ആധാര്‍ ബന്ധിപ്പിക്കല്‍ തീയതി നീട്ടാന്‍ സന്നദ്ധമാണെന്ന്​ കേന്ദ്രം

0
75

ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ടും മൊബൈല്‍ ഫോണ്‍ നമ്പറും മറ്റു സേവനങ്ങളുമായും ആധാര്‍ ബന്ധിപ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച്‌ 31ല്‍ നിന്നും നീട്ടാമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. കഴിഞ്ഞ ഡിസംബര്‍ 15ന് ബാങ്ക് അക്കൗണ്ടുകള്‍, മൊബൈല്‍ നമ്പര്‍,സര്‍ക്കാര്‍ സേവനങ്ങള്‍ എന്നീ സേവനങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി സുപ്രീം കോടതി 2018 മാര്‍ച്ച്‌ 31 വരെ നീട്ടിയിരുന്നു.

ആധാര്‍ നിയമത്തിനെതിരായ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്ന ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടന ബെഞ്ചുമുമ്പാകെ അറ്റോണി ജനറല്‍ കെ.കെ. വേണുഗോപാലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മാര്‍ച്ച്‌ 31 ആണ് ആധാര്‍ ബന്ധിപ്പിക്കാനുള്ള അവസാന തീയതി. എന്നാല്‍, അതിനുമുമ്പ് കേസില്‍ വിധി വരാന്‍ സാധ്യതയില്ലാത്തതിനാല്‍ തീയതി നീട്ടിനല്‍കാന്‍ തയാറാണെന്ന് വേണുഗോപാല്‍ അറിയിച്ചു.

സമയപരിധി മാര്‍ച്ച്‌ 31ആയതിനാല്‍ ഹര്‍ജി ഉടന്‍ പരിഗണിക്കണമെന്ന് ഹരജിക്കാര്‍ക്കുവേണ്ടി ഹാജരായ ശ്യാം ദിവാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അറ്റോണി ജനറലിന്റെറ സാന്നിധ്യത്തില്‍ ഈ അപേക്ഷ പരിഗണിക്കാമെന്നു കോടതി അറിയിക്കുകയായിരുന്നു. ഹര്‍ജിക്കാരുടെ മൂന്ന് അഭിഭാഷകരുടെ വാദം മാത്രമാണ് പൂര്‍ത്തിയായത്. അഞ്ചുപേര്‍ കൂടി വാദം അവതരിപ്പിക്കാനുണ്ട്. അതിനുശേഷം കേന്ദ്ര സര്‍ക്കാറും മഹാരാഷ്ട്ര, ഗുജറാത്ത് സര്‍ക്കാറുകളും ആധാര്‍ ഏജന്‍സിയും മറുപടി നല്‍കണം. ഇത് മാര്‍ച്ച്‌ 31നകം പൂര്‍ത്തിയാകില്ലെന്നാണ് സൂചന.