കെ.പി.സതീശന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ മാണിയുടെ നിതാന്ത ശത്രുവുമായുള്ള ബന്ധുത്വം; നിലപാടില്‍ ഉറച്ച് കേരള കോണ്‍ഗ്രസ്

0
297

എം.മനോജ്‌ കുമാര്‍

തിരുവനന്തപുരം: ബാര്‍ക്കോഴ കേസില്‍ കെ.എം.മാണിക്കെതിരെ തെളിവുണ്ടെന്നുള്ള സ്പെഷൽ പ്രോസിക്യൂട്ടർ കെ.പി.സതീശന്റെ ആരോപണത്തിനു പിന്നില്‍ കെ.എം.മാണിയുടെ നിതാന്ത ശത്രുവായ നേതാവുമായുള്ള ബന്ധുത്വമാണെന്ന് കേരള കോണ്‍ഗ്രസ്‌.

ബാര്‍ കോഴ കേസില്‍ മാണിയെ രക്ഷിക്കാൻ ഗൂഢാലോചന നടക്കുന്നുണ്ടെന്നുള്ള സതീശന്റെ ആരോപണത്തിന് കാരണം ഈ ബന്ധുത്വം തന്നെയാണെന്ന് കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസഫ് എം പുതുശ്ശേരി 24 കേരളയോട് പറഞ്ഞു. പാലാ നിയോജക മണ്ഡലത്തിൽ തന്നെയുള്ള കെ.എം.മാണിയുടെ നിതാന്ത ശത്രുവായ ഒരു ഉന്നത നേതാവുമായുള്ള കെ.പി. സതീശന്റെ ‘ബന്ധുത്വം’ യാദൃശ്ചികമാണോ? – പുതുശ്ശേരി ചോദിച്ചു.

കെ.പി.സതീശനെതിരെ തന്റെ ഫെയ്സ് ബുക്ക്‌ കുറിപ്പില്‍ ഉയര്‍ത്തിയ എല്ലാ ആരോപണങ്ങളിലും ഉറച്ചു നില്‍ക്കുന്നതായി പുതുശ്ശേരി പറഞ്ഞു. ബാര്‍ക്കോഴ കേസില്‍ തെളിവില്ലെന്ന വിജിലന്‍സിന്റെ അന്തിമ റിപ്പോര്‍ട്ടിനെതിരെ ശക്തമായ വാദമുഖങ്ങള്‍ നിരത്തിയാണ്‌ കേസിലെ സ്പെഷൽ പ്രോസിക്യൂട്ടർ ആയിരുന്ന കെ.പി.സതീശന്‍ രംഗത്ത് വന്നത്.

ബാര്‍ക്കോഴ കേസിലെ ഗൂഢാലോചനയിൽ ഉന്നതർക്കു പങ്കുണ്ടെന്നു സംശയിക്കുന്നു. കേസിൽ അന്വേഷണം തുടരാനായിരുന്നു തന്റെ നിയമോപദേശം. മാണിക്കെതിരെ തെളിവുണ്ടെന്നു തന്നെയാണു ഇപ്പോഴും തന്റെ നിലപാട്. അന്വേഷിക്കാൻ താന്‍ നിർദേശിച്ച ബാര്‍ക്കോഴ കേസാണ് ഇപ്പോള്‍ വിജിലന്‍സ് അവസാനിപ്പിച്ചതെന്നും കഴിഞ്ഞ ദിവസം സതീശന്‍ പറഞ്ഞിരുന്നു.

