ഷുഹൈബ്‌ വധക്കേസില്‍ സിബിഐയെ പരിചയാക്കാന്‍ കോണ്‍ഗ്രസ്; സിബിഐ അന്വേഷണം പ്രഖ്യാപിക്കും വരെ നിയമപോരാട്ടം

0
69

എം.മനോജ്‌ കുമാര്‍ 

തിരുവനന്തപുരം: ഷുഹൈബ്‌ വധക്കേസില്‍ ഇന്നത്തെ ഹൈക്കോടതി തീരുമാനത്തില്‍ കണ്ണും നട്ട് കോണ്‍ഗ്രസ് നേതൃത്വം. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹര്‍ജി ഇന്ന്‌ ഹൈക്കോടതി പരിഗണിക്കാനിരിക്കുകയാണ്.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഷുഹൈബിന്റെ മാതാപിതാക്കളാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇന്നലെ ഈ ഹര്‍ജി ഹൈക്കോടതി പരിഗണിക്കേണ്ടതായിരുന്നു. പക്ഷെ സീറോ മലബാര്‍ സഭാ ഭൂമി വിവാദക്കേസ് നീണ്ടുപോയതിനാല്‍ ഈ ഹര്‍ജി ഇന്നത്തേയ്ക്ക്‌ മാറ്റുകയായിരുന്നു.

ഹര്‍ജിയില്‍ ഒരാഴ്ചയ്ക്കകം തീരുമാനം അറിയിക്കാമെന്ന് സിബിഐ അറിയിച്ചിട്ടുണ്ട്. സര്‍ക്കാരിന്റേയും സിബിഐയുടെയും വിശദീകരണത്തിനായാണ് കേസ് ഇന്നത്തേയ്ക്ക്‌ മാറ്റിയത്. കേസില്‍ ആയുധം കണ്ടെടുക്കാത്തതിന്‌ ഹൈക്കോടതി പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അന്വേഷണ വിവരങ്ങള്‍ ചോരുന്നുണ്ടെന്ന പരാമര്‍ശം ഗുരുതരമാണെന്നും പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് ഹൈക്കോടതി പറഞ്ഞിരുന്നു.

ഹൈക്കോടതി തീരുമാനം അറിഞ്ഞ ശേഷമായിരിക്കും ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഭാവികാര്യങ്ങള്‍ തീരുമാനിക്കുക. നാളെ ചേരുന്ന കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതിയില്‍ ഷുഹൈബ്‌ വധം ചര്‍ച്ചയാകും. കേസില്‍ ആദ്യം സിബിഐ അന്വേഷണത്തിനു സന്നദ്ധത പ്രഖ്യാപിച്ച സര്‍ക്കാര്‍ കണ്ണൂര്‍ സിപിഎമ്മില്‍ നിന്നുള്ള സമ്മര്‍ദ്ദം കാരണം പിന്‍വാങ്ങുകയായിരുന്നു.

യഥാര്‍ത്ഥ പ്രതികളെയും കൊലയ്ക്ക് സഹായം ചെയ്ത സിപിഎമ്മുകാരെയും പൊലീസ് പിടികൂടി തുടങ്ങിയതോടെ അന്വേഷണം ശരിയായ ദിശയില്‍ എന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു സര്‍ക്കാര്‍. കേസില്‍ സിബിഐ അന്വേഷണമില്ലെന്നു ഇന്നും നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിട്ടുണ്ട്. കേസില്‍ സിബിഐ അന്വേഷണം ഇപ്പോള്‍ ആവശ്യമില്ലെന്നാണ് സഭയില്‍ മുഖ്യമന്ത്രിഅറിയിച്ചത്.

പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. കൂടുതല്‍ പ്രതികളെ അറസ്റ്റ് ചെയ്യാനുണ്ടെങ്കില്‍ അതുമായി മുന്നോട്ടുപോകും. പ്രതികളുടെ മേല്‍ യുഎപിഎ ചുമത്താന്‍ തെളിവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ഈ വാദത്തെയാണ്‌ കോണ്‍ഗ്രസ് എതിര്‍ക്കുന്നത്.

കേസില്‍ യുഎപിഎ ചുമത്തണം എന്ന വാദത്തില്‍ കോണ്‍ഗ്രസ് ഉറച്ചു നില്‍ക്കുന്നു. ഗൂഢാലോചനയെക്കുറിച്ച് സി ബി ഐ അന്വേഷിച്ചാല്‍ അത് സിപിഎമ്മിന്റെ കണ്ണൂര്‍ ജില്ലാ നേതൃത്വത്തെ വെട്ടിലാക്കും എന്ന ബോധ്യമാണ് കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം വേണ്ട എന്ന നിലപാടിലേയ്ക്ക് സര്‍ക്കാര്‍ നീങ്ങാന്‍ കാരണം. പ്രത്യേകിച്ചും പി.ജയരാജന്‍ കുടുങ്ങും. ഇത് തന്നെയാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഒളിച്ചുകളിയ്ക്ക് കാരണം – കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതി അംഗമായ കെ.സുധാകരന്‍ 24 കേരളയോട് പറഞ്ഞു.

