കുവൈത്തില്‍ 313 മരുന്നുകള്‍ക്ക് വില കുറച്ചു

0
65


കുവൈത്ത്‌ സിറ്റി: 313 മരുന്നുകള്‍ക്ക് വില കുറച്ച് കുവൈത്ത്‌. ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ.ബാസില്‍ അല്‍ സബാഹിന്റെ ഉത്തരവു പ്രകാരം മരുന്നുകള്‍ക്കും ഉപകരണങ്ങള്‍ക്കും 12-14% വിലക്കുറവ് ഉണ്ടാകുമെന്ന് മന്ത്രാലയത്തിലെ മെഡിസിന്‍സ് ആന്‍ഡ് മെഡിക്കല്‍ സപ്ലൈസ് വിഭാഗം അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി ഡോ.യൂസഫ് അല്‍ ദുവൈരി അറിയിച്ചു.

മരുന്നുവില ഏകീകരിക്കാനുള്ള ജിസിസി തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. തീരുമാനം വഴി മരുന്നു വിതരണക്കാരുടെയും വില്‍പനക്കാരുടെയും ലാഭവിഹിതത്തില്‍ കുറവുണ്ടാകില്ല.

ഇതിനകം കുവൈത്തില്‍ 3126 ഇനം മരുന്നുകള്‍ക്കും ഉപകരണങ്ങള്‍ക്കും വില കുറച്ചതായി മന്ത്രാലയത്തിലെ മരുന്നുവില നിര്‍ണയവിഭാഗം മേധാവി ഹിബ അല്‍ ഷൈജി അറിയിച്ചു. 86% വരെ വിലക്കുറവ് ഏര്‍പ്പെടുത്തിയ മരുന്നുകളും ഇക്കൂട്ടത്തിലുണ്ട്. കുവൈത്ത്‌ വിപണിയില്‍ വില്‍പനയ്ക്ക് അംഗീകാരമുള്ള 5414 ഇനം മരുന്നുകളാണുള്ളത്.