സതീശനെതിരെ കടുത്ത ആരോപണങ്ങളാണ് ജോസ്ഫ് എം പുതുശ്ശേരി ഫെയ്‌സ് ബുക്കില്‍ കുറിച്ചത്. ബാർ കോഴക്കേസിൽ കെ.എം.മാണിക്കെതിരേ തെളിവില്ല എന്ന അന്തിമ റിപ്പോർട്ട് വിജിലൻസ് ഇന്നലെ കോടതിയിൽ സമർപ്പിച്ചു. ഇനി കോടതിയാണ് തീർപ്പ് കൽപിക്കേണ്ടതു്. മൂന്നാം തവണയും അന്വേഷിച്ചിട്ടും ഒരു തെളിവും കണ്ടെത്താനായില്ല എന്ന വസ്തുതക്കു പകരം വിജിലൻസ് കേസ് ഒതുക്കുന്നു എന്നതായിരുന്നു വാർത്ത.

കഴിഞ്ഞ രണ്ടു വർഷത്തോളമായി ഹൈക്കോടതി ഈ കേസ് വിശദമായി പരിഗണിച്ചിരുന്നുവെന്ന കാര്യം ഇവിടെ സൗകര്യപൂര്‍വം വിസ്മരിക്കുകയാണ്. വിജിലൻസ് ഒരോരോ കാരണങ്ങൾ പറഞ്ഞു എത്രയോ തവണ അന്വേഷണത്തിനു സമയം നീട്ടി ചോദിച്ചു. ഒടുവിൽ തൽസ്ഥിതി റിപ്പോർട്ട് മുദ്ര വെച്ച കവറിൽ ഹൈക്കോടതിയിൽ സമർപ്പിച്ച വിജിലൻസിനോട് 45 ദിവസത്തിനകം അന്തിമ റിപ്പോർട്ട് വിജിലൻസ് കോടതിയിൽ സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശിക്കുകയായിരുന്നു. അതു പ്രകാരമാണ് ഇന്നലെ അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്.

അതിനേക്കാൾ വാർത്തയായതു സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.പി.സതീശന്റെ പ്രതികരണമായിരുന്നു. തന്റെ അധികാര പരിധിയും നിയമനോദ്ദേശവും ലംഘിച്ചു നടത്തിയ ഈ പ്രതികരണം രാജ്യത്തെ നിയമ വ്യവസ്ഥക്കും സുപ്രീം കോടതി നിർദ്ദേശങ്ങൾക്കും വിരുദ്ധമാണ്. കേസന്വേഷണത്തിൽ കോടതികൾ പോലും ഇടപെടില്ലെന്നിരിക്കെ അന്വേഷണത്തെ നിയന്ത്രിക്കുന്നതും സ്വാധീനിക്കുന്നതുമായ തരത്തിലാണ് സതീശന്റെ പ്രതികരണം.

മുൻവിധിയില്ലാതെ, മുൻകൂട്ടി പ്രതിയെ നിശ്ചയിക്കാതെ യഥാർത്ഥ വസ്തുത കണ്ടെത്തുന്നതായിരിക്കണം അന്വേഷണം എന്നാണു സുപ്രീം കോടതി ആവർത്തിച്ചു വ്യക്തമാക്കിയിട്ടുള്ളത്. കേസന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ച ശേഷം വിചാരണ നടക്കുന്നുണ്ടെങ്കിൽ ആ സമയത്തു മാത്രമേ പബ്ലിക് പ്രോസിക്യൂട്ടർക്കു അധികാരമുള്ളൂ എന്നു ഹൈക്കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 2017 മാർച്ച് 27-ലെ ഹൈക്കോടതി വിധിയിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. സരള-വേലുക്കേസിലെ സുപ്രീം കോടതി വിധിയും ഇതിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതു അറിയാൻ വയ്യാത്ത ആളല്ല സതീശൻ. എന്നിട്ടും അദ്ദേഹം ഇതിനു തുനിഞ്ഞത് എന്തുകൊണ്ട്? അതാണ് അറിയേണ്ട വസ്തുത – ജോസഫ് എം പുതുശ്ശേരി പറയുന്നു.