ഈ കേസില്‍ ഹൈക്കോടതി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചാണ് സംസാരിച്ചത്. ഞങ്ങള്‍ ഹൈക്കോടതി വിധി കാക്കുകയാണ്, ഭാവി പരിപാടികള്‍ ആലോചിക്കാന്‍. നിയമ നടപടികള്‍ ശക്തമാക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. ഈ സര്‍ക്കാരിനെക്കൊണ്ട് കേസില്‍ സിബിഐ അന്വേഷണം എന്ന ഉത്തരവ്‌ കോണ്‍ഗ്രസ് ഇറക്കിപ്പിക്കും. സിബിഐ അന്വേഷണത്തില്‍ നിന്ന്‌ ഒഴിഞ്ഞുമാറി സഞ്ചരിക്കാന്‍ സര്‍ക്കാരിനെ ഞങ്ങള്‍ അനുവദിക്കില്ല. സര്‍ക്കാരിനെ അങ്ങിനെ വിടാന്‍ കോണ്‍ഗ്രസ് തയ്യാറല്ല. കുത്താന്‍ വരുന്ന പോത്തിനോട് വേദം ഓതേണ്ട കാര്യമില്ല. അതുകൊണ്ട് ഒരു പ്രക്ഷോഭത്തിനേക്കാള്‍ നല്ലത് നിയമ വഴിയാണ് – സുധാകരന്‍ പറഞ്ഞു.

ഈ കേസ് അങ്ങിനെ തള്ളാന്‍ കണ്ണൂര്‍ ഡിസിസി നേതൃത്വവും തയ്യാറല്ല. കേസുമായി
ബന്ധപ്പെട്ട്‌ നടക്കുന്ന സംഭവ വികാസങ്ങളില്‍ എല്ലാം ശ്രദ്ധിച്ചു കൊണ്ടാണ് കണ്ണൂര്‍ ഡിസിസി മുന്നോട്ട് നീങ്ങുന്നത് – കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി 24 കേരളയോട് പറഞ്ഞു. കേസില്‍ സിബിഐ അന്വേഷണം തന്നെ വേണം. സിപിഎം ജില്ലാ നേതൃത്വത്തിനു പങ്കുള്ള കേസാണിത് – പാച്ചേനി പറഞ്ഞു.

പ്രതികളെ പിടികൂടിയത് കൊണ്ട് മാത്രം കാര്യമില്ല. ഗൂഢാലോചന തെളിയണം. അതിനു സിബിഐ അന്വേഷണം വേണം. കേസില്‍ ശ്രദ്ധിക്കേണ്ട ഒരു വസ്തുതയുണ്ട്. എല്ലാ തെളിവുകളും ഇല്ലാതാക്കിയാണ് പൊലീസ് തുടക്കം മുതല്‍ നീങ്ങിയത്.

തെളിവുകള്‍ നശിപ്പിച്ച ശേഷമാണ് പ്രതികളെ പിടിച്ചത്. ആയുധം കണ്ടെടുക്കാന്‍ എന്തുകൊണ്ട് പൊലീസിനു കഴിഞ്ഞില്ല? വാഹനം പിടിച്ചെടുക്കാന്‍ പൊലീസ് എന്തുകൊണ്ട് വൈകി? ഹൈക്കോടതിയില്‍ നിന്ന് രൂക്ഷവിമര്‍ശനമുണ്ടായ ശേഷമാണ്‌ ആയുധം കണ്ടെടുത്തത്. പ്രതികളെ പിടികൂടുമ്പോള്‍ തന്നെ പ്രതികളെ രക്ഷപ്പെടുത്താനുള്ള അരങ്ങും ഒരുങ്ങിയിട്ടുണ്ട്.

ആദ്യം പൊലീസ് പ്രതികളെ പിടിച്ചില്ല. പിന്നെ സിബിഐ അന്വേഷണത്തിലേക്ക് പോകാതിരിക്കാന്‍ പ്രതികളെ പിടിച്ചു. പക്ഷെ തെളിവുകള്‍ എല്ലാം നശിപ്പിക്കപ്പെട്ട അവസ്ഥയിലാണ്. ഇത് പൊലീസിന്റെ സൃഷ്ടിയാണ്. പ്രതിയെ പിടിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ആയുധം കണ്ടെടുക്കാന്‍ കഴിയും. ഇവിടെ പൊലീസ് അതിനു ശ്രമിച്ചില്ല. രണ്ടു ദിവസം മുന്‍പാണ് ആയുധം പിടിച്ചത് – പാച്ചേനി ചൂണ്ടിക്കാട്ടി.

കേസില്‍ വ്യക്തമായ ഗൂഢാലോചന മനസിലാക്കിയാണ് ആദ്യം സി ബി ഐ അന്വേഷണത്തിന് സന്നദ്ധത പ്രകടിപ്പിച്ച സര്‍ക്കാര്‍ പിന്നീട് സിബിഐ അന്വേഷണം ആവശ്യമില്ല എന്ന നിലപാടിലേയ്ക്ക്‌ എത്തിയത്. പൊലീസ് അന്വേഷണം സിപിഎം ജില്ലാ നേതൃത്വത്തിലേയ്ക്ക് നീങ്ങില്ലെന്ന് ഉറപ്പാണ്. അതുകൊണ്ട് സി ബി ഐ അന്വേഷണം തന്നെ വേണം – സതീശന്‍ പാച്ചേനി പറഞ്ഞു.

ഇക്കാര്യത്തില്‍ കണ്ണൂര്‍ ഡിസിസിക്ക് കെപിസിസിയുടെ ഉറച്ച പിന്തുണയുണ്ട്. ഷുഹൈബ്‌ വധം ഒരു രാഷ്ട്രീയ ആയുധമാക്കി സിപിഎമ്മിനെതിരെ ആഞ്ഞടിക്കാനാണ് കെപിസിസി തീരുമാനവും.