ബിജെപി നേതാവിന്റെ ആഹ്വാനത്തിന് പിറകെ തമിഴ്‌നാട്ടില്‍ പെരിയാര്‍ പ്രതിമ തകര്‍ത്തു

0
73


ചെന്നൈ: ബിജെപി ദേശീയ സെക്രട്ടറി എച്ച്.രാജ ഫെയ്‌സ് ബുക്ക് പോസ്റ്റിട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ തമിഴ്‌നാട്ടില്‍ പെരിയാര്‍(ഇ.വി.രാമസ്വാമി) പ്രതിമ തകര്‍ത്തു. വെല്ലൂര്‍ തിരുപ്പത്തൂര്‍ കോര്‍പ്പറേഷന്‍ ഓഫീസിലെ പെരിയാര്‍ പ്രതിമയാണ് ഇന്നലെ രാത്രി തകര്‍ത്തത്. പ്രതിമയുടെ മൂക്കും കണ്ണടയും തകര്‍ന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ അറസ്റ്റിലായി. ഒരാള്‍ ബിജെപിക്കാരനും മറ്റെയാള്‍ സിപിഐക്കാരനുമാണ്. രണ്ടുപേരും മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

ചൊവ്വാഴ്ച രാവിലെയാണ് എച്ച്.രാജയുടെ വിവാദ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ‘ആരാണ് ലെനിന്‍? എന്താണ് അദ്ദേഹത്തിന് ഇന്ത്യയുമായുള്ള ബന്ധം? എന്താണ് ഇവിടുത്തെ കമ്യൂണിസ്റ്റുകാരുമായുള്ള ബന്ധം? ത്രിപുരയില്‍ ലെനിന്റെ പ്രതിമയാണു തകര്‍ത്തത്. നാളെ, തമിഴ്‌നാട്ടില്‍ അത് പെരിയാറിന്റേതായിരിക്കും’- രാജ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു.

രാജയ്ക്കു മുന്‍പു യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.ജി.സൂര്യയും കഴിഞ്ഞദിവസം സമാന ആഹ്വാനവുമായി രംഗത്തെത്തിയിരുന്നു. ‘ത്രിപുരയില്‍ വിജയകരമായി ലെനിനെ താഴെയിറക്കി. അടുത്ത ലക്ഷ്യം തമിഴ്‌നാട്ടില്‍ ഇ.വി.രാമസ്വാമിയുടെ പ്രതിമകളാണ് ‘ എന്നായിരുന്നു സൂര്യ ട്വീറ്റ് ചെയ്തത്.
ബ്രാഹ്മണ്യത്തിനെതിരെയും അനാചരങ്ങള്‍ക്കെതിരെയും ശക്തമായി പോരാടിയ സാമൂഹിക പരിഷ്‌കര്‍ത്താവ് ആയിരുന്നു ഇ.വി.രാമസാമി.