എസ്എസ്എല്‍സി പരീക്ഷ ഇന്ന് തുടങ്ങും

0
93

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം. മാര്‍ച്ച് ഏഴ് മുതല്‍ 28 വരെയാണ് എസ്.എസ്.എല്‍.സി പരീക്ഷ നടക്കുന്നത്. 4,41,103 വിദ്യാര്‍ഥികളാണ് ഇത്തവണ പത്താംതരം പരീക്ഷയെഴുതുന്നത്. 9,25,580 വിദ്യാര്‍ഥികള്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷയും 60,248 പേര്‍ വൊക്കേഷണല്‍ സെക്കന്‍ഡറി (വി.എച്ച്.എസ്.ഇ) പരീക്ഷയും എഴുതും. ഉച്ചക്കുശേഷം 1.45 മുതലാണ് എസ്.എസ്.എല്‍.സി പരീക്ഷ. രാവിലെ പത്ത് മുതലാണ് ഹയര്‍സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ പരീക്ഷകള്‍.

എസ്.എസ്.എല്‍.സി പരീക്ഷയെഴുതാന്‍ കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ 14805 വിദ്യാര്‍ഥികള്‍ കുറവാണ്. കഴിഞ്ഞവര്‍ഷം പരീക്ഷക്ക് അപേക്ഷിച്ചത് 455908 പേരായിരുന്നു. ഇത്തവണ ഇത് 4,41,103 ആയി കുറഞ്ഞു. 224564 ആണ്‍കുട്ടികളും 216539 പെണ്‍കുട്ടികളുമാണ് ഇത്തവണ പരീക്ഷയെഴുതുന്നത്. 2751 പേര്‍ പ്രൈവറ്റായും പരീക്ഷയെഴുതുന്നുണ്ട്. 2935 പരീക്ഷാ കേന്ദ്രങ്ങളാണ് ഇത്തവണയുള്ളത്. ഇതില്‍ 1160 സര്‍ക്കാര്‍ സ്‌കൂളുകളിലായി 144999 പേരും 1433 എയ്ഡഡ് സ്‌കൂളുകളില്‍ നിന്ന് 264980 പേരും പരീക്ഷയെഴുതുന്നു.

453 അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍നിന്നായി 31118 വിദ്യാര്‍ഥികളും പരീക്ഷയെഴുതും. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്നത് മലപ്പുറം ജില്ലയിലെ എടരിക്കോട് പി.കെ.എം.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് -2422 പേര്‍. കുറവ് വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്നത് കോഴിക്കോട് ബേപ്പൂര്‍ ജി.ആര്‍.എഫ്.ടി.എച്ച്.എസ് ആന്‍ഡ് വി.എച്ച്.എസില്‍ ആണ് -രണ്ട് വിദ്യാര്‍ഥികള്‍ മാത്രം. ഗള്‍ഫിലെ ഒമ്പത് പരീക്ഷ കേന്ദ്രങ്ങളിലായി 550 പേര്‍ പരീക്ഷയെഴുതും.

ലക്ഷദ്വീപിലെ ഒമ്പത് കേന്ദ്രങ്ങളില്‍ 789 വിദ്യാര്‍ഥികളും പരീക്ഷക്കിരിക്കും. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്ന ജില്ല മലപ്പുറം ആണ്. മലപ്പുറം ജില്ലയില്‍നിന്ന് 79741 പേരും വിദ്യാഭ്യാസ ജില്ലയില്‍ നിന്ന് 26986 പേരും പരീക്ഷയെഴുതും. കുറവ് വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്നത് കുട്ടനാട് ജില്ലയിലാണ് -2268 പേര്‍. 3279 പേരാണ് ഇത്തവണ ടി.എച്ച്.എസ്.എല്‍.സി പരീക്ഷയെഴുതുന്നത്. ഇതില്‍ 2967 ആണ്‍കുട്ടികളും 312 പെണ്‍കുട്ടികളുമാണ്.

