നിയമസഭയില്‍ ഗ്രനേഡ് ഉയര്‍ത്തിക്കാട്ടി മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

0
51

തിരുവനന്തപുരം: മുന്‍ ആഭ്യന്തരമന്ത്രിയും എംഎല്‍എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ ഗ്രനേഡ് ഉയര്‍ത്തിക്കാട്ടി. കേരളത്തില്‍ പൊലീസ് രാജ് നിലനില്‍ക്കുന്നുവെന്ന ആരോപണമുയര്‍ത്തിയാണ് തിരുവഞ്ചൂര്‍ ഗ്രനേഡ് ഉയര്‍ത്തിക്കാട്ടിയത്. തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് പ്രയോഗിച്ച ഗ്രനേഡാണ് തിരുവഞ്ചൂര്‍ സഭയില്‍ കൊണ്ടുവന്നത്.

ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട ധനാഭ്യര്‍ഥന ചര്‍ച്ച നടക്കുമ്പോഴായിരുന്നു സംഭവം. ആഭ്യന്തര വകുപ്പിനും കേരള പൊലീസിനുമെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് തിരുവഞ്ചൂര്‍ ഉയര്‍ത്തിയത്. കേരളത്തില്‍ പൊലീസ് രാജാണ് നിലനില്‍ക്കുന്നതെന്നും ജനകീയ സമരങ്ങളെ അതിക്രൂരമായാണ് പൊലീസ് അടിച്ചമര്‍ത്തുന്നതെന്നും തിരുവഞ്ചൂര്‍ ചൂണ്ടിക്കാട്ടി. ഇതിനു പിന്നാലെയാണ് അദ്ദേഹം കവറില്‍ സൂക്ഷിച്ചിരുന്ന ഗ്രനേഡ് സഭയില്‍ ഉയര്‍ത്തിക്കാട്ടിയത്.

തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് സമരത്തിനെതിരെ പൊലീസ് പ്രയോഗിച്ച ഗ്രനേഡാണ് തിരുവഞ്ചൂര്‍ കൊണ്ടുവന്നത്. ഈ ഗ്രനേഡ് കാലഹരണപ്പെട്ടതാണെന്ന് തിരുവഞ്ചൂര്‍ ആരോപിച്ചു. ഇത്തരത്തിലുള്ള ഗ്രനേഡുകളാണ് പൊലീസ് ഉപയോഗിക്കുന്നതെന്നും ഇത് ഗുരുതരമായ ഭവിഷ്യത്തുകള്‍ക്കു കാരണമാകുമെന്നും അദ്ദേഹം സഭയില്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ ഇതേത്തുടര്‍ന്ന് ക്രമപ്രശ്‌നം ഉന്നയിച്ച് ഭരണകക്ഷി എംഎല്‍എ എസ്.ശര്‍മ എഴുന്നേറ്റു. തിരുവഞ്ചൂരിനെപ്പോലുള്ള ഒരു മുതിര്‍ന്ന അംഗം ഇത്തരത്തിലൊരു മാരകായുധവുമായി സഭയില്‍ വരാന്‍ പാടില്ലായിരുന്നുവെന്ന് അദ്ദേഹം ക്രമപ്രശ്‌നം ഉന്നയിച്ചു. തുടര്‍ന്ന് ഇക്കാര്യം ഗൗരവത്തോടെ പരിശോധിക്കാമെന്ന് സ്പീക്കര്‍ ഉറപ്പുനല്‍കുകയും ചെയ്തു.

ഇതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രശ്‌നത്തില്‍ ഇടപെട്ടു. സ്‌ഫോടകശേഷിയുള്ള ഗ്രനേഡാണ് തിരുവഞ്ചൂര്‍ കൊണ്ടുവന്നതെങ്കില്‍ പ്രശ്‌നം ഗുരുതരമാണെന്ന് അദ്ദേഹം വ്യക്തമാക്കി. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു ഗ്രനേഡ് കൈമാറാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. തിരുവഞ്ചൂര്‍ ഈ നിര്‍ദ്ദേശത്തിനു വഴങ്ങിയതോടെ പ്രശ്‌നം അവസാനിക്കുകയായിരുന്നു.