ഷുഹൈബ് വധക്കേസില്‍ കേരള പൊലീസ് ഇനി ഒന്നും ചെയ്യേണ്ടെന്ന് ഹൈക്കോടതി

0
78

എറണാകുളം: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കേസില്‍ കേരള പൊലീസ് ഇനി ഒന്നും ചെയ്യേണ്ടെന്ന് ഹൈക്കോടതി പരാമര്‍ശിച്ചു. കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ശുഹൈബിന്‍റെ മാതാപിതാക്കൾ സമർപ്പിച്ച ഹർജിയിലെ വാദത്തിനിടെയാണ് ജസ്റ്റീസ് ബി.കെമാൽപാഷ സർക്കാരിനെതിരേ രൂക്ഷ പരാമർശങ്ങൾ നടത്തിയത്. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളിൽ ഗൂഢാലോചന പുറത്തുവരാറില്ലെന്ന നിരീക്ഷണവും ഹൈക്കോടതി നടത്തി.

കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ പ്രതികളുടെ സാന്നിധ്യത്തിൽ കണ്ടെടുക്കാൻ പോലീസ് ശ്രമിക്കാതിരുന്നതുതന്നെ സംശയമുണ്ടാക്കുന്നുണ്ടെന്നും കേസിന് പിന്നിലുള്ള എല്ലാവരും കൈകഴുകിയെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കേസ് സിബിഐയ്ക്കു വിടേണ്ടതില്ലെന്ന സർക്കാർ വാദത്തെയും ഹൈക്കോടതി ചോദ്യം ചെയ്തു.

അന്വേഷണം സിബിഐയ്ക്കു വിടാനുള്ള അധികാരം കോടതിക്കുണ്ടെന്നും ജസ്റ്റിസ് കെമാൽപാഷ പറഞ്ഞു. മുൻപും താൻ ചില കേസുകൾ സിബിഐയ്ക്കു കൈമാറിയിട്ടുണ്ട്. അന്നൊന്നും ഇല്ലാത്ത തരത്തിലുള്ള എതിർപ്പാണ് ഈ കേസിൽ സർക്കാർ ഉന്നയിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, കോടതി നിർദ്ദേശിച്ചാൽ ഷുഹൈബ് വധക്കേസ് അന്വേഷണം ഏറ്റെടുക്കാൻ തയാറാണെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു.