വനിതാ ദിനത്തില്‍ ഇന്ത്യന്‍ സ്ത്രീകളുടെ വിജയഗാഥകള്‍ പങ്ക്‌വെച്ച് ഗൂഗിള്‍ ഇന്ത്യയുടെ ഹാഷ് ടാഗ് ക്യാംപെയ്ന്‍

0
121

അന്താരാഷ്ട്ര വനിതാ ദിനത്തിന് മുന്നോടിയായി ഗൂഗിള്‍ ഇന്ത്യയുടെ ‘ഹെര്‍ സ്റ്റോറി അവര്‍ സ്‌റ്റോറി’ ഹാഷ് ടാഗ് ക്യാംപെയ്ന്‍. സ്ത്രീകള്‍ അവരുടെ വിജയഗാഥകള്‍, അനുഭവങ്ങള്‍, തിരിച്ചടികള്‍, പ്രത്യാശകള്‍ എല്ലാം പങ്കുവെക്കാനുള്ള ഒരു വേദിയാണ് ഗൂഗിള്‍ ഇന്ത്യ ക്യാംപെയ്‌നിലൂടെ നല്‍കുന്നത്.

ഓണ്‍ലൈന്‍ വീഡിയോകളിലൂടെ തന്റെ സ്വപ്‌നങ്ങള്‍ നേടാനായി സാമൂഹിക സാമ്പത്തിക സാംസ്‌കാരിക പ്രതിബന്ധങ്ങള്‍ക്കെതിരെ പോരാടിയവരെ കുറിച്ച് മാത്രമല്ല, സാങ്കേതികവിദ്യയിലൂടെ സമൂഹത്തിലും ബിസിനസ്സിലും സ്ത്രീകള്‍ക്കുണ്ടായ പങ്ക് കൂടി ഗൂഗിള്‍ ഇന്ത്യ പുനര്‍നിര്‍വചിക്കുന്നു.

ഇന്ത്യയിലെ സ്ത്രീകളുടെ വളര്‍ച്ച മുരടിപ്പിക്കുന്നത് സമാന അനുഭവസ്ഥരുടെ, മാതൃകകളുടെ അഭാവമാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

‘ഇന്ത്യന്‍ സ്ത്രീകളുടെ ശാക്തീകരണം ഏവരുടെയും കടമയാണ്. അതിന് ആവശ്യമായ സഹായങ്ങളും പരിശീലനവും നല്‍കി അവരെ വിജയത്തിലേക്ക് എത്തിക്കണം.’ ഗൂഗിള്‍ ഇന്ത്യയുടെ മാര്‍ക്കറ്റിങ് ഡയറക്ടര്‍ സപ്‌ന ചദ അഭിപ്രായപ്പെട്ടു.

‘സ്വന്തം ജീവിതത്തെയും സമൂഹത്തെയും മാറ്റിമറിക്കുന്ന സ്ത്രീകളുടെ അനുഭവകഥകള്‍ ഈ അന്താരാഷ്ട്ര വനിത ദിനത്തില്‍ മുന്നോട്ട് കൊണ്ട് വരാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. എല്ലാ മേഖലയിലുമുള്ള സ്ത്രീകളുടെ വിജയങ്ങള്‍ ആഘോഷിക്കപ്പെടണം. അവര്‍ക്ക് മറ്റ് സ്ത്രീകളെ അവരുടെ സ്വപ്‌നങ്ങളെ പിന്തുടരാന്‍ സഹായിക്കും.’ സപ്‌ന കൂട്ടിച്ചേര്‍ത്തു.

പ്രതിബന്ധങ്ങളെ തരണം ചെയ്ത് വിജയം കൈവരിച്ച ഇന്ത്യയിലെ സ്ത്രീകള്‍ക്ക് അവരുടെ അനുഭവം ഹെര്‍ സ്റ്റോറി അവര്‍ സ്‌റ്റോറി എന്ന ഹാഷ് ടാഗില്‍ നല്‍കാവുന്നതാണ്.