പ്രവീണ്‍ തൊഗാഡിയയുടെ വാഹനത്തിന് പിന്നില്‍ ട്രക്ക് ഇടിച്ചു; അപകടത്തില്‍ ദുരൂഹത

0
52

സൂറത്ത്: വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) തലവന്‍ പ്രവീണ്‍ തൊഗാഡിയയുടെ വാഹനത്തിന് പിന്നില്‍ ട്രക്ക് ഇടിച്ചു. സൂറത്തിലെ കാംരേജില്‍ വെച്ചായിരുന്നു അപകടം. സൂറത്തില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനായി പോകുന്ന വഴിയായിരുന്നു അപകടം. പ്രവീണ്‍ തൊഗാഡിയ പരുക്കേല്‍ക്കാതെ രക്ഷപെട്ടു. ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും ട്രക്ക് കസ്റ്റഡിയിലെടുക്കുകയും ചെയ്തതായി സൂറത്ത് റൂറല്‍ എസ്പി എം.കെ നായിക് പറഞ്ഞു.

എസ് യു വി ബുള്ളറ്റ് പ്രൂഫ് ആയിരുന്നില്ലെങ്കില്‍ താന്‍ കൊല്ലപ്പെട്ടേനെയെന്ന് പ്രവീണ്‍ തൊഗാഡിയെ പ്രതികരിച്ചു. തനിക്ക് സെഡ് പ്ലസ് സുരക്ഷ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പലപ്പോഴും വീഴ്ച വരുത്തുന്നുണ്ടെന്നും തൊഗാഡിയ ആരോപിച്ചു. സെഡ് പ്ലസ് സുരക്ഷയുടെ അടിസ്ഥാനത്തില്‍ തന്റെ വാഹനത്തിന് പൈലറ്റ് പോകാന്‍ മറ്റൊരു വാഹനവും ആംബുലന്‍സും  നല്‍കിയിരുന്നു. ഇതാദ്യമായാണ് പൊലീസ് വാഹനങ്ങളുടെ അകമ്പടിയില്ലാതെ താന്‍ പോകുന്നത്. ഗാന്ധിനഗര്‍ പൊലീസിന്റെ നിര്‍ദേശമനുസരിച്ച് തനിക്ക് എസ്‌കോര്‍ട്ട് അനുവദിച്ചിരുന്നില്ലെന്നും തൊഗാഡിയ പറഞ്ഞു.

തന്റെ വാഹനത്തെ ഇടിച്ചതിനുശേഷം ട്രക്ക് ഡിവൈഡറിലും ഇടിച്ചു. എന്നിട്ടും ബ്രേക്ക് ഉപയോഗിക്കാന്‍ ഡ്രൈവര്‍ തയാറായില്ലെന്നും ഈ സാഹചര്യത്തില്‍ തന്റെ വാഹനം അപകടത്തില്‍പ്പെട്ടതും ബ്രേക്ക് അമര്‍ത്താതിരുന്നതും ആശങ്കയുണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.