ആട് ഒരു ഭീകരജീവിയാണ് വീണ്ടും തിയേറ്ററുകളിലേയ്ക്ക്‌

0
105

ആട് ഒരു ഭീകരജീവിയാണ് വീണ്ടും തിയേറ്ററുകളിലേയ്ക്ക്‌ എത്തുന്നു. ആട് ആദ്യ ഭാഗത്തിന് തിയേറ്ററുകളില്‍ വിജയം നേടാന്‍ കഴിഞ്ഞിരുന്നില്ല. അതിലെ ഷാജി പാപ്പനും സര്‍ബത്ത് ഷമീറും അറക്കല്‍ അബുവുമൊക്കെ പ്രേക്ഷക മനസില്‍ ചേക്കേറിയ കഥാപാത്രങ്ങളായിരുന്നു. സോഷ്യല്‍ മീഡിയയിലടക്കം ഈ കഥാപാത്രങ്ങള്‍ക്ക് വമ്പിച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഇതേ തുടര്‍ന്നാണ് ആടിന്റെ
രണ്ടാം ഭാഗം എത്തിയത്.

കേരളത്തിലെ അമ്പതിലേറെ തിയേറ്ററുകളിലാണ് ആട് ആദ്യ ഭാഗം വീണ്ടും
റിലീസ് ചെയ്യുന്നത്. മാര്‍ച്ച് 16ന് ചിത്രം തിയേറ്ററുകളില്‍ എത്തുമെന്ന് നിര്‍മാതാവ്‌
വിജയ് ബാബു പറഞ്ഞു.

ഒരാഴ്ചത്തേയ്ക്കായിരിക്കും ചിത്രം തിയേറ്ററുകളിലെത്തുക. ആട് ആദ്യ ഭാഗം തിയേറ്ററുകളില്‍ പരാജയപ്പെട്ടെങ്കിലും ഡിവിഡികളിലൂടെ ചിത്രം ഹിറ്റായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ആട് രണ്ട് ഇറക്കിയത്. ആട് രണ്ട് വിജയിക്കുകയും സാമ്പത്തിക ലാഭം ഉണ്ടാക്കുകയും ചെയ്ത സാഹചര്യത്തിലാണ് ആട് ഒരു ഭീകരജീവിയാണ് വീണ്ടും റിലീസ് ചെയ്യുന്നത്.

മിഥുന്‍ മാനുവൽ തോമസിന്റെ സംവിധാനത്തിൽ 2015 ഫെബ്രുവരിയിൽ പുറത്തിറങ്ങിയ ഹാസ്യ ചിത്രമാണ്‌ ആട്: ഒരു ഭീകരജീവിയാണ് അഥവാ ആട്. ഒരു റോഡ് മൂവിയായി നിർമിച്ചിരിക്കുന്ന ചിത്രമായിരുന്നു ഇത്.

തീയറ്ററിൽ പരാജയപ്പെട്ട ഒരു സിനിമയുടെ രണ്ടാം ഭാഗത്തിനു വേണ്ടി കേരളം ഇത്രയ്ക്ക് അക്ഷമരായി ഇതുവരെ കാത്തിരുന്നിട്ടുണ്ടാവില്ല. തിയറ്ററിൽ പരാജയപ്പെട്ട ചിത്രത്തിന് രണ്ടാം ഭാഗമിറക്കുന്നത് ഇന്ത്യൻ സിനിമയിൽ ആദ്യമായിട്ടിരിക്കും. തീയറ്ററിൽ പണം വാരിയില്ലെങ്കിലും വലിയ സ്വീകാര്യതയാണ് പിന്നീട് ‘ആട് ഒരു ഭീകരജീവി’ക്കു ലഭിച്ചത്. എന്നാല്‍ ആട് 2 സൂപ്പര്‍ ഹിറ്റായി.

കേരളത്തിലെ ഒരു മലയോര ഗ്രാമത്തിലുള്ള വടംവലി ടീമിലെ ഏഴ് ചെറുപ്പക്കാരുടെയും, സമ്മാനമായി ഒരു ആട് ലഭിച്ചശേഷം അവർക്ക് നേരിടേണ്ടി വന്ന വെല്ലുവിളികളുടെ കഥയുമാണ് ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രത്തിൽ പറഞ്ഞുപോകുന്നത്.

