ല അല്‍ മൊഹന്ന തുടങ്ങിയവര്‍ പങ്കെടുത്തു.