ചടയമംഗലത്ത് പ്രവാസി വര്‍ക്ക്‌ഷോപ്പ് തുടങ്ങാനിരുന്ന സ്ഥലത്ത് സിപിഎം കൊടികുത്തി

0
57

കൊല്ലം: ചടയമംഗലത്ത് പ്രവാസി വര്‍ക്ക്‌ഷോപ്പ് തുടങ്ങാനിരുന്ന സ്ഥലത്ത് സിപിഎം കൊടികുത്തി. എം.സി റോഡിന്റെ ഓരത്ത് മുരുക്കുമണ്‍ ജങ്ഷനില്‍ വര്‍ക്ക്‌ഷോപ്പ് തുടങ്ങാനിരുന്ന സ്ഥലത്താണ് കൊടികുത്തിയിരിക്കുന്നത്. ഇതേത്തുടര്‍ന്ന് വര്‍ക്ക്‌ഷോപ്പിനായി തറ നിരപ്പാക്കുന്നത് തടസ്സപ്പെട്ടു.

മുരുക്കുമണ്‍ മുരളി വിലാസത്തില്‍ പാര്‍ത്ഥിപന്‍ ഉണ്ണിത്താന്റെ സ്ഥലത്താണ് കൊടികുത്തിയത്. ഏറെനാള്‍ വിദേശത്തായിരുന്ന ഉണ്ണിത്താന്‍ രണ്ടു വര്‍ഷം മുമ്പാണ് മടങ്ങിയെത്തിയത്. തിരികെ എത്തിയശേഷം ആയൂരില്‍ വര്‍ക്ക്‌ഷോപ്പ് നടത്തുകയായിരുന്ന അദ്ദേഹം മകളുടെ വിവാഹത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക വിഷമത്തെ തുടര്‍ന്ന് വര്‍ക്ക്‌ഷോപ്പ് വിറ്റു. തുടര്‍ന്ന് മുരുക്കുമണില്‍ റോഡിന് സമീപമുള്ള വയലിനോട് ചേര്‍ന്നുളള കെട്ടിടത്തില്‍ വര്‍ക്ക്‌ഷോപ്പ് തുടങ്ങാന്‍ പദ്ധതിയിട്ടു. ഇതിനായി തറ നിരപ്പാക്കുന്നതിന് മണ്ണ് ഇറക്കിയതോടെയാണ് സി.പി.എം പ്രാദേശിക നേതൃത്വം സ്ഥലത്ത് കൊടികുത്തിയത്.

സി.പി.എമ്മിന്റെ സമരം അനിശ്ചിതമായി നീണ്ടതോടെ വര്‍ക്ക്‌ഷോപ്പിന്റെ പ്രവര്‍ത്തനവും പ്രതിസന്ധിയിലായി. രണ്ടു ലോഡ് മണ്ണ് മാത്രമാണ് ഇറക്കിയതെന്നും ഒരു മുറി കടയുടെ ഭാഗത്ത് മണ്ണിട്ടതിനാണ് കൊടിനാട്ടിയതെന്നും പാര്‍ത്ഥിപന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

അതേസമയം, സി.പി.എമ്മിന്റെ ലോക്കല്‍ നേതൃത്വം ഇങ്ങനെയൊരു സംഭവം അറിഞ്ഞിട്ടില്ലെന്ന് നിലമേല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ആര്‍.പ്രസന്നകുമാര്‍ പറഞ്ഞു. വര്‍ക്ക്‌ഷോപ്പ് നടത്തുന്നതിന് പാര്‍ട്ടി എതിരല്ല. മുരുക്കുമണ്‍ പ്രദേശത്ത് വയല്‍ നികത്തലിനെതിരെ പൊതുജനവികാരമുണ്ടെന്നും അതുകൊണ്ടായിരിക്കാം പ്രാദേശിക നേതൃത്വം ഇങ്ങനെയൊരു നിലപാട് എടുത്തതെന്നും ലോക്കല്‍ കമ്മിറ്റി പറഞ്ഞു.