ഷുഹൈബ് വധം: സിബിഐയെ കാട്ടി സിപിഎമ്മിനെ വിരട്ടേണ്ടെന്ന് പി.ജയരാജന്‍

0
49

കണ്ണൂര്‍: ഷുഹൈബ് വധക്കേസില്‍ പാര്‍ട്ടിക്ക് ഒന്നും ഒളിച്ചു വയ്ക്കാനില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍. കേസ് സിബിഐ അന്വേഷിക്കട്ടെയെന്നും സിബിഐയെ കാട്ടി സിപിഎമ്മിനെ വിരട്ടണ്ട എന്നാണ് വലതുപക്ഷ മാധ്യമങ്ങളോടും വലതുപക്ഷ രാഷ്ട്രീയ കക്ഷികളോടും തങ്ങള്‍ക്ക് പറയാനുള്ളതെന്നും ജയരാജന്‍ പറഞ്ഞു. ഫിബ്രുവരി 12-ന് കൊലപാതകം നടന്നപ്പോള്‍ തന്നെ തങ്ങള്‍ അതിനെ അപലപിച്ചിട്ടുണ്ട്. പൊലീസ് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്യട്ടേ എന്ന നിലപാടാണ് തങ്ങള്‍ സ്വീകരിച്ചത്. ഇപ്പോള്‍ പ്രതികളെ പിടികൂടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഷുഹൈബ് വധക്കേസ് പൊലീസ് ശരിയായ രീതിയിലാണ് അന്വേഷിച്ചത്. പൊലീസ് പിടിച്ചത് ഡമ്മി പ്രതികളെയാണെന്ന് ആദ്യം പറഞ്ഞത് കോണ്‍ഗ്രസാണ് പിന്നെ അവര്‍ തന്നെ നിലപാട് മാറ്റുകയും ചെയ്തു. ഹര്‍ജി ഹൈക്കോടതിയില്‍ വന്നപ്പോള്‍ സര്‍ക്കാരിന് പറയാനുള്ളതെല്ലാം ഹൈക്കോടതി കേട്ടോ എന്നത് സര്‍ക്കാര്‍ പരിശോധിക്കട്ടേയെന്നും ജയരാജന്‍ പറഞ്ഞു. കോടതി വിധിയില്‍ പാര്‍ട്ടിക്കെതിരെ വിമര്‍ശനങ്ങളൊന്നുമില്ലെന്നും ഉണ്ടെങ്കില്‍ അത് പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ത്രിപുരയില്‍ വലതുപക്ഷ മാധ്യമങ്ങളുടെ പിന്തുണ കൊണ്ടാണ് ഗര്‍ഭിണിയായ സ്ത്രീയെ ആര്‍എസ്എസ് കൊല്ലുന്ന അവസ്ഥയുണ്ടായത്. ആര്‍എസ്എസ് ദേശീയതലത്തില്‍ നടത്തുന്ന ചുവപ്പ് ഭീകരത എന്ന പ്രചാരണം കേരളത്തില്‍ കോണ്‍ഗ്രസ് ഏറ്റെടുത്തിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്തുടനീളം സിപിഎമ്മിനെ വേട്ടയാടുന്നു. ഇപ്പോള്‍ കേരളത്തിലും അതാണ് നടപ്പാക്കുന്നത്. പക്ഷേ സിബിഐയെ കണ്ടൊന്നും തങ്ങള്‍ പേടിക്കുമെന്ന് കരുതേണ്ടെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.