വിവാദ ഭൂമി ഇടപാട്; കേസ് നടത്തിപ്പിന് മൂന്നംഗ മെത്രാന്‍ സമിതിക്ക് രൂപം നല്‍കി

0
67

കൊച്ചി: അങ്കമാലി അതിരൂപതയുടെ വിവാദ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസ് നടത്തിപ്പിന് പ്രത്യേക സമിതിയ്ക്ക് രൂപം നല്‍കി സഭാ സിനഡ്. ഇതുവരെ നടന്ന കേസ് നടത്തിപ്പില്‍ വീഴ്ച പറ്റിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക സമിതി രൂപീകരണം. കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ മാത്യു അറയ്ക്കലിന്റെ നേതൃത്വത്തില്‍ നിലവില്‍ വന്ന പുതിയ സമിതിയാവും ഇനി കേസ് നടത്തിപ്പിന് മേല്‍നോട്ടം വഹിക്കുക.

സിറോ മലബാര്‍ സഭ അങ്കമാലി അതിരൂപതയുടെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. വിഷയം ഹൈക്കോടതിയില്‍ കൈകാര്യം ചെയ്യുന്നതില്‍ അതിരൂപത വരുത്തിയ വീഴ്ചയാണ് ഉത്തരവിലേക്ക് നയിച്ചതെന്ന വിലയിരുത്തലാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന സിനഡ് യോഗത്തില്‍ ഉയര്‍ന്നത്. ഈ സാഹചര്യത്തിലാണ് കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍, മാര്‍ ജേക്കബ് മനന്തോട്ടത്ത്, മാര്‍ മാത്യു മൂലക്കാട്ട് എന്നിവരെ ഉള്‍പ്പെടുത്തി കേസ് നടത്തിപ്പിന് പ്രത്യേക സിനഡ് സമിതി രൂപീകരിച്ചത്.

കേസിനായി അഭിഭാഷകരെ നിയമിക്കുന്നതടക്കം മുഴുവന്‍ കാര്യങ്ങളിലും തീരുമാനമെടുക്കുക ഈ സമിതിയാകും. അതേസമയം, ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ച ശേഷമേ ഭൂമി ഇടപാടിനെ പറ്റി എഫ്‌ഐആര്‍ ചുമത്തുകയുള്ളൂവെന്ന് എറണാകുളം സെന്‍ട്രല്‍ പൊലീസ് അറിയിച്ചു. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയടക്കം നാല് പേര്‍ക്കെതിരെ കേസ് ചുമത്താനാണ് പൊലീസ് തീരുമാനം. ഇതിനിടെ, ഭൂമി ഇടപാടുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ വൈദിക സമിതി യോഗം കൊച്ചിയില്‍ ചേര്‍ന്നു.