ഷുഹൈബ് വധം: അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സിബിഐ

0
53

 

തിരുവനന്തപുരം: ഷുഹൈബ് വധക്കേസില്‍ അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സിബിഐ. ഹൈക്കോടതിയിലാണ് സിബിഐ ഇക്കാര്യം വ്യക്തമാക്കിയത്. കോടതി പറഞ്ഞാല്‍ അന്വേഷണം ഏറ്റെടുക്കുമെന്നും കേസിന്റെ ഇപ്പോഴത്തെ അവസ്ഥയെന്താണെന്ന് അറിയില്ലെന്നും സിബിഐ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

നിലവിലെ അന്വേഷണത്തില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ ഹൈക്കോടതി, കേസുമായി ബന്ധപ്പെട്ട് കേരള പൊലീസ് ഇനി ഒന്നും ചെയ്യേണ്ടെന്നും കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഗൂഢാലോചന പുറത്തുവരാറില്ലെന്നും നിരീക്ഷിച്ചിരുന്നു. കേസിന്റെ അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഷുഹൈബിന്റെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതി പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചത്.

കേസിന്റെ ഇതുവരെയുള്ള അന്വേഷണ പുരോഗതി സര്‍ക്കാരിനു വേണ്ടി സ്റ്റേറ്റ് അറ്റോര്‍ണി കെ.വി.സോഹന്‍ കോടതിയെ അറിയിച്ചു. കേസിലെ പ്രതികളെയെല്ലാം അറസ്റ്റ് ചെയ്‌തെന്നും ഇനി കേസില്‍ മറ്റൊരന്വേഷണത്തിന്റെ ആവശ്യമില്ലെന്നുമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ഷുഹൈബ് വധത്തിനു പിന്നിലുള്ളത് വ്യക്തിവൈരാഗ്യമാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

സര്‍ക്കാരിന്റെ വാദം കേട്ടശേഷം പ്രതികളും ഷുഹൈബും തമ്മില്‍ വ്യക്തിവൈരാഗ്യമുണ്ടെന്ന് ഉറപ്പാണോ എന്ന് കോടതി ചോദിച്ചു. പ്രതികളിലൊരാളായ ബിജുവും ഷുഹൈബും തമ്മില്‍ വൈരാഗ്യമുണ്ടായിരുന്നെന്നും ബിജുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആയുധങ്ങള്‍ കണ്ടെത്തിയിട്ടുള്ളതെന്നും സ്റ്റേറ്റ് അറ്റോര്‍ണി കോടതിയെ അറിയിച്ചു.

കൂടാതെ കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന എന്താണെന്ന് വ്യക്തമായോ എന്ന ചോദ്യത്തിന് വിശദമായി അന്വേഷിക്കുമെന്നായിരുന്നു സര്‍ക്കാര്‍ മറുപടി. ഈ സാഹചര്യത്തിലാണ് കണ്ണൂര്‍ കൊലപാതകങ്ങളിലെ ഗൂഢാലോചനകള്‍ പുറത്തുവന്ന ചരിത്രമുണ്ടോ എന്ന് ജസ്റ്റിസ് കമാല്‍ പാഷ ചോദിച്ചത്. കേസ് കേള്‍ക്കേണ്ട എന്നാണോ സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും കോടതി വിമര്‍ശിച്ചു.