ഷുഹൈബ് വധം: സര്‍ക്കാര്‍ നിലപാട് വ്യക്തമാണെന്ന് മുഖ്യമന്ത്രി

0
50

തിരുവനന്തപുരം: ഷുഹൈബ് വധക്കേസില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹൈക്കോടതിക്ക് ഹൈക്കോടതിയുടേതായ നിലപാടുകള്‍ ഉണ്ടാകും. അതെക്കുറിച്ച് തനിക്കൊന്നും അറിയില്ല. പൊലീസ് അന്വേഷണം കൃത്യമായ വഴിക്ക് തന്നെയാണ് നീങ്ങുന്നതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ഷുഹൈബ് വധക്കേസ് സിബിഐയ്ക്ക് വിട്ട ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

ഷുഹൈബ് വധക്കേസില്‍ യഥാര്‍ത്ഥപ്രതികളെയാണ് പൊലീസ് പിടികൂടിയിരിക്കുന്നത്. സാക്ഷികള്‍ തന്നെ പിടിയിലായിരിക്കുന്നത് യഥാര്‍ത്ഥ പ്രതികളാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഇന്ന് രാവിലെയും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതി കേസ് സിബിഐയ്ക്ക് കൈമാറി ഉത്തരവിട്ടത്. ഷുഹൈബിന്റെ മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിധി.

സിബിഐ തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണച്ചുമതല. കേസ് ഡയറി എത്രയും വേഗം സിബിഐയ്ക്ക് കൈമാറാന്‍ കോടതി പൊലീസിനോട് നിര്‍ദേശിച്ചിട്ടുണ്ട്. കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുവരേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. കേസ് സിബിഐയ്ക്ക് വിടുന്നതിനെ സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തിരുന്നു. ഈ എതിര്‍പ്പ് അവഗണിച്ചാണ് ജസ്റ്റിസ് കമാല്‍ പാഷ കേസന്വേഷണം സിബിഐയ്ക്ക് വിട്ടത്.