തെലുങ്ക് ദേശം പാര്‍ട്ടി ഈ ആഴ്ച തന്നെ എന്‍ഡിഎ വിട്ടേക്കും

0
69

ഹൈദരാബാദ്: ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കെ ആന്ധ്ര രാഷ്ട്രീയം അടിമുടി മാറുന്നു. എന്‍ഡിഎ സഖ്യത്തിലെ പ്രധാനകക്ഷിയായ തെലുങ്ക് ദേശം പാര്‍ട്ടി (ടിഡിപി) മുന്നണി വിടുമെന്ന് ഉറപ്പായി. ഈയാഴ്ച തന്നെ എന്‍ഡിഎ വിടുമെന്ന പ്രഖ്യാപനം നടത്തുമെന്ന് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

കേന്ദ്ര ബജറ്റില്‍ ആന്ധ്രയ്ക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന ടിഡിപിയുടെ ആവശ്യം അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് അവര്‍ മുന്നണി വിടുന്നത്. പാര്‍ട്ടിയുടെ കേന്ദ്രമന്ത്രിമാരായ അശോക് ഗജപതിരാജുവും വൈ.എസ്.ചൗധരിയും ശനിയാഴ്ച രാജിവെക്കുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ടിഡിപി എന്‍ഡിഎയില്‍ ചേര്‍ന്നത്.

പാര്‍ലമെന്റില്‍ ടിഡിപി എംപിമാര്‍ പ്രത്യേക പാക്കേജ് ആവശ്യം ഉന്നയിച്ച് പ്രതിഷേധം നടത്തിവരികയാണ്. ഇന്നലെ എംപിമാരുടെ പ്രതിഷേധത്തിന് ഐകദാര്‍ഢ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പങ്കുചേര്‍ന്നിരുന്നു. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ആന്ധ്രയ്ക്ക് പ്രത്യേക പാക്കേജ് നടപ്പാക്കുമെന്നും അധികാരത്തിലെത്തിയാല്‍ കൈക്കൊള്ളുന്ന ആദ്യ തീരുമാനവും ഇതായിരിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കുകയുണ്ടായി.