പാലാ നിയോജക മണ്ഡലത്തിൽ തന്നെയുള്ള മാണി സാറിന്റെ നിതാന്ത ശത്രുവായ ഒരു ഉന്നത നേതാവുമായി അദ്ദേഹത്തിനുള്ള ‘ബന്ധുത്വം’ യാദൃശ്ചികമാണോ? ഇക്കാര്യം ആരെങ്കിലും സംശയിച്ചാൽ ഈ സാഹചര്യത്തിൽ അവരെ കുറ്റപ്പെടുത്താനാവുമോ? സിഡി കൃത്രമമാണെന്നു പരിശോധനാ റിപ്പോർട്ട് വന്നിട്ടും വീണ്ടും ശബ്ദ സാമ്പിള്‍ പരിശോധിക്കണമെന്നാണു ഇന്നലെ അദ്ദേഹം പറഞ്ഞത്.
രൂപേഷും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള കേസിൽ പഞ്ചാബിലെ ഹിസാർ ജില്ലാ കോടതി ശബ്ദപരിശോധനയ്ക്കു ഉത്തരവിട്ടു.

അപ്പീലിൽ പഞ്ചാബ് & ഹരിയാന ഹൈക്കോടതി അതു ശരിവെച്ചു. എന്നാൽ 2017 ജുൺ 21-നു സ്പെഷ്യല്‍ ലീവ് ടു ക്രിമിനല്‍ കേസ് No: 4571 ഓഫ് 2017 എന്ന ഉത്തരവിലൂടെ സുപ്രീം കോടതി അതു സ്റ്റേ ചെയ്തു. നിയമത്തിൽ ഇതിനു വകുപ്പില്ല എന്നാണ് സുപ്രീം കോടതി നിരീക്ഷിച്ചത്. അതിനു ശേഷം ഇങ്ങനെയൊന്നു നടക്കുന്നതേയില്ല. ഇതും അറിയാത്ത ആളാണോ സതീശൻ! നടക്കാത്ത കാര്യം പറഞ്ഞു കേസ് നീട്ടണം. ബന്ധപ്പെട്ടവരെ സംശയത്തിന്റെ നിഴലിൽ നിർത്തണം. ഇതാണു കൗശലം – പുതുശ്ശേരി പറയുന്നു.

ഇനി ഇദ്ദേഹത്തിന്റെ പ്രാഗൽഭ്യം കൂടി അറിയണമല്ലോ. 2007ൽ ഹൈക്കോടതിയിൽ സിബിഐ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആയിരുന്നു. പ്രമാദമായ ഒരു കേസിൽ ഗുരുതരമായ വീഴ്ച വരുത്തിയെന്ന പരാതിയെ തുടർന്നുള്ള അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ അന്നത്തെ സിബിഐ ഡയറക്ടർ വിജയ് ശങ്കർ അടിയന്തിരമായി അദ്ദേഹത്തെ തൽസ്ഥാനത്തു നിന്നു നീക്കം ചെയ്തു.

കിളിരൂർ – കവിയൂർ കേസുകളിൽ സിബിഐ അഭിഭാഷകനായിരുന്ന അദ്ദേഹം പ്രതികളെ രക്ഷിക്കാൻ നടത്തിയ വാദം കോടതിയുടെ രൂക്ഷ വിമർശനത്തിനിടയാക്കി. കവിയൂർ കേസിലെ അനഘയെ പീഡിപ്പിച്ചതു പിതാവ് നാരായണൻ നമ്പൂതിരിയാണന്ന വിചിത്ര വാദവും ഇദ്ദേഹത്തിന്റെ വകയായിരുന്നു.

ഇവിടെയും നിയമവും കോടതി വിധികളും അതിലംഘിച്ചു നടത്തിയ പ്രസ്താവനയും ആ പട്ടികയിൽ സ്ഥാനം പിടിക്കും.
ഈ നിയമ ലംഘനത്തിനെതിരെ നടപടി വേണം. സർക്കാർ അതിൽ വരുത്തിക്കൂടാ – ഫെയ്സ് ബുക്ക്‌ കുറിപ്പില്‍ പുതുശ്ശേരി പറയുന്നു.