ആന്ധ്രാ സംസ്ഥാനത്തിന് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ ബദ്ധശ്രദ്ധര്‍; അരുണ്‍ ജയ്റ്റ്‌ലി

0
70

ന്യൂഡല്‍ഹി: ടിഡിപി നേതാവും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിനെ അനുനയിപ്പിക്കാനുള്ള ശ്രമവുമായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. ആന്ധ്രാ വിഭജന സമയത്ത് സംസ്ഥാനത്തിന് നല്‍കിയിരുന്ന എല്ലാ വാഗ്ദാനങ്ങളും പാലിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രദ്ധാലുക്കളാണെന്ന് ജയ്റ്റ്‌ലി വ്യക്തമാക്കി. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ജയ്റ്റ്‌ലി നിലപാട് വ്യക്തമാക്കിയത്. ആന്ധ്രാപ്രദേശിന്റെ വരുമാന നഷ്ടം നികത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഇതിനകം 4,000 കോടി രൂപ നല്‍കിയിട്ടുണ്ട്. ഇനി നല്‍കാനുള്ളത് 138 കോടി രൂപ മാത്രമാണ്. മുമ്പ് വാഗ്ദാനം ചെയ്തിരുന്നത് പോലെ ആന്ധ്രയ്ക്ക് ‘പ്രത്യേക പദവി’യും സാമ്പത്തിക സഹായങ്ങളും ഉറപ്പാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ ബദ്ധശ്രദ്ധരാണെന്നും ജയ്റ്റ്‌ലി വ്യക്തമാക്കി.

അതേസമയം, രാഷ്ട്രീയ കാരണങ്ങളുടെ പേരില്‍ മാത്രം സഹായങ്ങള്‍ വര്‍ധിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് പരിമിതിയുണ്ടെന്നും ജയ്റ്റ്‌ലി പറഞ്ഞു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഫണ്ടുകളില്‍ സമാന അവകാശമാണുള്ളത്. എങ്കിലും ആന്ധ്രയുടെ വിഷമം തനിക്ക് മനസ്സിലാകുമെന്നും ജയ്റ്റ്‌ലി പറഞ്ഞു. സംസ്ഥാന വിഭജനം മൂലം അവര്‍ അനുഭവിച്ച ദുരിതങ്ങള്‍ തനിക്കറിയാമെന്നും ജയ്റ്റ്‌ലി വ്യക്തമാക്കി.

ആന്ധ്രാപ്രദേശിന് ‘പ്രത്യേക പദവി’ വേണമെന്ന ആവശ്യത്തില്‍ കലഹിച്ച് സഖ്യം വിടാനുള്ള ടിഡിപി യുടെ നീക്കം, ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കിനില്‍ക്കെ എന്ത് വില കൊടുത്തും തടയാനുള്ള ശ്രമത്തിലാണ് ബിജെപി. കേന്ദ്ര ബജറ്റില്‍ ആന്ധ്രാപ്രദേശിനെ അവഗണിച്ചുവെന്ന പരിഭവവും ടിഡിപിക്കുണ്ട്. ഇതിലുള്ള പ്രതിഷേധം പാര്‍ലമെന്റില്‍ ടിഡിപി അംഗങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. തുടര്‍ച്ചയായി പാര്‍ലമെന്റിന്റെ ഇരുസഭകളും സ്തംഭിപ്പിക്കുകയും ചെയ്തു.

എന്നാല്‍, കേന്ദ്രം അനുകൂലമായി പ്രതികരിക്കുന്നില്ലെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ കേന്ദ്രമന്ത്രിമാരായ വൈ.എസ് ചൗധരി, അശോക് ഗജപതി രാജു എന്നിവരോട് രാജിവയ്ക്കാന്‍ ആന്ധ്രാ മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടെതായാണ് വിവരം. എന്‍ഡിഎ സഖ്യം ഉപേക്ഷിക്കുന്ന കാര്യത്തില്‍ ഒന്നോ രണ്ടോ ദിവസത്തിനകം നായിഡു തീരുമാനമെടുക്കുമെന്ന് ടിഡിപി എംപി ശിവപ്രസാദ് വ്യക്തമാക്കിയിരുന്നു.