കേരളത്തിന് പുറമെ ലക്ഷദ്വീപ്, മാഹി, ഗള്‍ഫ് എന്നിവിടങ്ങളിലായി 2076 പരീക്ഷാ കേന്ദ്രങ്ങളാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷക്കുള്ളത്. ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറിയില്‍ 379819 വിദ്യാര്‍ഥികള്‍ റെഗുലറായും 69685 പേര്‍ സ്‌കോള്‍ കേരള (പഴയ ഓപണ്‍ സ്‌കൂള്‍) വഴിയും പരീക്ഷയെഴുതും. രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറിയില്‍ 372736 വിദ്യാര്‍ഥികള്‍ റെഗുലറായും 69971 പേര്‍ സ്‌കോള്‍ കേരള വഴിയും പരീക്ഷയെഴുതും. 33369 പേര്‍ കമ്പാര്‍ട്ട്മന്റെലായും പരീക്ഷക്ക് ഹാജരാകും. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്നത് മലപ്പുറം ജില്ലയിലും (160510) കുറവ് വയനാട് ജില്ലയിലുമാണ് (23313). പരീക്ഷാ ക്രമക്കേടുകള്‍ തടയുന്നതിന് സംസ്ഥാന, ആര്‍.ഡി.ഡി, ജില്ലതലങ്ങളില്‍ വിജിലന്‍സ് സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കും.

ഇതിനുപുറമെ സെക്രട്ടേറിയറ്റില്‍നിന്നുള്ള സ്‌ക്വാഡിനെയും നിയോഗിച്ചിട്ടുണ്ട്. 114 കേന്ദ്രങ്ങളില്‍ ഏപ്രില്‍ നാലിന് മൂല്യനിര്‍ണയം തുടങ്ങും. പരീക്ഷാ സംബന്ധമായ സംശയനിവാരണത്തിന് ഡയറക്ടറേറ്റില്‍ ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. പരീക്ഷാ ദിവസങ്ങളില്‍ രാവിലെ 8.30 മുതലും മറ്റ് ദിവസങ്ങളില്‍ പത്ത് മുതലും 0471 2338735 എന്ന നമ്പറില്‍ വിളിക്കാം.

29524 പേരാണ് ഒന്നാം വര്‍ഷ വി.എച്ച്.എസ്.ഇ പരീക്ഷയെഴുതുന്നത്. ഇതില്‍ 16935 പേര്‍ ആണ്‍കുട്ടികളും 12589 പെണ്‍കുട്ടികളുമാണ്. 29254 വിദ്യാര്‍ഥികളാണ് രണ്ടാം വര്‍ഷ വി.എച്ച്.എസ്.ഇ പരീക്ഷയെഴുതുന്നത്. ഇതില്‍ 16110 ആണ്‍കുട്ടികളും 13135 പെണ്‍കുട്ടികളുമാണ്. 1407 പേര്‍ പ്രൈവറ്റായും പരീക്ഷയെഴുതുന്നു.

ചോദ്യപേപ്പര്‍ തയ്യാറാക്കുന്നത് മുതല്‍ ഫലപ്രഖ്യാപനം വരെയുള്ള മുഴുവന്‍ നടപടിക്രമങ്ങളും കൃത്യമായി നടത്താന്‍ വിദ്യാഭ്യാസ വകുപ്പ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഏപ്രില്‍ അഞ്ച് മുതല്‍ 20 വരെ അഞ്ച് കേന്ദ്രങ്ങളിലായി മൂല്യനിര്‍ണ്ണയം നടക്കും. മൂല്യനിര്‍ണ്ണയം പൂര്‍ത്തിയായി ഒരാഴ്ച കൊണ്ട് ഫലപ്രഖ്യാപനം ഉണ്ടാകും. ഫലം പ്രഖ്യാപിക്കുന്ന തീയതി സര്‍ക്കാര്‍ പിന്നീട് അറിയിക്കും.