ഈ സിനിമയിൽ ആടിന് ഒരു പ്രധാന വേഷമാണ് ഉള്ളത്. ഒരു ആട് കുറച്ചു പേരുടെ ജീവിതങ്ങളിൽ വരുത്തുന്ന വിനയെ കുറിച്ചാണ് ഈ സിനിമയിൽ പറയുന്നത്. മറ്റു കഥാപാത്രങ്ങളും കൂടി ചേരുമ്പോൾ സിനിമ കൂടുതൽ രസകരമാകുന്നു. ഇത് മുഴുനീളൻ തമാശ ചിത്രം ആണ്. പോലീസുകാരും രണ്ടു വിപ്ലവകാരികളും കൂടി ചേരുമ്പോൾ ചിത്രം കൂടുതൽ രസകരമാകുന്നു. പകുതി ആകുമ്പോൾ ചിത്രം മറ്റൊരു വഴിത്തിരിവിലേക്ക് എത്തുന്നു. നീല കൊടുംവേലി എന്ന അപൂർവസസ്യത്തിന്റെ പിന്നാലെ പോകുന്നു. ഒടുവിൽ ഈ സസ്യത്തെ ആട് തിന്നുന്നു.

ആട് ഒന്നില്‍ അഭിനയിച്ച താരങ്ങളെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളത്. ജയസൂര്യ, ഭഗത് മാനുവല്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, സൈജു കുറുപ്പ്, വിനായകന്‍, അജു വർഗീസ്, വിജയ് ബാബു, സണ്ണി വെയ്ന്‍, രഞ്ജിപണിക്കര്‍, സാന്ദ്രാ തോമസ്, രൺജി പണിക്കർ, ചെമ്പൻ വിനോദ് ജോസ്, ഇന്ദ്രൻസ്, ധർമ്മജൻ ബോൾഗാട്ടി, ബിജുക്കുട്ടൻ, സൈജു കുറുപ്പ്, ചെമ്പിൽ അശോകൻ എന്നിവര്‍.

താരങ്ങളെ നാം ഇതുവരെ കണ്ടതില്‍ നിന്ന് വ്യത്യസ്തമായ ഗെറ്റപ്പില്‍ അവതരിപ്പിക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചു. സണ്ണി വെയിനിന്റെ സാത്താനും, ചെമ്പന്റെ ഹക്കീമും, ഇന്ദ്രന്‍സിന്റെ ശശിയും, സൈജു കുറുപ്പിന്റെ അബുവും, മൃഗസ്‌നേഹിയായി എത്തുന്ന സാന്ദ്രാ തോമസ് ഒക്കെ ഇതിന് ഉദാഹരണം. വെള്ള ആടാണെങ്കിലും പിങ്കി എന്നാണ് ഇവളെ വിളിക്കുന്നത്. ആടും നന്നായി അഭിനയിച്ചിട്ടുണ്ട്

എസ്‌ഐ സര്‍ബത്ത് ഷെമീര്‍ ആയി സ്‌ക്രീനിലെത്തുന്നത് നിര്‍മാതാവ് കൂടിയായ വിജയ് ബാബു ആണ്. സല്‍മാന്‍ഖാന്‍ സ്റ്റൈല്‍ മീശയുമായി വിജയ് ബാബുവിന്റെ കോമഡി ശരിക്കും ചിരിപ്പിക്കും. ഷാജി പാപ്പന്റെ ചേട്ടന്‍ പാപ്പനായാണ് രഞ്ജി പണിക്കര്‍ എത്തുന്നത്. കോമഡിയും തനിക്ക് നന്നായി ചേരുമെന്ന് രഞ്ജി പണിക്കര്‍ തെളിയിച്ചു.

സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്ന, ഇപ്പോള്‍ വൈദ്യുതി മന്ത്രിയായ
എംഎം മണിയെ ഓര്‍മിപ്പിക്കുന്ന കഥാപാത്രത്തെയാണ് ഇന്ദ്രന്‍സ് അവതരിപ്പിച്ചിട്ടുള്ളത്. അധോലോക നായകനായിട്ടാണ് ചിത്രത്തില്‍ വിനായകന്‍ എത്തുന്നത്.